അത് ബാഡ് ടച്ചാണ്, അതിനാൽ മാമൻ കുറ്റം ചെയ്തിട്ടുണ്ട്. മാമനെ ശിക്ഷിക്കണം. വിസ്താര വേളയിൽ ഒമ്പത് വയസുകാരൻ കോടതിയിൽ പറഞ്ഞ മൊഴിയാണിത്.
ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് തിരിച്ചറിയാം, സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ടെന്നും പീഡനമേറ്റ ഒമ്പത് വയസ്സുള്ള ആൺക്കുട്ടി കോടതിയിൽ പറഞ്ഞു. ഈ ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു.
മണക്കാട് കാലടി സ്വദേശി വിജയകുമാറി (54)നെയാണ് ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം.
2020 നവംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി തുമ്പയിലുള്ള വീട്ടിലെ വരാന്തയിൽ നിൽക്കുകയായിരുന്നു. വീട്ടുജോലിക്ക് വന്ന പ്രതി കുട്ടിയെ ബലമായി പിടിച്ചതിന് ശേഷം സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരോ വന്നതിനാൽ പ്രതി പിടി വിട്ടു.
പേടിച്ച് വീടിനകത്തേയ്ക്ക് കുട്ടി ഓടിപ്പോയി. അമ്മയോട് സംഭവം പറയുമ്പോൾ പ്രതി വീടിൻ്റെ പിൻഭാഗത്ത് വന്നിട്ട് കുട്ടിയെ വീണ്ടും വിളിച്ചു. അമ്മ ഈ സംഭവം കുട്ടിയുടെ അച്ഛനോട് പറഞ്ഞ സമയം പ്രതി കടന്ന് കളഞ്ഞു.സംഭവത്തിനെ കുറിച്ച് വീട്ടുകാർ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. പ്രതി തന്നെ ബാഡ് ടച്ച് ചെയ്തതിനാൽ പൊലീസിൽ പരാതി നൽക്കണമെന്ന് കുട്ടി തന്നെ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് തുമ്പ പൊലീസ് കേസ് എടുത്തത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും പ്രതി പിഴ തുക നൽകുകയാണെങ്കിൽ അത് വാദിക്ക് നൽകണമെന്നും കോടതി ഉത്തരവിലുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.