കര്‍ണാടക മുന്‍ മന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയും മലയാളിയുമായ ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ദിരാനഗര്‍ ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
കൊല്ലം എസ്എന്‍ കോളജില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദമെടുത്തശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് എംഎ പാസായി. ഫാത്തിമാ മാതാ നാഷനല്‍ കോളജില്‍ അധ്യാപകനായിരിക്കെ 1963ല്‍ ഐഎഎസ് ലഭിച്ചു. മംഗലാപുരത്തു സബ് കലക്ടറായിട്ടാണ് തുടക്കം.33 വര്‍ഷത്തെ സേവനത്തിനു ശേഷം 1996ല്‍ സിവില്‍ സര്‍വീസില്‍നിന്നു വിരമിച്ചു. പിന്നാലെ സജീവ രാഷ്ട്രീയത്തിലേക്ക്.
കോൺഗ്രസിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം ബംഗളൂരുവിലെ ഭാരതിനഗർ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസ്എം കൃഷ്ണ സർക്കാരിൽ ടൂറിസം മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.കര്‍ണാടക പിസിസി വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.
30 വർഷത്തിലധികം ബെംഗളൂരു സിറ്റി വൈഎംസിയുടെ പ്രസിഡന്റായിരുന്നു. ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഒാഫ് ഇന്ത്യൻ ഒറിജിൻ (ജിഒപിഒ) ഉപദേശക സമിതി അംഗം, സേവ്യേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഓൺറപ്രണർഷിപ് (എക്സ്ഐഎംഇ) കൊച്ചി ബ്രാഞ്ച് ചെയർമാൻ, ബാംഗ്ലൂർ കേരള സമാജം പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 69 ാം വയസ്സിലാണ് അലക്സാണ്ടർ ധാർവാഡ് കർണാടക സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടിയത്.
ഭാര്യ: പരേതയായ ഡെല്‍ഫിന്‍ അലക്‌സാണ്ടര്‍. മക്കള്‍: ഡോ.ജോസ്, ഡോ.ജോണ്‍സണ്‍. മരുമക്കള്‍: മേരി ആന്‍, ഷെറില്‍.
Get real time update about this post categories directly on your device, subscribe now.