അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി. ദിലീപ് ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അറിയിച്ചു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ദിലീപ് അടക്കം അഞ്ച് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിര്‍ണായകമായ മൊഴിയുണ്ടെന്നും മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്നും അറിയിക്കുകയായിരുന്നു.
ഇതോടെ മൊഴി വിശദമായി പരിശോധിച്ച ശേഷം വിധി പറയുന്നതാകും ഉചിതമെന്ന് ജസ്റ്റിസ് പി വി ഗോപിനാഥിന്റെ ബെഞ്ച് അറിയിച്ചു. പിന്നീട് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതുവരെ ദിലീപ് അടക്കമുളള പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം പൊലീസ് പീഡിപ്പിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നിയമാനുസൃതമായ പരിശോധന മാത്രമേ നടന്നിട്ടുളളൂവെന്ന് പ്രോസിക്യൂഷനും വാദിച്ചു. ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, അടക്കം അഞ്ച് പ്രതികളാണ് അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യം തേടിയത്. അതിനിടെ വിചാരണക്കോടതിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിനെതിരെ ദിലീപ് വെളളിയാഴ്ച മറ്റൊരു ഹര്‍ജിയും നല്‍കി.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ബൈജു പൗലോസിന്റെ പക്കലുണ്ടെന്നും അത് കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ചോദ്യം ചെയ്യാനുളള നീക്കവും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.