കെണി ഒരുക്കി ഒരു ജീവനെ രക്ഷിച്ച ആലിയും റംലയും

അപകടത്തില്‍പെട്ട് അബോധാവസ്ഥയിലായ പൂച്ചയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ഹോട്ടല്‍ ഉടമയും ഭാര്യയും ചുണ്ടില്‍ മാസ്‌ക് കുടുങ്ങിയ കൊറ്റിക്കും രക്ഷകരായി. കോഴിക്കോട് അമ്പായത്തോട് സ്വദേശി ആലിയും ഭാര്യ റംലയുമാണ് കാരുണ്യത്തിന്റെ കാവല്‍ക്കാരായത്. ആരോ വലിച്ചെറിഞ്ഞ മാസ്‌ക് ചുണ്ടില്‍ കുടുങ്ങിയതിനാല്‍ അവശ നിലയിലായ കൊറ്റിയെയാണ് ഇവര്‍ രക്ഷിച്ചത്.

അമ്പായത്തോട് സ്വദേശി ആലിയും ഭാര്യ റംലയും മൂന്ന് പതിറ്റാണ്ടായി താമരശ്ശേരി അമ്പായത്തോടിലെ റഹ്‌മാനിയ ഹോട്ടല്‍ നടത്തുന്നു. ജീവിത പ്രയാസങ്ങള്‍ക്കിടയിലും ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താറുള്ള ഇവര്‍ മിണ്ടാ പ്രാണികളുടെ സംരക്ഷകർ കൂടിയാണ്. ആരോ വലിച്ചെറിഞ്ഞ സര്‍ജിക്കല്‍ മാസ്‌ക് കൊക്കില്‍ കുടുങ്ങിയത് കാരണം അവശനിലയിലായ കൊറ്റിയെ ഇവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു.

ഹോട്ടലിന് പിന്നില്‍ ഒരാഴ്ചയോളമായി മാസ്‌ക് കുടുങ്ങിയ നിലയില്‍ കൊറ്റിയെ കാണുന്നുണ്ടായിരുന്നു. നാല് ദിവസം പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കൊറ്റി അവശ നിലയിലായതോടെ അഞ്ചാം നാൾ കെണിയൊരുക്കി പിടികൂടി. ആലിയും ഭാര്യയും ചേര്‍ന്ന് കൊറ്റിയെ പിടിച്ച് മാസ്‌ക് മുറിച്ചു മാറ്റി.

അഞ്ച് മാസം മുമ്പ് അപകടത്തില്‍പെട്ട് അബോധാവസ്ഥയിലായ പൂച്ചയെ ഇവര്‍ ജീവിതത്തിലേത്ത് തിരിച്ചെത്തിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഇവരുടെ ഹോട്ടലില്‍ എത്തിപ്പെട്ട പൂച്ചയാണ് അപകടത്തില്‍ പെട്ടത്. ദേശീയപാതയിലൂടെ കടന്ന് പോയ ഏതോ വാഹനം പൂച്ചയെ ഇടിക്കുകയായിരുന്നു.

രാത്രി വീട്ടിലെത്തി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് ആലി വിവരം അറിഞ്ഞത്. ഭക്ഷണം ഒഴിവാക്കി റോഡിലെത്തിയെങ്കിലും പൂച്ചയെ കണ്ടെത്താനായില്ല. മൂന്ന് ദിവസം തിരച്ചില്‍ നടത്തി. മൂന്നാം ദിവസം രക്തത്തില്‍ കുളിച്ച നിലയിലാണ് പൂച്ചയെ കണ്ടെത്തിയത്. ഇതിനെ എടുത്തുകൊണ്ടുവന്ന് പരിചരണം നല്‍കി.

പൂച്ചക്ക് കാഴ്ച പൂര്‍ണ്ണമായും തിരിച്ചു കിട്ടിയില്ലെങ്കിലും ജീവന്‍ രക്ഷിക്കാനായതിലുള്ള ആശ്വാസത്തിലാണ് ആലിയും ഭാര്യയും. പ്രയാസപ്പെടുന്ന പല കുടുംബങ്ങള്‍ക്കും ആലിയുടെ ഇടപെടല്‍ കാരണം സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാനുഷിക മൂല്യങ്ങളെ സ്വാര്‍ത്ഥത കീഴ്‌പ്പെടുത്തുന്ന കാലത്താണ് ആലിയും ഭാര്യ റംലയും നാടിന് തന്നെ അഭിമാനമായി മാറുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News