മുംബൈയിൽ മലയാളി പെൺകുട്ടിയുടെ അതിജീവന കഥ

മുംബൈയിൽ വഴിയോരക്കച്ചവടം ചെയ്തു ഉപജീവനം തേടുന്ന വിദ്യാസമ്പന്നയായ മലയാളി പെൺകുട്ടിയുടെ കഥ നൊമ്പരപ്പെടുത്തുന്നതാണ്. ഓൺലൈൻ ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം തികയാതെ വന്നതോടെയാണ് അമ്മയോടൊപ്പം തട്ടുകട തുടങ്ങി അതിജീവനത്തിനായി മറുവഴി തേടേണ്ടി വന്നത്.

സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി സമൂഹം ഇവരെ വാഴ്ത്തുമ്പോഴും കുട്ടനാട്ടുകാരിയായ അമ്മയും മകളും നടത്തുന്ന ഈ വഴിയോര കച്ചവടത്തിന് പുറകിൽ നെഞ്ചുരുകുന്നൊരു കഥയുണ്ട്.

മുംബൈ ഉപനഗരമായ താക്കുർളിയിലെ വഴിയോരത്താണ് അതി രാവിലെയെത്തി ഉച്ച വരെ തട്ടുകട നടത്തുന്നത്. പിന്നീട് വീട്ടിലെത്തിയാണ് ഓൺലൈൻ ജോലികൾ ആരംഭിക്കുന്നത്. ചെറു പ്രായത്തിൽ തന്നെ കുടുംബഭാരം തലയിലായതോടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാട് പെടുകയാണ് ഈ മലയാളി പെൺകുട്ടി.

സ്വാദിഷ്ടമായ കേരളീയ വിഭവങ്ങൾ വിളന്പുന്ന തട്ടുകട നടത്തുന്നത് പ്രദേശവാസികളുടെ ഔദാര്യം കൊണ്ടാണെങ്കിലും വഴിയോര കച്ചവടത്തിനായി കിട്ടിയ സ്ഥലത്തിന് മൂവായിരം രൂപയാണ് വാടക .

ഭക്ഷണ സാമഗ്രികൾക്കും ഗ്യാസിനുമായി ചിലവിടുന്ന പണം കഴിച്ചാൽ കൈയ്യിൽ കിട്ടുന്നത് തുച്ഛമായ വരുമാനം. നാല് വയറുകൾക്ക് വിശപ്പടക്കാൻ വീണ്ടും വീട്ടിലെത്തി ഓൺലൈൻ ജോലികൾ ചെയ്തു തീർക്കണം.

ഏക സഹോദരനും ചെറുപ്പത്തിൽ തന്നെ അസുഖം ബാധിച്ചു സംസാര ശേഷിയും കേൾവി ശക്തിയും നഷ്ടമായതോടെ ജോലിയെടുക്കാൻ വയ്യാത്ത അവസ്ഥയിലായി.

അഞ്ചു വർഷം മുൻപാണ് കുടുംബനാഥനായ വൈദ്യനാഥ അയ്യർ തന്റെ അമ്പത്തി മൂന്നാം വയസ്സിൽ കിടപ്പിലായത്. അത് വരെ പൂജകളിൽ സഹായിയായി പോകുമ്പോൾ കിട്ടുന്ന പരസഹായമില്ലാതെ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഈ തിരുനെൽവേലി സ്വദേശി. തറയിൽ തുണി വിരിച്ചാണ് കിടക്കുന്നത്. ദിവസം തോറും വീർത്ത് വരുന്ന വയറും തിരിയാൻ പോലും കഴിയാത്ത അവസ്ഥയിലാക്കി. കിഡ്‌നി സംബന്ധമായ അസുഖത്തിന് ഡയാലിസിസ് വേണമെന്നാണ് ഡോക്ടർ പറയുന്നത്.

ആരുടെ മുന്നിലും കൈ നീട്ടാതെ വീട്ടു വാടകയും ചികിത്സാ ചിലവും കണ്ടെത്താനാണ് വഴിയോരത്ത് കച്ചവടം തുടങ്ങിയത്. പ്രായമായ മകൾക്ക് കൂട്ടിനായി അമ്മയും സഹായത്തിനെത്തിയെങ്കിലും ദുരിതങ്ങൾ ഒഴിയുന്നില്ല.

ഇതിനിടെ കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൌൺ കൂടി വന്നതോടെ ഇവരുടെ ജീവിതം തകിടം മറിഞ്ഞു. അതിജീവനത്തിനായി പാട് പെടുമ്പോഴും വീട്ടു വാടകയും അച്ഛന്റെ ഭാരിച്ച ചികിത്സാ ചിലവുകളുമായി വിധിയെ പഴിച്ച് പകച്ചു നിൽക്കുകയാണ് ഈ പെൺകുട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News