കൊവിഡ് സാഹചര്യത്തിൽ സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ശനിയാഴ്ച്ചത്തെ പൊതു സമ്മേളനം ഒഴിവാക്കിയതായി സ്വാഗത സംഘം അറിയിച്ചു. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. പുതിയ ജില്ലാ കമ്മറ്റിയേയും സംസ്ഥാന സമ്മേളപ്രതിനിധികളെയും തെരഞ്ഞെടുക്കുന്നതോടെ സമ്മേളനം സമാപിക്കും.
ആയിരങ്ങളെ പങ്കെടുപ്പിച്ച് സമാപന പൊതുസമ്മേളനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 250 പേരെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന് പിന്നീട് സംഘാടകർ തീരുമാനിച്ചു. എന്നാൽ പുതിയ സാഹചര്യത്തിൽ പൊതുസമ്മേളനം പൂർണ്ണമായി ഒഴിവാക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു.
പുതിയ ജില്ലാ കമ്മറ്റിയേയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്ത് സമ്മേളനം അവസാനിപ്പിക്കാനാണ് പുതിയ തീരുമാനം. പുതിയ ജില്ലാ കമ്മറ്റി കൂടി ജില്ലാ സെക്രട്ടറിയേയും സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുക്കും. ഇതിനിടെ ജില്ലാ സെക്രട്ടറി എ വി റസ്സൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് വിശദമായ ചർച്ചക്ക് ശേഷം സമ്മേളനം അംഗീകരിച്ചു.
രാജ്യത്തിന്റെ മതനിരപേക്ഷതയെ നിരന്തരം നിരാകരിക്കുന്ന കേന്ദ്രസർക്കാരിന്റെ തെറ്റായ നയം തിരുത്താൻ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം ഏറ്റെടുക്കണമെന്ന് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൗരത്വം, ലൗ ജിഹാദ്, ഗോവധ നിരോധനം തുടങ്ങിയ പ്രശ്‌നങ്ങളുയർത്തി കേന്ദ്രസർക്കാരും ബിജെപി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകളും മതപരമായ വിഭജനം ലക്ഷ്യമിടുന്നതായി പ്രമേയം ചൂണ്ടിക്കാട്ടി.
കർഷകദ്രോഹമായ നിർദിഷ്‌ട റബർ നിയമം പിൻവലിക്കണമെന്ന് സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റബർ വ്യവസായികോൽപ്പന്നമായി കണക്കാക്കിയതുകൊണ്ട് കൃഷിക്കുള്ള സഹായം ലഭിക്കുന്നില്ല.
യുക്തിക്ക് നിരക്കാത്ത ഈ നിലപാട് കേന്ദ്രം തിരുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കയർ വ്യവസായത്തെ സംരക്ഷിക്കാൻ ആധുനിക സംവിധാനമുള്ള ഫാക്ടറി പൊതുമേഖലയിലോ സഹകരണ മേഖലയിലോ അനുവദിക്കണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.