സില്‍വര്‍ലൈന്‍ ഭൂമി ഏറ്റെടുക്കല്‍ എല്ലാ ആശങ്കകളും പരിഹരിച്ചതിന് ശേഷം; മന്ത്രി കെ രാജന്‍

സില്‍വര്‍ലൈന്‍ അര്‍ദ്ധഅതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ എല്ലാ ആശങ്കകളും പൂര്‍ണമായും ദൂരികരിച്ച് കൊണ്ട് മാത്രമേ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകൂ എന്ന് റവന്യൂമന്ത്രി കെ രാജന്‍. കാസര്‍കോട്-തിരുവനന്തപുരം അര്‍ദ്ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സില്‍വര്‍ലൈന്‍ പദ്ധതിക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിനെ സംബന്ധിച്ച് പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ പദ്ധതിയുടെ ഭാഗമായി ഇട്ടിരിക്കുന്ന കല്ലുകള്‍ ഭൂമി ഏറ്റെടുക്കുന്നതിനായി ഉള്ളതല്ല. സാമൂഹിക ആഘാത പഠനം നടത്തുന്നതിനുള്ള മേഖല നിര്‍ണയിച്ചു നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്.

പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം പദ്ധതി ബാധിതരെ വിളിച്ചു ചേര്‍ത്ത് ഹിയറിംഗ് നടത്തി വിദഗ്ധ കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കേണ്ട ഭൂമി നിര്‍ണയിക്കുകയെന്നും മന്ത്രി പറഞ്ഞു. ഭൂമിക്ക് മതിപ്പ് വിലയുടെ നാലിരട്ടി വരെ തുക നല്‍കിയും സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കിയുമാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനെല്ലാം പരിഹാരം കാണുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ദീര്‍ഘമായ ചര്‍ച്ചകളുടെയും ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയത്. ദേശീയപാതയ്ക്ക് 60 മീറ്റര്‍ വരെ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്ന സ്ഥാനത്ത് കെ റെയിലിന് വേണ്ടി 15 മീറ്റര്‍ മുതല്‍ 25 മീറ്റര്‍ വരെ വീതിയില്‍ മാത്രമാണ് ഭൂമി ഏറ്റെടുക്കുന്നത്.

പാത കടന്നു പോകുന്ന 530 കിലോമീറ്ററില്‍ 137 കിലോമീറ്റര്‍ ആകാശപാതയോ തുരങ്കങ്ങളോ ആണ്. ബാക്കി 400ഓളം കിലോമീറ്ററില്‍ ഓരോ 500 മീറ്ററിലും പാത മുറിച്ചുകടക്കാന്‍ വഴിയൊരുക്കും. അതിനാല്‍ കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയാണ് ഇതെന്ന വാദം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

നിലവിലെ റെയില്‍വേ ട്രാക്കില്‍ 36 ശതമാനം ഇടങ്ങളിലും കൊടും വളവാണ്. ഇവ നിവര്‍ത്താതെ അതിവേഗ ട്രെയിനുകള്‍ ഓടിക്കാനാവില്ല. വളവുകള്‍ നിവര്‍ത്തുന്നതിന് ഏകദേശം കെ-റെയില്‍ പദ്ധതിക്കാവശ്യമായ അത്ര തന്നെ ഭൂമി ഏറ്റെടുക്കേണ്ടതായി വരും.

കെ-റെയില്‍ വഴി യാത്ര എളുപ്പമാകുമെന്നു മാത്രമല്ല, ചരക്ക് ഗതാഗത കാര്യത്തില്‍ ഒരു വലിയ മുന്നേറ്റം കൂടി സാധ്യമാകും. പരിസ്ഥിതി ആഘാതം പരമാവധി കുറച്ചു നടപ്പിലാക്കുന്ന പദ്ധതി വഴി, വാഹനങ്ങള്‍ ഉണ്ടാക്കുന്ന വായു മലിനീകരണം വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

വര്‍ഷത്തില്‍ 40,000ത്തിലേറെ വാഹനാപകടങ്ങള്‍ നടക്കുന്ന കേരളത്തിലെ റോഡുകളില്‍ 4000ത്തിലേറെ ജീവനുകളാണ് അവയിലൂടെ പൊലിയുന്നത്. ഇത് വലിയൊരു അളവ് വരെ കുറയ്ക്കാന്‍ കെ-റെയില്‍ പദ്ധതിയിലൂടെ സാധിക്കും. കെ-റെയില്‍ വരുന്നതോടെ റോഡ് ഗതാഗതം സുഗമമാവുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ പുതിയൊരു അധ്യായമായി കെ-റെയില്‍ മാറുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ദേവസ്വം, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളം ഭാവിയില്‍ അഭിമാനത്തോടെ എടുത്തുപറയുന്ന നേട്ടമായി ഇത് മാറും. കേരള കൈവരിച്ച സാമൂഹിക വികസനത്തിനൊപ്പം ഭൗതിക സാഹചര്യങ്ങള്‍ കൂടി വികസിക്കേണ്ടതുണ്ടെന്നും അതിന് കെ-റെയില്‍ പോലുള്ള പദ്ധതികള്‍ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

ഏത് പുതിയ പദ്ധതി വരുമ്പോഴും ജനങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടാവുക സാധാരണമാണെന്നും സ്വാഭാവികമായ അത്തരം ആശങ്കകള്‍ പരിഹരിച്ചുകൊണ്ടു മാത്രമേ സര്‍ക്കാര്‍ മുന്നോട്ടുപോവുകയുള്ളൂ എന്നും മന്ത്രി കൂട്ടിചേര്‍ത്തു.

പുതിയ കാലത്തിന് അനുസരിച്ച് സംസ്ഥാനത്തെ ഗതാഗത സംവിധാനം വികസിക്കേണ്ടതുണ്ടെന്ന് പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍ ബിന്ദു പറഞ്ഞു. നവകേരള സൃഷ്ടിക്ക് അനുയോജ്യമായ രീതിയിലുള്ള പദ്ധതി നടപ്പിലാവുന്നതോടെ സംസ്ഥാനം കൂടുതല്‍ നിക്ഷേപ സൗഹൃദമാവും.

വാണിജ്യ, വ്യവസായ, ടൂറിസം, ഐടി മേഖലകളില്‍ വലിയ കുതിച്ചു ചാട്ടത്തിന് പദ്ധതി വഴിയൊരുക്കും. നിര്‍മ്മാണ ഘട്ടത്തില്‍ 50,000 പേര്‍ക്കും പദ്ധതി പൂര്‍ത്തിയാവുന്നതോടെ 10,000 പേര്‍ക്കും തൊഴില്‍ നല്‍കാനും ഇതിലൂടെ സാധിക്കും. ഗെയില്‍, ദേശീയപാതാ വികസനം പോലുള്ള സംസ്ഥാനത്തെ വികസന പദ്ധതികളെ നേരത്തേ തുരങ്കം വയ്ക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കെ-റെയിലിനെതിരേയും പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അവ ജനങ്ങള്‍ തള്ളിക്കളയുമെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങള്‍ക്കിടയിലുള്ള ആശങ്കകള്‍ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെ പാത കടന്നു പോകുന്ന ജില്ലകളില്‍ സംസ്ഥാന സര്‍ക്കാരും കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും സംയുക്തമായാണ് വിശദീകരണ യോഗം സംഘടിപ്പിച്ചത്.

തൃശൂര്‍ കെ കരുണാകരന്‍ സ്മാരക ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ കെ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി അജിത് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. എംഎല്‍എമാരായ പി ബാലചന്ദ്രന്‍, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി- സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കെ റെയില്‍ പ്രോജക്ട് ആന്റ് പ്ലാനിംഗ് ഡയറക്ടര്‍ പി ജയകുമാര്‍ സ്വാഗതവും ജോയിന്റ് ജനറല്‍ മാനേജര്‍ ജി അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

ആശങ്കകള്‍ തീര്‍ത്ത് ജനസമക്ഷം സില്‍വര്‍ ലൈന്‍

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്ന എല്ലാ ആശങ്കകളും സംശയങ്ങളും തീര്‍ത്ത് ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം. പദ്ധതിയെ കുറിച്ച് ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടുള്ള എല്ലാ സംശയങ്ങള്‍ക്കും വ്യക്തത വരുത്തുന്ന രീതിയിലായിരുന്നു പരിപാടി.

ജില്ലയിലെ മൂന്ന് മന്ത്രിമാരും കെ റെയില്‍ മാനേജിംഗ് ഡയറക്ടറും പദ്ധതിയുടെ നേട്ടങ്ങളെ കുറിച്ചും അത് സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വഹിക്കുന്ന പങ്കിനെ കുറിച്ചും ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ പദ്ധതി എന്നിവയെ കുറിച്ചും വിശദീകരിച്ചു. കെ റെയില്‍ കേരളത്തെ വിഭജിക്കുന്നു, പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നു, പണക്കാര്‍ക്ക് മാത്രമുള്ള പദ്ധതിയാണ് തുടങ്ങിയ ആരോപണങ്ങള്‍ക്കുള്ള വിശദീകരിച്ചുള്ള മറുപടിയും യോഗത്തില്‍ നല്‍കി.

പദ്ധതിയെ കുറിച്ച് പല ആശങ്കകളുമായാണ് യോഗത്തിന് എത്തിയിരുന്നതെങ്കിലും ജനസമക്ഷം പരിപാടി കഴിഞ്ഞതോടെ ആശങ്കകളെല്ലാം മാറിയെന്ന് തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി പട്ടാഭിരാമന്‍ പറഞ്ഞു.

പദ്ധതിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നതായും തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ പോകുന്നതിനേക്കാള്‍ എളുപ്പത്തില്‍ സില്‍വര്‍ ലൈനിലൂടെ യാത്ര സാധ്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രാ സൗകര്യം മെച്ചപ്പെടുന്നതോടൊപ്പം ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് പദ്ധതി വഴിയൊരുക്കും.

വ്യാപാര, വാണിജ്യ, വ്യവസായ മേഖലകളിലും നിക്ഷേപ രംഗത്തും നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ തീര്‍ത്ഥാടന, ടൂറിസം രംഗത്ത് വലിയ വളര്‍ച്ച കൈവരിക്കാന്‍ പദ്ധതി സഹായകമാവുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.

തൃശൂരില്‍ നിന്ന് ഒരു മണിക്കൂര്‍ 56 മിനുട്ട് കൊണ്ട് തിരുവനന്തപുരത്തേക്കും ഒരു മണിക്കൂര്‍ 58 മിനുട്ട് കൊണ്ട് കാസര്‍ക്കോട്ടേക്കും എത്താന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് കെ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി അജിത് കുമാര്‍ പറഞ്ഞു.

രണ്ട് ലൈനുകളിലൂടെ തിരുവനന്തപുരത്ത് നിന്ന് കാസര്‍ക്കോട്ടേക്കും തിരിച്ചും മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ 37 ട്രെയിനുകളാണ് സര്‍വീസ് നടത്തുക. ആകെ 11 സ്റ്റോപ്പുകളാണ് ഉണ്ടാവുക. 20 മിനുട്ട് ഇടവിട്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തും. പദ്ധതിയില്‍ നിക്ഷേപമിറക്കാന്‍ കേരളത്തിലെ നിക്ഷേപകര്‍ക്കും അവസരമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News