എറണാകുളം തൃക്കാക്കര നഗരസഭക്കെതിരെ വീണ്ടും അഴിമതിയാരോപണം. പി ടി തോമസിന്‍റെ പൊതുദര്‍ശനത്തിനായി 1.17 ലക്ഷം രൂപയുടെ പൂക്കള്‍ നഗരസഭ ധൂര്‍ത്തടിച്ചുവെന്ന് പ്രതിപക്ഷം. പി ടി തോമസിന്‍റെ സംസ്കാരത്തിന്‍റെ പേരില്‍ യുഡിഎഫ് ഭരിക്കുന്ന നഗരസഭ വന്‍ അഴിമതിയാണ് നടത്തിയതെന്നും നഗരസഭാ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
തനിക്കായി ഒരു പൂവ് പോലും പറിക്കരുത്. തന്‍റെ ഭൗതിക ശരീരത്തില്‍ പുഷ്പ ചക്രം അര്‍പ്പിക്കരുത്. ഇതായിരുന്നു പി ടി തോമസിന്‍റെ അന്ത്യാഭിലാഷം. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന യുഡിഎഫിന്‍റെ തൃക്കാക്കര നഗരസഭ പിടിക്ക് വേണ്ടി ഒരു പൂന്തോട്ടം തന്നെ അര്‍പ്പിച്ചുവെന്ന് വ്യക്തമാക്കുന്ന ലക്ഷങ്ങളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 1.17 ലക്ഷം രൂപയുടെ പൂക്കള്‍ വാങ്ങി നഗരസഭാ ധൂര്‍ത്തടിച്ചുവെന്ന് ചൂണ്ടിക്കാട്ടി 15ാം ഡിവിഷന്‍ കൗണ്‍സിലര്‍ പി സി മനൂപാണ് നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്.
പി ടി തോമസിന്‍റെ അന്ത്യാഭിലാഷം പോലും മറന്ന് അഴിമതി നടത്തുകയായിരുന്നു തൃക്കാക്കര ഭരണസമിതിയെന്നും ഇതിനെതിരെ വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് ചന്ദ്രബാബു അറിയിച്ചു. നേരത്തേ ഓണത്തിന് നഗരസഭാധ്യക്ഷ കൗണ്‍സിലര്‍മാര്‍ക്ക് 10000 രൂപ വീതം നല്‍കിയത് വിവാദമായിരുന്നു. ഇതില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റൊരു അഴിമതി ആരോപണം കൂടി ഉയര്‍ന്നിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.