നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരും… മരിക്കേണ്ടി വന്നാലും പോരാടും; കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍

സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ നിന റോസ്, സിസ്റ്റര്‍ ആന്‍സിറ്റ, സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ജോസഫൈന്‍. ഇവരാണ് കേരളത്തിന്റെ ധീരവനിതകള്‍, സമരചരിത്രങ്ങളിലൊന്നും സമാനതകളില്ലാത്തൊരു പോരാട്ടത്തിന്റെ അമരത്തുണ്ടായിരുന്ന അഞ്ച് കന്യാസ്ത്രീകള്‍. ഞങ്ങളുടെ സിസ്റ്റര്‍ക്ക് നീതി കിട്ടുന്നതു വരെ പൊരുതുമെന്ന് ആ സിസ്റ്റര്‍മാര്‍ സമൂഹത്തോടു വിളിച്ചു പറയുകയാണ്.

ഇവരെ പിന്തുണച്ച് നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തു വന്നിരിക്കുന്നത്. പലരും പലരീതിയില്‍ ഇവര്‍ക്കെതിരെ പരിഹാസത്തിന്റെയും ഭീഷണിയുടെയും കൊലവിളികള്‍ നടത്തിയപ്പോഴും അതിലൊന്നും ആടിയുലയാതെ നിന്നവരാണ് ഈ അഞ്ചു ധീര വനിതകളായ സിസ്റ്റര്‍മാര്‍.

ബിഷപ്പ് ഫ്രാങ്കോ മുളക്കലില്‍ നിന്നും ക്രൂരമായ ലൈംഗീക പീഡനം ഏറ്റുവാങ്ങേണ്ടിവന്ന സിസ്റ്ററുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിക്കൂട്ടിലായപ്പോള്‍ തങ്ങളുടെ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം നിന്നവരാണിവര്‍. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും കൊടുമുടിയില്‍ നില്‍ക്കുന്ന ഈ വമ്പന്‍മാരില്‍ നിന്നും നേരിടേണ്ടി വന്ന സമ്മര്‍ദ്ദങ്ങളിലും ഭീഷണിയുടെ സ്വഭാവം നിറഞ്ഞ വാക്കുകളില്‍ നിന്നും ഭയം തെല്ലുമില്ലാതെ ഇരയായവള്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് നിന്ന ധീരവനിതകളെ പിന്തുണച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

‘ഇവര്‍ക്കൊപ്പം’ ‘പോരാട്ടം തുടരുക’ തുടങ്ങി നിരവധി ക്യാപ്ഷനോടു കൂടിയാണ് ഇവരെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകള്‍ ഉയരുന്നത്.കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷനിലെ ഈ അഞ്ച് സന്യാസിനിമാരെ കേരളത്തിന്റെ സമര ചരിത്രത്തിലെ നിര്‍ണായ ഏടുകളിലാണ് അടയാളപ്പെടുത്താനാവുകയെന്നാണ് പലരും പോസ്റ്റു ചെയ്യുന്നത്

അതേസമയം, കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോവുമെന്നാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ പ്രതികരണം. വിധിക്ക് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു ഇവര്‍. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും വിശ്വസിക്കാനാവാത്ത വിധിയാണ് കോടതിയുടെ ഭാഗത്ത് നിന്നു ഉണ്ടായതെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. കണ്ണുകള്‍
നിറഞ്ഞും വിതുമ്പിക്കൊണ്ടുമായിരുന്നു സിസ്റ്റര്‍ മാധ്യമങ്ങളെ കണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel