ഒരാളും കെ-റെയില്‍ പദ്ധതി കാര്‍ബണ്‍ ന്യൂട്രല്‍ ആണെന്ന് അവകാശപ്പെട്ടിട്ടില്ല: ഡോ. തോമസ് ഐസക്

ഒരാളും കെ-റെയില്‍ പദ്ധതി കാര്‍ബണ്‍ ന്യൂട്രല്‍ ആണെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന് ഡോ. ടി എം തോമസ് ഐസക്. പാരിസ്ഥിതിക പ്രവര്‍ത്തനത്തിന്റെ മുന്‍ഗണനയെന്തെന്ന് വിശദമാക്കുകയാണ് അദ്ദേഹം  തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ

ഒരു പരിസ്ഥിതിപ്രവർത്തകയായ സുഹൃത്ത് എന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളെക്കുറിച്ച് രൂക്ഷമായ പ്രതികരണം എനിക്ക് അയച്ചുതന്നിരിക്കുന്നു. അവയിലെ മുഖ്യവിമർശനങ്ങൾ ഇവയാണ്:
ഒന്ന്) കെ-റെയിൽ പദ്ധതി വലിയ തോതിൽ കാർബൺ കാൽപ്പാടുകൾ സൃഷ്ടിക്കും. ഇപ്പോൾതന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷതയിൽ അലയുന്ന കേരളത്തിന് ഇതു താങ്ങാനാവില്ല.

രണ്ട്) കാർബൺ ന്യൂട്രൽ മീനങ്ങാടിയെ പിന്തുണച്ച താങ്കൾക്ക് എങ്ങനെ കെ-റെയിലിനെ പിന്താങ്ങാനാവും?
ഒരാളും കെ-റെയിൽ പദ്ധതി കാർബൺ ന്യൂട്രൽ ആണെന്ന് അവകാശപ്പെട്ടിട്ടില്ല. കെ-റെയിലിന്റെ നിർമ്മാണത്തിനു വേണ്ടിവരുന്ന പാറകൾ, സ്റ്റീൽ, സിമന്റ്, അവയുടെ ചരക്ക് കടത്ത് എല്ലാം വലിയ തോതിൽ കാർബൺ കാൽപ്പാടുകൾ സൃഷ്ടിക്കും. അത് എത്രയെന്ന് തിട്ടപ്പെടുത്തിപ്പറയാൻ എനിക്ക് ഇപ്പോഴാവില്ല. പക്ഷെ ഒരുകാര്യം തിട്ടമായി പറയാനാകും. കെ-റെയിലിനു പകരമുള്ള പദ്ധതികൾ ഇതുപോലെ തന്നെയോ, അതിനേക്കാളേറെയോ കാർബൺ പ്രത്യാഘാതം സൃഷ്ടിക്കുന്നവയാണ്.

ഉദാഹരണത്തിന് പുതിയൊരു തെക്ക്-വടക്ക് 6/8 വരി റോഡിന് കെ-റെയിലിനേക്കാൾ കൂടുതൽ മരനാശവും പ്രകൃതിവിഭവ ചെലവും സൃഷ്ടിക്കും. നിലവിലുള്ള റെയിൽപാളത്തിനു സമാന്തരമായിട്ട് പുതിയ റെയിൽപാതയാണെങ്കിലും വലിയ വ്യത്യാസമുണ്ടാകാൻ പോകുന്നില്ല.
എന്നാൽ കെ-റെയിലിന്റെ നേട്ടം ഭാവി ഗതാഗത വളർച്ചയിൽ നിന്നാണ്. റോഡ് ഗതാഗതത്തെ അപേക്ഷിച്ച് കെ-റെയിൽ 2.8 ലക്ഷം ടൺ കാർബൺ കുറയ്ക്കും. നിങ്ങൾ എത്ര റോഡ് പണിതാലും കേരളത്തിലെ കാറുകളുടെ വർദ്ധനയുടെ കണക്കെടുത്താൽ ഏതാനും വർഷങ്ങൾ കഴിയുമ്പോൾ അവ ഗതാഗത തിരക്കുമൂലം അപര്യാപ്തമായി മാറും. കേരളത്തിലെ ഇന്നത്തെ റോഡ് മാത്ര ഗതാഗത ഘടന വിനാശകരമാണ്.

അതിൽ നിന്ന് ദീർഘദൂര കാർ യാത്രക്കാരെ മാറ്റുന്നതിന് കെ-റെയിൽ അർദ്ധഅതിവേഗ പാതയെങ്കിലും വേണം. വ്യോമഗതാഗതവും റെയിലിനേക്കാൾ വളരെ ഉയർന്ന കാർബൺ സൃഷ്ടിക്കുന്ന സമ്പ്രദായമാണ്. കൂടുതൽ പാരിസ്ഥിതിക സൗഹൃദമായ ഒരു ഗതാഗത ഘടനയിലേയ്ക്ക് കേരളത്തെ മാറ്റേണ്ടതിന്റെ പ്രാധാന്യത്തെ മനസ്സിലാക്കിക്കൊണ്ടാണ് 2009 മുതൽ വിവിധ ബഡ്ജറ്റുകളിൽ അതിവേഗ റെയിൽപ്പാത ചർച്ച ചെയ്തിട്ടുള്ളത്.

വിമർശന കുറിപ്പ് വായിച്ചപ്പോൾ എനിക്കു തോന്നിയത് ആഗോള പരിസ്ഥിതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇനി കൂടുതൽ റെയിൽപാളങ്ങളോ റോഡുകളോ ഒന്നും വേണ്ടയെന്ന തികച്ചും വ്യക്തിനിഷ്ഠമായ നിഗമനമാണ് വാദങ്ങളുടെ അടിസ്ഥാനമെന്നാണ്. ആഗോള കാലാവസ്ഥാ വ്യതിയാനം അടിയന്തിര നടപടി എല്ലാവരിൽ നിന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കേരളവും ഇന്ത്യയും പോലുള്ള അവികസ്വര രാജ്യങ്ങൾക്ക് വികസന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനാവില്ല. നമ്മുടെ പ്രതിശീർഷ ഊർജ്ജ ഉപഭോഗം ഇനിയും ഗണ്യമായി ഉയരേണ്ടതുണ്ട്. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതി-യുവാക്കൾക്ക് അവരുടെ യോഗ്യതയ്ക്കനുസൃതമായ തൊഴിലുകൾ കേരളത്തിൽ സൃഷ്ടിക്കേണ്ടതുണ്ട്. അത്തരമൊരു വികസനതന്ത്രത്തിൽ അനിവാര്യമാണ് കൂടുതൽ പശ്ചാത്തലസൗകര്യങ്ങൾ.

കാലാവസ്ഥ നീതി എന്നൊരു സങ്കൽപ്പം നമ്മൾ വിസ്മരിക്കാൻ പാടില്ല. ചരിത്രപരമായി ആഗോള കാർബൺ പ്രതിശീർഷ വർദ്ധനയിൽ ആരുടെ ഉത്തരവാദിത്വമാണെന്നു നോക്കിയാൽ നമ്മെപ്പോലുള്ള പിന്നോക്ക രാജ്യങ്ങളുടെ സ്ഥാനം വളരെ വളരെ താഴ്ന്നതായിരിക്കും. അമേരിക്കയും മറ്റുമായിരിക്കും പ്രതിസ്ഥാനത്ത്. അവർ ഊർജ്ജ ഉപഭോഗം കുറയ്ക്കണം. നമ്മുടേത് ഇനിയും ഉയർത്താനുള്ള ഇടം തരണം. ഇതാണ് കാലാവസ്ഥ നീതി. അല്ലാതെ എല്ലാവരും ഇന്നത്തെ നിലയിൽതന്നെ ഒതുങ്ങണമെന്ന വാദം സ്വീകാര്യമല്ല.

ഇതിനർത്ഥം കേരളത്തിനും ഇന്ത്യയ്ക്കും ഒന്നും ചെയ്യാനില്ല എന്നല്ല. വികസനത്തിനു പൂരകമാകുന്ന കാർബൺ കുറയ്ക്കുന്ന എത്രയോ കാര്യങ്ങൾ ചെയ്യാനാവും. അതിലൊന്നാണ് കാർബൺ ന്യൂട്രൽ മീനങ്ങാടിയുടെ മാതൃക. ഇതിനെ പിന്തുണയ്ക്കുകയായിരുന്നില്ല. അതിനു രൂപംനൽകാൻ മുൻകൈയെടുത്ത വ്യക്തികളിൽ ഒരാളാണ്. മീനങ്ങാടിയിൽ മാത്രമല്ല, വയനാട് മുഴുവൻ ഇത്തരത്തിലുള്ള ഒരു ജനകീയ പ്രസ്ഥാനത്തിനു രൂപം നൽകാനാണു ശ്രമിക്കുന്നത്. അതാകട്ടെ അവിടുത്തെ കാർഷിക-ടൂറിസം വികസനത്തിനു പോഷകമാണ്.

വയനാടൻ കാപ്പിപ്പൊടി ബ്രാൻഡ് ചെയ്തു വിൽക്കുന്നതിനുള്ള ബൃഹത് കാർഷിക പരിപാടിയുടെ ഭാഗമായിട്ടാണ് കാർബൺ ന്യൂട്രൽ വയനാട് രൂപംകൊണ്ടിരിക്കുന്നത്. ഇതു കേരളത്തിലെ സമാനമായ പല ജനകീയ മുൻകൈകൾക്കും പ്രചോദനമായിട്ടുണ്ട്. ഇതുപോലൊന്നാണ് ഓരോ വർഷവും ഒരുകോടി ഫലവൃക്ഷങ്ങൾവീതം നടുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതി. ഊർജ്ജദുർവ്യയം പരമാവധി കുറയ്ക്കണം.

എന്നിട്ടുമുള്ള ശിഷ്ടകാർബൺ പരമാവധി സ്വാംശീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ജൈവമാലിന്യങ്ങൾ കമ്പോസ്റ്റ് ചെയ്യുന്നതിനും വളമായി ഉപയോഗിക്കുന്നതിനുമുള്ള മുൻകൈകൾ ഈയൊരു സാഹചര്യത്തിലാണ് ഏറ്റവും പ്രസക്തമാകുന്നത്. ജലാശയങ്ങൾ ശുദ്ധീകരിക്കാനുള്ള തീവ്രയജ്ഞം വേണം. ഇതൊക്കെ നമ്മുടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ വലിയ ജനകീയപ്രസ്ഥാനമായി വളർത്തുന്നതിലാണ് പരിസ്ഥിതി പ്രവർത്തനത്തിന്റെ മുൻഗണന ഞാൻ കാണുന്നത്. അല്ലാതെ വളരെ സ്റ്റാറ്റിക് ആയിട്ടുള്ള വികസന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ കെ-റെയിലിനെ എതിർക്കുന്നതിൽ അല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News