സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ നിയമസഭാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 3773 പേജുകളുള്ള വിശദമായ പദ്ധതി റിപ്പോർട്ട്‌ പ്രകാരം 2025-2026ൽ പദ്ധതി കമ്മീഷൻ ചെയ്യും. ഒരു ട്രെയിനിൽ ഒമ്പത്‌ കോച്ചുകളിലായി ഒരു സമയം 675 പേർക്ക്‌ യാത്ര ചെയ്യാം.

പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകൾക്കായി പ്രത്യേക ട്രെയിൻ സംവിധാനവും ഏർപ്പെടുത്തും. പദ്ധതിയിൽ ട്രക്കുകൾക്കായി കൊങ്കൺ മാതൃകയിൽ റോറോ സർവീസുമുണ്ടാകും. ഇതിലൂടെ ഒരുസമയം 480 ട്രക്കുകൾ കൊണ്ടുപോകാനാകും. ആദ്യഘട്ടത്തിൽ തന്നെ നെടുമ്പാശേരി എയർപോർട്ടുമായി ബന്ധിപ്പിക്കുമെന്നും ഡിപിആറിൽ പറയുന്നു.

ട്രാഫിക് സർവേ, ജിയോ ടെക്‌നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്, ടോപ്പോഗ്രാഫിക് സർവേ തുടങ്ങി ആറ്‌ ഭാഗങ്ങളടങ്ങുന്നതാണ്‌ റിപ്പോർട്ട്‌. പദ്ധതിയ്‌ക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്.

പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള പഠനവും റിപ്പോർട്ടും ഡിപിആറിൽ ഉൾപ്പെടുന്നു. കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് വേണ്ടി സിസ്‌ട്ര എന്ന ഏജൻസിയാണ് ഡിപിആറും ഫീസിബിലിറ്റി റിപ്പോർട്ടും തയ്യാറാക്കിയിരിക്കുന്നത്. ‘സെമി ഹൈസ്‌പീഡ് കോറിഡോർ ഫ്രം തിരുവനന്തപുരം ടു കാസർ​ഗോഡ്’ എന്നാണ് പ്രോജക്‌ടിന്റെ പേര്.

കേരളത്തിൽ നിലവിലുള്ള റെയിൽ-റോഡ് ​ഗതാ​ഗത സംവിധാനങ്ങൾ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോൾ തീർത്തും അപര്യാപ്‌തമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അയൽ സംസ്ഥാനങ്ങളിൽ ഉള്ളതിനെക്കാൾ 30 മുതൽ 40 ശതമാനം സഞ്ചാര വേ​ഗം കേരളത്തിൽ കുറവാണെന്നും അതിനാൽ ഇത്തരമൊരു പദ്ധതി ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് പ്രകാരം പദ്ധതിയ്‌ക്ക്‌ 1226.45 ഹെക്‌ടർ ഭൂമി ആവശ്യമാണ്‌. ഇതിൽ 1074.19 ഹെക്‌ടർ സ്വകാര്യ വ്യക്തികളിൽ നിന്നും 107.98 ഹെക്‌ടർ സർക്കാരിൽ നിന്നും 44.28 ഹെക്‌ടർ ഇന്ത്യൻ റെയിൽവേയിൽ നിന്നും കണ്ടെത്തുമെന്നും ഡിപിആറിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News