അറിയാമായിരുന്നിട്ടും നിങ്ങൾ പേര് തെറ്റിച്ചെഴുതിവച്ച പുഞ്ചയിൽ നാണുവുണ്ട്. വർഷങ്ങളോളം സർക്കസ് തൊഴിലാളിയായി ലോകം ചുറ്റിയ, സിപിഐഎം നേതാവായ പുഞ്ചയിൽ നാണു. എന്നാൽ ഞങ്ങൾക്ക് ഒരേ ഒരു നാണുവല്ല ഉള്ളത്. പുഞ്ചയിൽ നാണുവേട്ടനെ പോലെ എല്ലാ നാടുകളിലും കാണുവാൻ കഴിയുന്ന നാണുവേട്ടന്മാർ.
ഈ നാണുവേട്ടൻമാർ തലമുറതലമുറകളായി പകുത്തെടുത്ത് നൽകിയ ഇമ്യൂണിറ്റി മുറുകെ പിടിച്ചാണ് കേരളം മുന്നോട്ട് പോയത്. നമ്മുടെ നാട്ടിലെ യുവത്വത്തെ ഊതിക്കാച്ചാൻ ചായക്കടകളിലും തോട്ടുവക്കുകളിലും ഇരുന്ന് തീയൂതിപ്പെരുക്കുകയായിരുന്നു ഇവർ.
മലീമസമായ കൂട്ടുകെട്ടുകളിൽ പെട്ടുപോകുന്ന നിങ്ങളെ കണ്ട് അയാൾ കരഞ്ഞിട്ടുണ്ടാകും.. നിങ്ങളുയർത്തിയ നുണക്കോട്ടകൾക്ക് മുന്നിലും നിങ്ങളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി മരിക്കുന്നതിന് അയാൾക്ക് വോൾട്ടയറെ കേൾക്കണമെന്നുണ്ടാകില്ല..
ഒരു ബൂർഷ്വാ എസ്റ്റാബ്ലിഷ്മെൻ്റിൻ്റെ തലപ്പത്ത് ഒരു പെൺകുട്ടി വരുന്നതിൽ ഏറ്റവും സന്തോഷിച്ചത് അതേ നാണുവേട്ടൻമാരായിരിക്കണം. അത് നിങ്ങളിൽ നിന്ന് ആനുകൂല്യം പ്രതീക്ഷിച്ചാകാൻ വഴിയില്ല. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള ഐക്യപ്പെടൽ അയാളുടെ ശീലമാണ്. അത് നിങ്ങൾക്ക് മനസ്സിലാകുന്നില്ലെങ്കിലും നാണുവേട്ടന്മാർ രാഷ്ട്രീയം കുത്തിവെച്ച് വളർത്തിയെടുത്ത തലമുറകൾക്ക് ഏറ്റെടുക്കാനാകും.
നവ സാമ്രാജ്യത്വത്തിൻ്റെ പുതിയ കാലത്തും നിങ്ങളുടെ ഇൻ്റർനാഷണൽ വാർത്താ പ്രോഗ്രാമുകൾക്ക് ടിപിആർ തകരാതെ നോക്കിയത് ഈ പുഞ്ചയിൽ നാണുവേട്ടൻമാർ തന്ന പൊളിറ്റിക്കൽ ക്ലാരിറ്റിയാണ്.
പാർട്ടിക്കമ്മറ്റികളിൽ നിന്ന് ചോർത്തിയെന്ന് പറഞ്ഞ് നിങ്ങളെല്ലാം പടച്ചുവിട്ട കള്ളപ്രചരണങ്ങൾക്കിടയിലും കമ്മിറ്റി കഴിഞ്ഞിറങ്ങിവന്ന് ക്ഷമ കെടാതെ സംസാരിക്കുന്നവർ നാണുവേട്ടൻ വളർത്തിയെടുത്ത കുട്ടികളാണ്.
നാണുവേട്ടന്മാരുടെ പുറകെ നടക്കാൻ ഞങ്ങളാവശ്യപ്പെടുന്നില്ല.. കാരണം കേശവൻ മാമന്മാരുടെ പുറകെ ഓടുന്ന നിങ്ങളെത്ര നൂറ്റാണ്ടുകൾ മറികടന്നാലാണ് നാണുവേട്ടൻ ചെങ്കോടിയേന്തി നയിക്കുന്ന ജാഥ ഒന്ന് കാണാനെങ്കിലും കഴിയുക..
കെ സിദ്ധാര്‍ത്ഥ്
ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ്
കൈരളി ന്യൂസ്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.