ദിലീപിനെതിരായ കേസ്: വി ഐ പി താനല്ലെന്ന് വ്യവസായി മെഹബൂബ് അബ്ദുള്ള

നടൻ ദിലീപിനെതിരായ ഗൂഢാലോചനക്കേസിലെ ആറാം പ്രതിയായ വി ഐ പി യെ തിരിച്ചറിഞ്ഞതായി സൂചന. വി ഐ പി, കോട്ടയം സ്വദേശിയായ പ്രവാസിവ്യവസായിയെന്ന് സംശയം. ഇയാളുടെ ശബ്ദ സാമ്പിൾ ശേഖരിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു.

ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയുമായി ഒത്തു നോക്കിയ ശേഷമെ വി ഐ പി ആരെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.അതേ സമയം കേസിൽ ഉൾപ്പെട്ട വി ഐ പി താനല്ലെന്ന് വ്യക്തമാക്കി കോട്ടയത്തെ വ്യവസായി മെഹബൂബ് അബ്ദുള്ള രംഗത്തെത്തി.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായ വി ഐ പിയെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലായിരുന്നു അന്വേഷണ സംഘം.ഇതിന്‍റെ ഭാഗമായി സംശയമുള്ള നിരവധി പേരുടെ ഫോട്ടോകള്‍ അന്വേഷണ സംഘം ബാലചന്ദ്രകുമാറിനെ കാണിച്ചു.

അക്കൂട്ടത്തിലുള്ള ഒരാളെ ദിലീപിന്‍റെ വീട്ടില്‍ കണ്ടതായി ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു.കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയെയാണ് ദിലീപിന്‍റെ വീട്ടിലെത്തിയ വി ഐ പിയായി സംശയിച്ചതെന്നാണ് സൂചന.ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി ഇയാളുടെ ശബ്ദ സാമ്പിള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

തുടര്‍ന്ന്  ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖയുമായി ഒത്തുനോക്കി ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരണം നടത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയത്,  ഈ വി ഐ പിയാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

കൂടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കി സംസാരിക്കുന്നവരുടെ കൂട്ടത്തില്‍ ഈ വി ഐ പി ഉണ്ടായിരുന്നതായും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.ഇതെത്തുടര്‍ന്നാണ് ഇയാളെ കേസില്‍ ആറാം പ്രതിയാക്കിയത്.അതേ സമയം ആരോപണ വിധേയനായ വി ഐ പി താനല്ലെന്ന് വ്യക്തമാക്കി കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ് അബ്ദുള്ള രംഗത്തെത്തി.

ദിലീപുമായി ബിസിനസ് ബന്ധം മാത്രമാണുള്ളതെന്നും ദിലീപിൻ്റെ വീട്ടിൽ പോയിട്ടുണ്ടെന്നും മെഹബൂബ് പറഞ്ഞു. എന്നാൽ ബാലചന്ദ്രകുമാറിനെയോ പുതിയ കേസിനെ സംബന്ധിച്ചോ തനിയ്ക്കറിയില്ല. ഏത് പരിശോധനയ്ക്കും താൻ ഒരുക്കമാണെന്നും മെഹബൂബ് പറഞ്ഞു. ഇതിനിടെ ദിലീപിന്‍റെയും സഹോദരന്‍ അനൂപിന്‍റെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്ക്കും പെന്‍ഡ്രൈവും വിശദമായി പരിശോധിച്ച് വരികയാണ്.

ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്നതുള്‍പ്പടെയുള്ള ആരോപണങ്ങള്‍ സാധൂകരിക്കത്തക്ക തെളിവുകള്‍ ഇതില്‍ നിന്നും ലഭിക്കുമൊ എന്നറിയുന്നതിനാണ് പരിശോധന.കൂടാതെ, പിടിച്ചെടുത്ത ഇലക്ട്രോണിക്ക് ഗാഡ്ജെറ്റുകളിലേതിലെങ്കിലും, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടൊ  എന്നും പരിശോധിക്കുന്നുണ്ട്.

പ്രാഥമിക പരിശോധനയില്‍ ഇത്തരം തെളിവുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.എന്നാല്‍ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ഡിജിറ്റല്‍ തെളിവുകള്‍ എന്തെങ്കിലും മായ്ച്ചുകളഞ്ഞിട്ടുണ്ടെങ്കില്‍ അത് വീണ്ടെടുക്കാനുള്ള ശ്രമവും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.അതേ സമയം നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News