വൈറ്റില ജങ്‌ഷനിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

വൈറ്റില ജങ്‌ഷനിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാനുള്ള ക്രമീകരണം ഞായർ രാവിലെ 8.30 മുതൽ നിലവിൽവരും. ഒരാഴ്‌ചത്തേക്ക്‌ പരീക്ഷണാടിസ്ഥാനത്തിലാണ്‌ നടപടി. വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനുമുന്നോടിയായി ശനിയാഴ്‌ച ക്രമീകരണങ്ങൾ പൂർത്തിയാക്കി.

റോഡരികിലെ ദിശാബോർഡുകൾ, വഴിയോരത്തെ അനധികൃത തട്ടുകൾ തുടങ്ങിയവ നീക്കി. പുതിയ ഗതാഗതക്രമീകരണത്തിന്റെ സൂചനാബോർഡുകൾ സ്ഥാപിച്ചു. പൊന്നുരുന്നി റെയിൽവേ മേൽപ്പാലത്തിന്‌ വടക്കുഭാഗം, വൈറ്റില മേൽപ്പാലത്തിന്റെ വടക്കുഭാഗം, തൈക്കൂടം ഡെക്കാത്‌ലൺ സെന്ററിനു മുൻവശം, കണിയാമ്പുഴ എന്നിവിടങ്ങളിലാണ്‌ ബോർഡുകൾ സ്ഥാപിച്ചത്‌.

ഗതാഗതക്രമീകരണം ഇങ്ങനെ

പാലാരിവട്ടം ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ വൈറ്റില മേൽപ്പാലത്തിലൂടെ കയറി ഡെക്കാത്‌ലണിനുമുന്നിൽനിന്ന്‌ യു ടേൺ എടുത്ത്‌ കടവന്ത്ര, എറണാകുളം ഭാഗത്തേക്ക്‌ പോകണം. പൊന്നുരുന്നി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ സഹോദരൻ അയ്യപ്പൻ റോഡുവഴിയും തൃപ്പൂണിത്തുറ റോഡുവഴിയും ആലപ്പുഴ ഭാഗത്തേക്ക്‌ പോകണം.

പൊന്നുരുന്നി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എറണാകുളം ഭാഗത്തേക്ക്‌ പോകുന്നതിന്‌ സുഭാഷ്‌ ചന്ദ്രബോസ്‌ റോഡ്‌ ഉപയോഗിക്കണം. കണിയാമ്പുഴ റോഡിൽനിന്ന്‌ ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ വൈറ്റില മൊബിലിറ്റി ഹബ്‌ റോഡ്‌ വഴിയോ മെട്രോ സ്‌റ്റേഷൻ റോഡ്‌ വഴിയോ പോകണം. ഈ റൂട്ടുകളിലെ വാഹനങ്ങൾ ജങ്‌ഷനിലൂടെ കടത്തിവിടില്ല. മറ്റു റൂട്ടുകളിൽനിന്ന്‌ എത്തുന്ന വാഹനങ്ങൾക്ക്‌ നിയന്ത്രണമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News