മാൾവിക ബൻസോദ്; ഇന്ത്യൻ വനിതാ ബാഡ്മിന്റണിലെ പുത്തൻ താരോദയം

ഇന്ത്യൻ വനിതാ ബാഡ്മിന്റണിലെ പുത്തൻ താരോദയമാണ് നാഗ്പൂരില്‍ നിന്നുള്ള ഇരുപത്തൊന്നുകാരി മാൾവിക ബന്‍സോദ്. ഇന്ത്യ ഓപ്പൺ ടൂർണമെന്റിൽ റോൾ മോഡലായ സൈന നെഹ്‌വാളിനെ തോൽപ്പിച്ചാണ് മാൾവിക സാന്നിധ്യമറിയിച്ചത്. എട്ടാം വയസിൽ ബാഡ്മിന്റൺ കോർട്ടിൽ അരങ്ങേറ്റം കുറിച്ച മാൾവിക ചരിത്രം കുറിച്ചത് ഇക്കഴിഞ്ഞ ദിവസമായിരുന്നു.

ഇന്ത്യ ഓപ്പൺ സൂപ്പര്‍ – 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ആരാധനാപാത്രമായ സൈന നെഹ്വാളിനെ പരാജയപ്പെടുത്തിയായിരുന്നു ഡോക്ടർ ദമ്പതികളുടെ ഈ മകൾ വരവറിയിച്ചത്. വെറും 34 മിനിട്ടുകള്‍ മാത്രം നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു മാൾവികയുടെ ചരിത്ര ജയം.

സൈനയെപ്പോലെ പവര്‍ ഗെയിമാണ് മാൾവികയുടെയും കരുത്ത്. നെറ്റിന് സമീപമുള്ള ചടുലനീക്കങ്ങള്‍ കൂടിയാകുമ്പോള്‍ മാളവികയെ ഈ ഇടംകൈയ്യൻ ഷട്ട്ലറെ നേരിടുന്നത് എതിരാളികള്‍ക്ക് ദുഷ്‌കരമാണ്.ഇതിനോടകം മൂന്ന് സീനിയര്‍ ദേശീയ കിരീടങ്ങള്‍ മാൾവിക സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ ആദ്യ കിരീടം നേടിയത് 17ാമത്തെ വയസിലാണ്. ബറേലിയില്‍ 2018ല്‍ നടന്ന ദേശീയ സീനിയര്‍ റാങ്കിംഗ് ടൂര്‍ണമെന്റിലായിരുന്നു നേട്ടം.

അതിന് ശേഷം 2019ല്‍ കോഴിക്കോട് നടന്ന ദേശീയ റാങ്കിംഗ് ടൂര്‍ണമെന്റിലും കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ നടന്ന ടൂര്‍ണമെന്റിലും മാൾവിക കിരീടം സ്വന്തമാക്കി. നിലവിലെ ലോക ഒന്നാം നമ്പർ ചൈനീസ് തായിപേയിയുടെ തായ് സൂ യിങ്ങാണ് ലോക വനിതാ ബാഡ്മിന്റണിൽ മാൾവികയുടെ പ്രിയതാരം. നാഗ്പൂർ ആസ്ഥാനമായ വിശ്വരാജ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് ഈ 21 കാരിയുടെ സ്പോൺസർ.

കഴിഞ്ഞ 3 വർഷമായി റായ്പൂരിൽ കോച്ച് സഞ്ജയ് മിശ്രയ്ക്കൊപ്പമാണ് എൻജിനിയറിംഗ് വിദ്യാർത്ഥിനി കൂടിയായ മാൾവികയുടെ പരിശീലനം. ഡോക്ടർ പ്രബോധ് ബൻസോദും ഡോക്ടർ തൃപ്തി ബൻസോദുമാണ് മാൾവികയുടെ മാതാപിതാക്കൾ.തന്റെ റാങ്കിംഗ് മെച്ചപ്പെടുത്തുക എന്നതാണ് മാളവികയുടെ അടുത്ത വെല്ലുവിളി.

എത്രയും വേഗം റാങ്കിംഗ് ഉയര്‍ത്തണമെന്നും എങ്കില്‍ മാത്രമേ സൂപ്പര്‍ 500, സൂപ്പര്‍ 300, സൂപ്പര്‍ 1000 വിഭാഗങ്ങളിലുള്ള ടൂര്‍ണമെന്റുകളിലേക്ക് യോഗ്യത നേടാന്‍ സാധിക്കുകയുള്ളൂവെന്നും മാളവിക വ്യക്തമാക്കി. വിസ്മയ പ്രകടനത്തിലൂടെ സാക്ഷാൽ സൈനയെ അട്ടിമറിച്ച മാൾവികയുടെ മാസ്മരിക ഗെയിമാണ് ഇപ്പോൾ ബാഡ്മിന്റൺപ്രേമികൾ ഉറ്റുനോക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here