ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്.യു പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്നും പിന്തുണക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത് കേട്ടപ്പോള്‍ ഞെട്ടിപ്പോയിയെന്ന് രാജിവച്ച കെഎസ്യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡ്.
പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നുവെന്ന് വ്യക്തിമാക്കിയുള്ള വാര്‍ത്താകുറിപ്പിലാണ് ഡേവിഡ് ഇക്കാര്യം പറഞ്ഞത്. നേട്ടങ്ങള്‍ പ്രതീക്ഷിച്ചല്ല ഈ പ്രസ്ഥാനത്തിന് വേണ്ടി പണിയെടുത്തിരുന്നത്. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വവും ചുമതലയും ഒരു വിട്ടുവീഴ്ചയുമില്ലാതെ അതിന് എന്തൊക്കെ തടസങ്ങളുണ്ടോ അതെല്ലാം നീക്കി നിര്‍വഹിക്കുകയെന്ന ഉത്തരവാദിത്വം ഈ നിമിഷത്തിലും ചെയ്തുവെന്നും ഡേവിഡ് പറഞ്ഞു.
കൂടെ നില്‍ക്കുന്നവരെ ചതിക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല. അവരുടെ പ്രശ്നങ്ങള്‍ കൂടിയായിട്ടാണ് ഞാന്‍ കണ്ടിരുന്നത്. അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തത് അതിനാണ്. ആരുടെയും ഉള്ള് തുരന്ന് നോക്കാന്‍ പോയിട്ടില്ല. പക്ഷേ, കൂടെ നിന്ന് ചതി നടത്തിയ പാരമ്പര്യം ഈ പ്രസ്ഥാനത്തിന് ഉള്ളതിനാല്‍ അത് ഞാന്‍ തിരിച്ചറിയാന്‍ വൈകിയെന്നേയുളളൂ എന്നും ഡേവിഡ് പറഞ്ഞു.
വി എസ് ഡേവിഡ് പറഞ്ഞത്:
ഇങ്ങനെ ഒരു അറിയിപ്പ് വേണ്ടി വരുമെന്ന് കരുതിയില്ല. പക്ഷേ, നിര്‍ബന്ധിതമായിരിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കെട്ട് പൊട്ടിച്ച് പുതിയ കാഴ്ചപ്പാടിനെ കുറിച്ച് ഞാന്‍ പങ്കുവെച്ചിരുന്നു. അപ്പോഴും മനസില്‍ കെടാത വിളക്കായി പ്രതീക്ഷയായി സൂക്ഷിച്ച പ്രസ്ഥാനവും ത്രിവര്‍ണക്കൊടിയും മങ്ങലേല്‍ക്കാതെ തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ ആ കെടാവിളക്ക് അണയുകയും ത്രിവര്‍ണക്കൊടിയുടെ തിളക്കത്തിന് മങ്ങലേറ്റിരിക്കുന്നുവെന്ന് മാത്രമല്ല ഹൃദയത്തില്‍ നിന്നും അതിനെ പുറത്താക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.
അങ്ങേയറ്റം വേദനയോടെ പക്ഷെ അതിലുപരി അഭിമാനത്തോടെ അത് ചെയ്യുന്നു. നേട്ടങ്ങള്‍ പ്രതീക്ഷിച്ചല്ല ഈ പ്രസ്ഥാനത്തിന് വേണ്ടി പണിയെടുത്തിരുന്നത്. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വവും ചുമതലയും ഒരു വിട്ടുവീഴ്ചയുമില്ലാതെ അതിന് എന്തൊക്കെ തടസങ്ങളുണ്ടോ അതെല്ലാം നീക്കി നിര്‍വഹിക്കുകയെന്ന ഉത്തരവാദിത്വം ഈ നിമിഷത്തിലും ചെയ്തു.
കൂടെ നില്‍ക്കുന്ന ചതിക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല. അവരുടെ പ്രശ്നങ്ങള്‍ കൂടിയായിട്ടാണ് ഞാന്‍ കണ്ടിരുന്നത്. അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തത് അതിനാണ്. ആരുടെയും ഉള്ള് തുരന്ന് നോക്കാന്‍ പോയിട്ടില്ല. പക്ഷേ, കൂടെ നിന്ന് ചതി നടത്തിയ പാരമ്പര്യം ഈ പ്രസ്ഥാനത്തിന് ഉള്ളതിനാല്‍ അത് ഞാന്‍ തിരിച്ചറിയാന്‍ വൈകിയെന്നേയുളളൂ.
ആരെയും ചതിക്കാനോ കെണിയില്‍പ്പെടുത്താനോ കബളിപ്പിക്കാനോ മറ്റൊരാളെ ചവിട്ടി നേട്ടമുണ്ടാക്കാനോ കൂടെ നില്‍ക്കുന്നവരെ കുത്താനോ ഇതുവരെയും ശ്രമിച്ചിട്ടില്ല. നാളെയും അങ്ങനെ തന്നെയായിരിക്കും എന്റെ ജീവിതം. കെപിസിസി അധ്യക്ഷന്റെ വാര്‍ത്താസമ്മേളനത്തില്‍ ധീരജിനെ കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്.യു പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്നും പിന്തുണക്കുന്നുവെന്നും പറഞ്ഞത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി.
അത് അത്ഭുതം കൊണ്ടല്ല. തെറ്റിനും അറിയാത്ത കാര്യത്തിനും എനിക്കെതിരെ നടപടിയെടുത്തതും ഇനിയും നടപടിക്ക് നീക്കം നടക്കുന്നതും അറിഞ്ഞത് കൊണ്ടാണ്. സഹപ്രവര്‍ത്തകയെ ഉപയോഗിച്ച് സഹപ്രവര്‍ത്തകനെ പോക്സോ കേസില്‍ കുരുക്കി ഈ പ്രസ്ഥാനത്തില്‍ നിന്ന് പുറത്താക്കിയ കൂട്ടര്‍ മറ്റൊരു ആയുധവുമായി ഇപ്പോള്‍ എനിക്ക് നേരെ തിരിഞ്ഞിരിക്കുന്നു.
അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാലം കണക്ക് ചോദിക്കാതെ പോകുമെന്ന് ഞാന്‍ കരുതുന്നില്ല. അനുഭവം അതാണ്. സൂര്യനെ പാഴ്മുറം കൊണ്ട് മറച്ചു പിടിച്ച് എത്രനേരം നില്‍ക്കാനാവും. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും. കോണ്‍ഗ്രസുമായും അതിന്റെ പോഷക സംഘടനകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു. വ്യക്തിപരമായ സൗഹൃദങ്ങള്‍ക്കും സ്നേഹബന്ധങ്ങള്‍ക്കും തടസങ്ങളുണ്ടാവരുതെന്നാണ് ആഗ്രഹം. കൂടെ നിന്നവരോടും സ്നേഹിക്കുന്നവരോടും സ്നേഹവും നന്ദിയും അറിയിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.