ഔദ്യോഗിക അനുഭവങ്ങളെ അക്ഷര താളുകളിൽ അടയാളപ്പെടുത്തി ‘ആരോടും പരിഭവലേശമില്ലാതെ’ ടി ആർ അജയൻ

ഔദ്യോഗികഅനുഭവങ്ങളെ അക്ഷര താളുകളിൽ അടയാളപ്പെടുത്തി ‘ആരോടും പരിഭവലേശമില്ലാതെ’ ടി ആർ അജയൻ

കേരള പൊതുമരാമത്ത് വകുപ്പിൽ 30 കൊല്ലത്തിലേറെ സേവനമനുഷ്ഠിച്ച തന്റെ സർവീസ് അനുഭവങ്ങളാണ് ‘ആരോടും പരിഭവലേശമില്ലാതെ’ എന്ന ഗ്രന്ഥത്തിലൂടെ ടി ആർ അജയൻ വരച്ചുകാട്ടുന്നത്.മൂന്നു പതിറ്റാണ്ടുകൾ എഞ്ചിനീയറായി ജീവിച്ച തൻ്റെ ഔദ്യോഗിക ജീവിതത്തിലെ ഓരോ വഴിയെയും ഓർത്തെടുക്കുകയാണ് സാംസ്കാരികപ്രവർത്തകനും,കൈരളിടിവി ഡയറക്ടറുമായ ടി ആർ അജയൻ .ചിന്ത പ്രസിദ്ധീകരിക്കുന്ന ‘ആരോടും പരിഭവലേശമില്ലാതെ’ ഇന്ന് വൈകിട്ട് വായനക്കാരിലേക്ക് എത്തും.പുസ്തകത്തിന്റെ പ്രകാശനം സ്പീക്കര്‍ എം ബി രാജേഷ് നിര്‍വഹിക്കും. മന്ത്രി കെ കൃഷ്ണന്‍കുട്ടി പുസ്തകം ഏറ്റുവാങ്ങും. വൈകീട്ട് നാലുമണിയ്ക്ക് പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഹാളിലാണ് പ്രകാശനച്ചടങ്ങ്.

പൊതുമരാമത്ത് മേഖലയിലെ ഔദ്യോഗികജീവിതം അത്ര ലളിതമായിരുന്നില്ല എന്ന് ഈ ഗ്രന്ഥം തുറന്നു കാട്ടുന്നു.താൻ പിന്നിട്ട വഴികളെ പതിമൂന്ന് അധ്യായങ്ങളായാണ് ടി ആർ അജയൻ രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുമരാമത്തുവകുപ്പിന്റെ ഘടനയിൽ നിന്നു കൊണ്ട് എങ്ങനെ പ്രോജക്റ്റുകൾ സഫലമായി പൂർത്തീകരിക്കാമെന്ന് ടി ആർ അജയന്റെ അനുഭവങ്ങളിലൂടെ ഈ പുസ്തകം പറഞ്ഞുതരും.പാലക്കാടിന്റെ സ്വന്തം റോഡുകളുടെയും പാലങ്ങളുടെയും നിർമാണചരിത്രം തുറന്നു കാട്ടും.

പ്രവർത്തനമണ്ഡലം മാതൃകാപരമായിത്തീരാൻ താൻ വിശ്വസിച്ച പ്രത്യയശാസ്ത്രം തനിക്കു നൽകിയ പിന്തുണ എത്ര ആഴത്തിലുള്ളതാണെന്നും അദ്ദേഹം പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.

“പാലക്കാടിന്റെ ഹൃദയത്തിലൂടെ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നവർക്ക് അജയന്റെ മുദ്ര ഇല്ലാത്ത ഒരു പാലമോ പാതയോ കെട്ടിടമോ കാണാൻ കഴിഞ്ഞിട്ടില്ല. അസാധ്യമായതിനെ സാധ്യമാക്കുക എന്ന കൃത്യത്തെ ഇത്ര ലളിതമാക്കുന്നതിന് പിന്നിലുള്ള ഊർജ്ജത്തെ കുറിച്ചാണ് ഞാൻ പലപ്പോഴും അത്ഭുതം കൂറിയിട്ടുള്ളത്” എന്ന് മുൻ കേരള ധനകാര്യ വകുപ്പ് മന്ത്രി ടി ശിവദാസമേനോൻ അവതാരികയായി കുറിക്കുന്നു.കാര്യക്ഷമതയുള്ള ഒരു എൻജിനീയർക്ക് ജനക്ഷേമത്തിനു വേണ്ടി എന്തെല്ലാം ചെയ്യാം എന്ന് ടി ആർ അജയൻ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.

ആരോടും പരിഭവലേശമില്ലാതെ പകരുന്ന ചില ജീവിത പാഠങ്ങൾ കൂടിയുണ്ട്.ഇരുദിശകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡും പാലവും മാത്രമല്ല മനുഷ്യഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി അനുഭവങ്ങളും ഇതിനൊപ്പം ചേർത്ത് വായിക്കാം.സംഘടകൻ എന്ന നിലയിൽ,സാംസ്കാരികപ്രവർത്തകൻ എന്ന നിലയിൽ ടി ആർ അജയൻ സ്വന്തമാക്കിയത് ഒരു വലിയ സൗഹൃദയ വലയത്തെ ആണ്.

തൃശൂർ എൻജിനീയറിങ് കോളജിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ബിരുദവുമായി പുറത്തിറങ്ങിയ എൻജിനീയറിൽ നിന്നും തുടങ്ങി മൂന്നു ദശാബ്ദത്തിലേറെയുള്ള ഔദ്യോഗിക ജീവിതവും സർവീസിൽ നിന്നും വിരമിച്ചതിന് ശേഷവും പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുള്ള സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നന്ദിയും പറഞ്ഞുകൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്.”എന്തെങ്കിലും ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് എല്ലാം സംഘടനാ രംഗത്ത് നിന്ന് എനിക്ക് ലഭിച്ച കരുത്തും ആർജവവും ആത്മവിശ്വാസവും ആണെന്ന് ഞാൻ മനസ്സിലാക്കുന്നു അതിനെ പ്രാപ്തനാക്കിയ സമസ്ത ജനങ്ങളോടുമുള്ള നന്ദി പ്രകാശിപ്പിക്കുന്നു”എന്നു പറഞ്ഞാണ് പുസ്തകം അവസാനിക്കുന്നത്.കൈരളി ടി.വിയുടെ ഡയറക്ടർ
ഒ.വി വിജയൻ സ്മാരക ട്രസ്റ്റിൻ്റെയും,സ്വരലയയുടെയും ,പാലക്കാട് പബ്ലിക് ലൈബ്രറിയുടെയും ,പാലക്കാട് ജില്ലാ സ്പോർട്സ് ക്ലബ്ബിൻ്റെയും സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ സംസ്ഥാന ട്രഷറർ തുടങ്ങി വിവിധ മേഖലകളിൽ ടി ആർ അജയൻ കർമനിരതനാണ്.

പുസ്തകത്തിന്റെ പ്രകാശനം സ്പീക്കര്‍ എം ബി രാജേഷ് നിര്‍വഹിക്കും. മന്ത്രി കെ കൃഷ്ണന്‍കുട്ടി പുസ്തകം ഏറ്റുവാങ്ങും. വൈകീട്ട് നാലുമണിയ്ക്ക് പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഹാളിലാണ് പ്രകാശനച്ചടങ്ങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here