കൊവിഡ് വര്‍ധനവ്: എറണാകുളം ജില്ലയില്‍ പൊതുപരിപാടികള്‍ വിലക്കി

കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍   കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം.ജില്ലയില്‍ പൊതുപരിപാടികള്‍ വിലക്കി.മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെയ്ക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

വിവാഹ, മരണാനന്തര ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണം.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേയ്ക്ക് അടച്ചിടാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി മൂന്നാം ദിവസവും 30 നു മുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചത്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍റെ ഉത്തരവു പ്രകാരം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ രാഷ്ട്രീയ സാമൂഹ്യ,സാംസ്ക്കാരിക,സാമുദായിക പൊതുപരിപാടികള്‍ക്ക് ജില്ലയില്‍ വിലക്കേര്‍പ്പെടുത്തി.നേരത്തെ നിശ്ചയിച്ച പരിപാടികള്‍ അടിയന്തിരമായി മാറ്റിവെയ്ക്കാനാണ് നിര്‍ദേശം.വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവ പരമാവധി 50 പേരായി പരിമിതപ്പെടുത്തി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണം.

എല്ലാ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍,സഹകരണ പൊതുമേഖല സ്ഥാപനങ്ങളിലെ യോഗങ്ങള്‍ ഓണ്‍ലൈനായി മാത്രം നടത്തണം.ഷോപ്പിംഗ് മാളുകളില്‍ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയില്‍ 25 സ്ക്ക്വയര്‍ ഫീറ്റില്‍ ഒരാളെന്ന നിലയില്‍ ക്രമീകരിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാലുടന്‍ ആ സ്ഥാപനം 15 ദിവസത്തേയ്ക്ക് അടച്ചിടണമെന്നും ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.ഈ മാസം തുടക്കത്തില്‍ ജില്ലയിലെ ടി പി ആര്‍ 5.38 ശതമാനമായിരുന്നു.

എന്നാല്‍ രണ്ടാഴ്ച്ചക്കിടെ ഇത് 33 ശതമാനത്തിലേക്കെത്തുകയായിരുന്നു.മാത്രമല്ല ഈ മാസമാദ്യം പ്രതിദിന രോഗികളുടെ എണ്ണം400 ആയിരുന്നെങ്കില്‍ ഇപ്പോഴത് 3000ആയി ഉയര്‍ന്നു.ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കു പുറമെ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.

സര്‍വ്വ സജ്ജമായ കോവിഡ് കണ്‍ട്രോള്‍ റൂം തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും.വാക്സിനേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ജില്ലാഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here