ഏഴു ദിവസം സ്വയം പരിചരണത്തിലൂടെ കഴിയുന്നത്ര ജാഗ്രത പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സാധാരണ ജലദോഷപ്പനിയെന്നപോലെ പുറത്തിറങ്ങി നടക്കരുതെന്നർഥം.തൊണ്ടവേദനയും ജലദോഷവുമുണ്ടാകുമെന്നതിനാൽ ആവിപിടിക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കുന്നത് നല്ലതാണ്:ഏഴു ദിവസം സ്വയം പരിചരണത്തിലൂടെ കഴിയുന്നവരോട് ഡോ എസ് എസ് സന്തോഷ്‌കുമാർ പറയുന്നത് ഇങ്ങനെ.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡെപ്യുട്ടി സുപ്രണ്ടാണ് ഡോ സന്തോഷ്‌കുമാർ
ഹോം സെൽഫ് കെയർ എന്ന രീതി നമുക്ക് അത്ര പരിചയമില്ല;എന്നാൽ ഇനിയുള്ള കാലങ്ങളിൽ അത് അത്യാവശ്യമാണ് .ഡോ എസ് എസ് സന്തോഷ്‌കുമാർ എഴുതുന്നു
മൂന്നാംതരംഗത്തിൽ കോവിഡ് വളരെ പെട്ടെന്നാണ് വ്യാപിക്കുന്നത്. രോഗസ്ഥിരീകരണ നിരക്ക് 30 ശതമാനത്തിനുമേലാണ്. അതായത് ടെസ്റ്റ് ചെയ്യുന്നതിൽ മൂന്നിലൊരാൾക്കെങ്കിലും രോഗമുണ്ട്. ഇതത്രയും ഒമിക്രോൺ വകഭേദമാണോ എന്നറിയില്ല. ആകാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. ഒമിക്രോൺ അത്ര അപകടകാരിയല്ലാത്തതിനാൽ അക്കാര്യത്തിൽ ആശങ്കയ്ക്ക് സ്ഥാനവുമില്ല. പക്ഷേ, ഇനിയുള്ള മൂന്നാഴ്ച വളരെ നിർണായകമാണ്. ഒരു വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റെല്ലാവർക്കും കിട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
രോഗം വന്ന ഗുരുതരമല്ലാത്തവരെ വീട്ടിൽ തന്നെ പരിചരിക്കുകയെന്ന രീതി ഒന്നാം തരംഗത്തിന്റെ അവസാനഘട്ടത്തിലാണ് നാം വികസിപ്പിച്ചത്. രോഗത്തിന്റെ തുടക്കത്തിൽ എല്ലാവരേയും ആശുപത്രികളിലോ ഫസ്റ്റ് ലൈൻ ട്രീമെന്റ് കേന്ദ്രങ്ങളിലോ ആണ് പാർപ്പിച്ചത്. രണ്ടാം തരംഗത്തിലെത്തിയപ്പോഴേക്കും ഗൃഹപരിചരണത്തിന്റെ തോത് വർധിപ്പിച്ചു. ‘എ’ കാറ്റഗറിയിൽപെട്ടവർ വീട്ടിൽതന്നെ നിന്നാൽ മതിയെന്ന തീരുമാനം പലതരത്തിലും ഗുണകരമായി. രോഗമുള്ളവർ ഒരു മുറിയിൽ ഒറ്റയ്ക്കു കഴിയുകയും മറ്റുള്ളവർ അവരുടെ അടുത്തെത്താതെ തന്നെ പരിചരിക്കുകയുമായിരുന്നു രീതി. അന്ന് പതിനാലു ദിവസത്തിലേറെ ക്വാറന്റൈൻ വേണമായിരുന്നു. ഇപ്പോഴത് ഏഴുദിവസം മതി. ആ ഏഴു ദിവസം സ്വയം പരിചരണത്തിലൂടെ കഴിയുന്നത്ര ജാഗ്രത പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സാധാരണ ജലദോഷപ്പനിയെന്നപോലെ പുറത്തിറങ്ങി നടക്കരുതെന്നർഥം.
ഗൃഹപരിചരണത്തിൽ ഏറ്റവും പ്രധാന റോൾ വഹിക്കുന്നത് രോഗിയെ പരിചരിക്കുന്ന ആൾതന്നെയാണ്. അങ്ങനെയൊരാളില്ലെങ്കിൽ ഗൃഹപരിചരണംകൊണ്ട് ഗുണമുണ്ടാകില്ല. രോഗിക്ക് പലവിധത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുകയും ചെയ്യും. കോവിഡിന്റെ ഇപ്പോഴത്തെ തരംഗത്തിൽ രോഗിക്ക് നേരത്തേതുപോലെ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായില്ലെങ്കിലും പരിചരിക്കാൻ ഒരാളില്ലാതെ വരുന്നുവെന്നതാണ് പ്രതിസന്ധി. ഒരു വീട്ടിൽ എല്ലാവർക്കും ഒരുപോലെ രോഗം വന്നാലെന്തുചെയ്യും?
ഹോം സെൽഫ് കെയർ എന്നൊരു സംവിധാനം വികസിപ്പിക്കുകയാണ് ഈ സാഹചര്യത്തിൽ ചെയ്യാനാകുക. രോഗികളുടെ കൂട്ടത്തിൽ നിൽക്കുകയെന്നത് പുറത്തുനിന്നുള്ള കെയർ ടെക്കറെ സംബന്ധിച്ചിടത്തോളം റിസ്‌കുള്ള കാര്യമാണ്. ഈ സാഹചര്യത്തിലാണ് സാധിക്കുന്നവരൊക്കെ ഹോം സെൽഫ് കെയർ എന്ന രീതിയിലേക്ക് മാറേണ്ടത്. ഞാൻ അതാണിപ്പോൾ പരിശീലിച്ചുനോക്കുന്നത്. രോഗം സ്ഥിരീകരിക്കുകയും കാറ്റഗറി ‘എ’ ആയിരിക്കുകയും ചെയ്യുന്നവർക്കാണിത് ബാധകമെന്ന് ആദ്യം തന്നെ വ്യക്തമാക്കട്ടെ. അറുപതിനുമേൽ പ്രായമുള്ളവരും മറ്റ് രോഗങ്ങളുള്ളവരും ഇതിന് ശ്രമിക്കാതിരിക്കുകയാണ് നല്ലത്. കെയർ ടേക്കറുള്ള ഹോം കെയറോ ആശുപത്രിയോ ആണ് അത്തരക്കാർക്ക് നല്ലത്. ഒറ്റയ്ക്കു താമസിക്കുന്നവർക്കാണ് ഏറ്റവുമധികം സെൽഫ് കെയർ ആവശ്യമുള്ളത്. ഒന്നിലേറെപ്പേർ രോഗബാധിതരാണെങ്കിൽ പരസ്പരം നിരീക്ഷിക്കണം.
രോഗം വന്നവർക്കു മാത്രമായി ഒരു കൂട്ടായ്മ ഉണ്ടാക്കി ഒരിടത്തു കഴിയാം.
ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും കാര്യത്തിൽ മാത്രമാണ് പുറത്തുനിന്ന് സഹായം വേണ്ടിവരിക. ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച് ഒരു മുറിയിൽ ഒറ്റയ്ക്കു കഴിയേണ്ടി വരുമ്പോൾ. വീട്ടിലെല്ലാവർക്കും രോഗമുണ്ടെങ്കിൽ, അതിലൊരാൾക്ക് ഈവക ജോലികൾ സാധ്യമാണെങ്കിൽ ചെയ്യാം. എങ്കിലും ഏറ്റവും കുറഞ്ഞ അധ്വാനത്തിൽ ഒരാഴ്ച കഴിഞ്ഞുകിട്ടുക എന്നത് പ്രധാനമാണ്. നഗരങ്ങളിൽ ഭക്ഷണത്തിന് വലിയ പ്രശ്‌നമുണ്ടാകില്ല. ഓൺലൈൻ സംവിധാനംവഴി ആവശ്യമായ ഭക്ഷണം എത്തിക്കാനാകും. ഗ്രാമങ്ങളിൽ കമ്യൂണിറ്റി കിച്ചനുകളോ നേരിട്ടറിയാവുന്ന ഭക്ഷണശാലകളോ ആകും ഇതിനായി സഹായിക്കുക. ഇക്കാര്യത്തിലാണ് സാമൂഹിക ഇടപെടൽ വേണ്ടിവരിക. രോഗബാധിതരുള്ള വീടുകളിലെ ഭക്ഷണകാര്യങ്ങളിൽ പഴയതുപോലെ പൊതുസമൂഹം ശ്രദ്ധ ചെലുത്തുന്നതും നല്ലതാണ്. പ്രത്യേകിച്ച് ഗ്രാമങ്ങളിൽ.
വെന്റിലേഷനുള്ളതും ഫാനുള്ളതുമായ മുറികൾവേണം കഴിയുന്നതും ഉപയോഗിക്കാൻ. പൾസ് ഓക്‌സിമീറ്ററും പനി നോക്കാൻ തെർമോമീറ്ററും കരുതണം. തനിച്ചു താമസിക്കുന്നവർ പ്രത്യേകിച്ചും. തൊണ്ടവേദനയും ജലദോഷവുമുണ്ടാകുമെന്നതിനാൽ ആവിപിടിക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഒറ്റയ്ക്കു കഴിയുന്നവർ വെള്ളം ചൂടാക്കാൻ ഇൻഡക്ഷൻ കുക്കറോ മറ്റോ കരുതണം. കുടിക്കാനും ഉപ്പുവെള്ളം ഗാർഗിൾ ചെയ്യാനും ചൂടുവെള്ളം വേണമല്ലോ. പാരസെറ്റമോളും മൾട്ടി വൈറ്റമിൻ ടാബ്‌ലെറ്റുകളുമാണ് മരുന്നായി വേണ്ടിവരിക. അസിത്രോമൈസിൻ പോലുള്ള ഗുളികകളും ചിലപ്പോൾ ഉപയോഗിക്കേണ്ടി വന്നേക്കാം. ഇത്തരം കാര്യങ്ങളിൽ ഒരു ഡോക്ടറുടെ നിർദ്ദേശം തേടുകയും മരുന്നുകൾ കരുതുകയും ചെയ്യണം.
ഒരുമിച്ചു താമസിക്കുമ്പോൾ സ്വന്തമായി നിരീക്ഷിക്കുന്നതിനൊപ്പം രോഗത്തിന്റെ തീവ്രത ഏറ്റവും കുറഞ്ഞവർ രോഗതീവ്രത കൂടിയവരെ നിരീക്ഷിക്കുന്ന രീതിയാണ് ഉത്തമം. പൾസ് ഓക്‌സി മീറ്ററും ശരീര താപനിലയും മൂന്നോ നാലോ മണിക്കൂർ ഇടവിട്ട് പരിശോധിച്ച് ഒരു ചാർട്ടിൽ രേഖപ്പെടുത്തി രോഗാവസ്ഥ നിരീക്ഷിക്കാം. സാച്വുറേഷൻ 94ൽ താഴെപ്പോയാൽ ഉടൻ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ട് ഉപദേശം തേടാനാകണം. ശ്വാസംമുട്ട്, നെഞ്ചുവേദന,. ബോധക്ഷയം പോലെ എന്തെങ്കിലുമുണ്ടായാൽ ആശുപത്രിയിൽ എത്തുന്നതിന് ആംബുലൻസ് സംവിധാനത്തെ ആശ്രയിക്കാം. വസ്ത്രം കഴുകുന്നതുംമറ്റും വാഷിംഗ് മെഷീൻ ഉണ്ടെങ്കിലേ ചെയ്യാവൂ. മറ്റ് ആയാസകരമായ പ്രവൃത്തികൾ ഈ ഒരാഴ്ച ഒഴിവാക്കുകതന്നെ വേണം.
Get real time update about this post categories directly on your device, subscribe now.