നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ മൊഴി പരിശോധിക്കേണ്ടതുണ്ടെന്ന് മുൻകൂർ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കവെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സംവിധായകൻ്റെ മൊഴി മുദ്രവെച്ച കവറിൽ സമർപ്പിക്കാമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയെയും അറിയിച്ചിരുന്നു. മൊഴി പഠിച്ച ശേഷം കേസ് കേൾക്കുന്നതാകും ഉചിതമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഹർജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന്, ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതു വരെ ദിലീപിൻ്റെ അറസ്റ്റ് പാടില്ലെന്നും കോടതി വാക്കാൽ നിർദ്ദേശിച്ചിരുന്നു.

ദിലീപിനു പുറമെ സഹോദരൻ അനൂപ് സഹോദരി ഭർത്താവ് സുരാജ് എന്നിവരും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്.ഇതിനിടെ ദിലീപിൻ്റെ സുഹൃത്തും ആലുവ സ്വദേശിയുമായ ശരത് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

ബാലചന്ദ്രകുമാറിൻ്റെ മൊഴിയിൽ പരാമർശിച്ച വിഐപി ശരത്താണെന്ന സംശയത്തെത്തുടർന്ന് ഇയാളുടെ വീട്ടിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.അതേ സമയം വിചാരണതീരും വരെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്തനല്‍കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ വരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here