കെ.സുധാകരൻ പരിഷ്കൃത സമൂഹത്തിന്റെ ക്ഷമ പരീക്ഷിക്കരുത്: ഡിവൈഎഫ്ഐ

കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ സഖാവ് ധീരജ്‌ വധവുമായി ബന്ധപ്പെട്ട് ഇന്ന് നടത്തിയ വാർത്താ സമ്മേളനം കൊലപാതകത്തിനെ ന്യായീകരിക്കുന്നതും പരിഷ്കൃത സമൂഹത്തിന്റ ക്ഷമയെ പരീക്ഷിക്കുന്നതുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

യാതൊരു സംഘർഷവുമില്ലാതെ സമാധാനപരമായി തിരഞ്ഞെടുപ്പ് നടന്ന കലാലയത്തിൽ കൊല ആസൂത്രണം ചെയ്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയും സംഘവും എത്തുകയായിരുന്നു. ഹൃദയത്തിന്റെ അറകളിലേക്ക് കത്തി കയറ്റി കൊന്ന് തള്ളിയിട്ടും ധീരജിനേയും കുടുംബത്തേയും വീണ്ടും അപമാനിക്കുന്നതാണ് സുധാകരന്റെ ഓരോ വാക്കുകളും.

ഉന്നത യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു ജില്ലാ നേതാക്കളായ പ്രതികളെ തൽസ്ഥാനത്ത് നിന്ന് നീക്കുക പോലും ചെയ്യാതെ സംരക്ഷിക്കുകയും നിയമ സഹായം നല്കുകയും ചെയ്യുകയാണ്. കൊന്ന നേതാക്കൾ കുറ്റ സമ്മതം നടത്തിയിട്ട് പോലും ഇത്രയും ഹീനമായ കൊലപാതകത്തെ ന്യായീകരിക്കാൻ കെ.പി.സി.സി അധ്യക്ഷന് മടി തോന്നുന്നില്ല എന്നത് കേരളത്തിലെ സുധാകരനിസത്തിലകപ്പെട്ട കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ദുരന്തം വ്യക്തമാവുന്നു.

കോണ്‍ഗ്രസ് അനുഭാവ കുടുംബം കൂടിയായ സഖാവ് ധീരജിന്റെ പിതാവിനെ കുറിച്ചു ഓർക്കാൻ പോലും സുധാകരനിസത്തിലൂടെ മാറിയ ഈ അക്രമകൂട്ടം മുതിരുന്നില്ല. കോണ്‍ഗ്രസ് അനുഭാവികൾ കൂടിയായ മനുഷ്യരെ ആ പാർട്ടി എങ്ങനെ കാണുന്നു എന്നതിനും സുധാകരൻ വന്നതിന് ശേഷം എത്ര സാധാരണ പ്രവർത്തകരാണ് കോൺഗ്രസ് പാർട്ടി വിട്ടകന്നതെന്നതിനും കൂടിയുള്ള ഉത്തരമാണ് ഇന്നത്തെ സുധാകരന്റെ വാർത്താ സമ്മേളനം.

ഒറ്റ കേൾവിയിൽ തന്നെ വ്യാജമാണെന്ന് ഏതൊരാൾക്കും മനസിലാകുന്ന നിർമ്മിത കള്ളങ്ങളുടെ പട്ടികയുമായി വാർത്താ സമ്മേളനത്തിന് വന്ന കെ.സുധാകരൻ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ നേരിടാൻ പോലുമാവാതെ ഉഴറുന്ന കാഴ്ചയും കണ്ടു. ഇരന്നു വാങ്ങിയ മരണമെന്ന സുധാകരന്റെ വാക്കുകൾ കൊലപാതകികൾ കോണ്‍ഗ്രസ് പ്രവർത്തകരാണെന്നത്തിലെ സമ്മത പത്രം കൂടിയാണ്.എന്ത് വില കൊടുത്തും തന്റെ പ്രവർത്തകരെ സംരക്ഷിച്ചു നിർത്തുമെന്ന പ്രസ്താവന പൊതു സമൂഹത്തോടും ഇന്ത്യൻ നിയമ വ്യവസ്ഥയോടുമുള്ള വെല്ലു വിളിയാണ്.

സംസ്കാരം നടത്താൻ വീടിനോട് ചേർന്ന് ഭൂമി വാങ്ങിയത് ആ നാട് ധീരജിനെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ്. ഇതിനെയും പരിഹസിക്കുകയാണ്. സുധാകരന്റെയും കോണ്‍ഗ്രസിന്റേയും ഈ വെല്ലുവിളി കൊലപാതകികളെ സംരക്ഷിക്കുന്നതും പരിഷ്കൃത സമൂഹത്തിന് അങ്ങേയറ്റം അപമാനകരവുമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here