ഇ ബാലാനന്ദന്‍ ദിനം സമുചിതമായി ആചരിക്കും

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇ ബാലാനന്ദന്‍ ദിനം ബുധനാഴ്ച സമുചിതമായി ആചരിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. സിപിഐ എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുകയാണ്. വര്‍ധിച്ച ആവേശത്തിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. സിപിഐ എമ്മിനേയും എല്‍ഡിഎഫിനേയും കൂടുതല്‍ ശക്തിപ്പെടു ത്താനുള്ള തീരുമാനങ്ങളാണ് ഓരോ സമ്മേളനത്തിലും എടുക്കുന്നത്.

ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ നാളുകളില്‍ തന്നെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി ഇ ബാലാനന്ദന്‍ മാറിയിരുന്നു. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ അദ്ദേഹം 1972 ലെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റി അംഗമായി. പിന്നീട് പൊളിറ്റ് ബ്യൂറോ അംഗമായും പ്രവര്‍ത്തിച്ചു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ജനകീയ പ്രശ്‌നങ്ങളില്‍ അദ്ദേഹം നടത്തിയ ഇടപെടല്‍ എന്നും ഓര്‍മ്മിക്കപ്പെടും.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെയും തൊഴിലാളികളെയും കൊടിയ ചൂഷണത്തിന് വിധേയമാക്കുന്നു. കര്‍ഷക വിരുദ്ധനയങ്ങള്‍ക്കെതിരെ ഐതിഹാസിക സമരമാണ് അഖിലേന്ത്യ കിസാന്‍സഭ അടക്കമുള്ള കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യ തലസ്ഥാന മേഖലകളില്‍ നടത്തിയത്. സ്വാതന്ത്ര്യ ലബ്ധിക്ക്‌ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പോരാട്ടത്തില്‍ ബി.ജെ.പി സര്‍ക്കാരിന് അടിയറവ് പറയേണ്ടിവന്നു. ലക്ഷക്കണക്കായ കര്‍ഷകരാണ് സമരമുഖത്ത് അണിനിരന്നത്. ജീവന്‍ നല്‍കിയും അവര്‍ സമരം വിജയിപ്പിച്ചു. കോര്‍പറേറ്റുകള്‍ക്ക് ലാഭം കുന്നുകൂട്ടാനുള്ള അവസരമുണ്ടാക്കി. രാജ്യത്തെ സാധാരണക്കാര്‍ക്ക് കടുത്ത ദുരിതം സമ്മാനിക്കുകയാണ് കേന്ദ്രം. വിലക്കയറ്റവും തൊഴിലില്ലായ്മയും കര്‍ഷക ആത്മഹത്യകളും വര്‍ധിക്കുന്നു. പട്ടിണിയും പട്ടിണി മരണങ്ങളും അനുദിനം കൂടുന്നു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ആര്‍എസ്എസിനും ബിജെപിക്കും മറുപടി നല്‍കും. രാജ്യം പുതിയ ദിശയിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതിനു ബദലായി ജനപക്ഷ സമീപനം ഉയര്‍ത്തിപ്പിടിക്കുകയാണ് കേരളത്തിലെ രണ്ടാം പിണറായി സര്‍ക്കാര്‍. ഒമിക്രോണിന്റെ കടുത്ത ഭീഷണിയിലും ക്ഷേമ പദ്ധതികള്‍ തുടരണമെന്ന ദൃഢനിശ്ചയം അതില്‍ കാണാം.

സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. എന്നാല്‍ കേരളത്തിന്റെ വികസനപദ്ധതികള്‍ അട്ടിമറിക്കാന്‍ കോൺഗ്രസും ബിജെപിയും മതമൗലീക വാദികളും കൈകോര്‍ക്കുന്നു. വികസനവിരുദ്ധരെ ജനങ്ങളെ അണിനിരത്തി തോല്‍പ്പിക്കാനുള്ള ഉത്തരവാദിത്വംകൂടി പാര്‍ട്ടി ഏറ്റെടുത്തിരിക്കുകയാണ്. ഇ ബാലാനന്ദന്റെ സ്മരണ അതിന് കൂടുതല്‍ ആവേശവും കരുത്തും പകരും. കൊവിഡ് മാനദണ്ഡം പാലിച്ച് പതാക ഉയര്‍ത്തിയും ഓഫീസുകള്‍ അലങ്കരിച്ചും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചും ഇ ബാലാനന്ദന്‍ ദിനാചരണം വിജയിപ്പിക്കണമെ് സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here