നടിയെ ആക്രമിച്ച കേസ് ; വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണം, ഹൈക്കോടതിയെ സമീപിച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി അംഗീകരിച്ചു. കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്നും പ്രതികളുടെ ഫോണ്‍ വിശദാംശങ്ങളുടെ അസ്സല്‍ രേഖകള്‍ വിളിച്ചുവരുത്തണമെന്നുമുള്ള ആവശ്യങ്ങളാണ് ഹൈക്കോടതി അംഗീകരിച്ചത്.

10 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.അതേ സമയം വിചാരണതീരും വരെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.കേസിലെ പുതിയ സാക്ഷികളും വീണ്ടും വിസ്തരിച്ചവരും ഉള്‍പ്പടെ 16 പേരെ വിസ്തരിക്കാന്‍ അനുമതി തേടിയാണ് പ്രോസിക്യൂഷന്‍ നേരത്തെ വിചാരണക്കോടതിയെ സമീപിച്ചത്.എന്നാല്‍ വിചാരണക്കോടതി ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി 5 പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.നിലീഷ,കണ്ണദാസന്‍,സുരേഷ് ,ഉഷ,കൃഷ്ണമൂര്‍ത്തി എന്നിവരാണ് പുതുതായി വിസ്തരിക്കുന്ന സാക്ഷികള്‍.അതേ സമയം പ്രതികളുടെ ഫോണ്‍ വിശദാംശങ്ങളുടെ അസ്സല്‍ രേഖകള്‍ വിളിച്ചുവരുത്താന്‍ നിര്‍ദേശിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.

പലരുടെയും മൊബൈല്‍ ഫോണ്‍,സിംകാര്‍ഡ് വിവരങ്ങളെല്ലാം ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു.ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച അസ്സല്‍ രേഖകള്‍ വിളിച്ചുവരുത്താന്‍ നിര്‍ദേശം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിരസിക്കുകയായിരുന്നു.ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ച് മറ്റൊരു ഹര്‍ജികൂടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളുടെ ഫോണ്‍ വിശദാംശങ്ങളുടെ അസ്സല്‍ രേഖകള്‍ വിളിച്ചുവരുത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്, തുടര്‍ന്നുള്ള വിചാരണ നടപടികളില്‍ ഏറെ നിര്‍ണ്ണായകമാകും.കൂടുതല്‍ സാക്ഷികളെ വിസ്തരിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ 10 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കണമെന്നും അല്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.അതേ സമയം വിചാരണതീരും വരെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

രഹസ്യവിചാരണ നിര്‍ദേശം മാധ്യമങ്ങള്‍ ലംഘിക്കുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here