പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര്? തർക്കം തുടരുന്നു

പഞ്ചാബിൽ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസിൽ ആശയക്കുഴപ്പം അവസാനിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാർഥി ആരാകുമെന്നതിൽ തർക്കം തുടരുന്നു..പി.സി.സി. അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവും, മുഖ്യമന്ത്രി ചരൻജീത് സിംഗ് ചന്നിയും ഒരുമിച്ചു ജനവിധി തേടുന്നതാണ് അണികൾക്ക് ആശങ്ക സൃഷ്ടിക്കുന്നത്.

തുടക്കത്തിലേ ഉള്ള കല്ലുകടി ഒഴിവാക്കാൻ ആണ് പഞ്ചാബിൽ കോൺഗ്രസ് പി.സി.സി. അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിനെയും, മുഖ്യമന്ത്രി ചരൻജീത് സിംഗ് ചന്നിയെയും ഒരുമിച്ചു മത്സരിക്കാൻ അനുവദിച്ചത്. എന്നാൽ ഈ തീരുമാനം വലിയ ആശയക്കുഴപ്പത്തിനാണ് വഴിവെച്ചത്.

ഇരുവരും പോരാട്ടത്തിന് ഇറങ്ങി എങ്കിലും ആരെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടിയിട്ടില്ല. ചന്നി, സംവരണ മണ്ഡലമായ ചാംകൗർ സാഹിബിൽ നിന്ന് ജനവിധി തേടുമ്പോൾ കിഴക്കൻ അമൃത്സറിൽ നിന്നാണ് PCC അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധു മത്സരിക്കുന്നത്.

മുൻ മുഖ്യമന്ത്രി അമരിന്ദർ സിംഗിന്റെ പാർട്ടി വിടലിന് വരെ കാരണക്കാരനാണ് PCC അധ്യക്ഷൻ കൂടിയായ സിദ്ധു. സിദ്ധുവിന്റെ കടുംപിടുത്തങ്ങൾ ആണ് പഞ്ചാബ് കോൺഗ്രസിനെ മുൻപെങ്ങും ഇല്ലാത്ത പ്രതിസന്ധിയിലേക്ക് എത്തിച്ചത്.

അമരിന്ദറിന് എതിരായ നിലപാട് മാത്രമല്ല, പാക് അനുകൂല നിലപാടുകളും പാർട്ടിക്ക് ഇപ്പോഴും തലവേദനയാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അടക്കം ബിജെപിയും ആംആദ്മി പാർട്ടിയും സിദ്ധുവിന്റെ ഇത്തരം പ്രസ്താവനകൾ ഉയർത്തി കാട്ടിയിരുന്നു.

പഞ്ചാബിലെ ഒരുവിഭാഗം ജനങ്ങൾക്ക് കോൺഗ്രസ് വിരോധം ഇല്ലെങ്കിലും സിദ്ധു വിരുദ്ധ നിലപാട് അവർ മുന്നോട്ട് വെക്കുന്നുണ്ട്. അത് പാർട്ടിക്ക് ഉള്ളിലും സജ്ജീവമാണ്. അത് മറികടക്കാൻ ആണ് പിന്നാക്ക വിഭാഗത്തിലെ നേതാവായ ചന്നിയെ ക്യാപ്റ്റന് പകരക്കാരൻ ആയി കൊണ്ടുവന്നത്. എന്നാൽ ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തി കാട്ടിയാൽ പാർട്ടിയിൽ പിളർപ്പ് ഉണ്ടാകുമെന്നാണ് AICC വിലയിരുത്തൽ. ഇക്കാരണങ്ങൾ കൊണ്ടു കൂടിയാണ് മുഖ്യമന്ത്രി പദത്തിലേക്ക് ആരെയും ഉയർത്തി കാട്ടാതെ ഉള്ള കോൺഗ്രസ് തന്ത്രം.

പക്ഷെ ആ നീക്കം ആംആദ്മി പാർട്ടിയും ബിജെപിയും ചോദ്യം ചെയ്യും. പ്രത്യേകിച്ചു ഭരണം പ്രതീക്ഷിക്കുന്ന കെജ്‌രിവാളിന്റെ പാർട്ടി കർഷക നേതാവ് ബൽബീർ സിംഗ് രാജെവാളിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയി നിർത്തിയാൽ കോൺഗ്രസ് പ്രതിരോധത്തിൽ ആകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here