ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും. പേളിലെ ബോളണ്ട് പാർക്കിലാണ് ആദ്യ മത്സരം. ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് കണക്ക് തീർക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

പുതിയ ക്യാപ്റ്റൻ കെ എൽ രാഹുലിന് കീഴിൽ ടീം ഇന്ത്യ ഇറങ്ങുന്ന ആദ്യ പരമ്പര കൂടിയാണിത്. മുൻ നായകൻ വിരാട് കോഹ്‌ലിയെ വർഷങ്ങൾക്ക് ശേഷം വെറുമൊരു ബാറ്ററായി ടീമിൽ കാണാം. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ 2 – 1 നാണ് ഡീൻ എൽഗർ ക്യാപ്ടനായ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപിച്ചത്.

ഏകദിന പരമ്പരയിൽ ടെംപ ബാവുമയാണ് ആതിഥേയ ടീമിന്റെ നായകൻ. ടെസ്റ്റ് പരമ്പരയിലെ ആധിപത്യം ഏകദിന പരമ്പരയിലും ആവർത്തിക്കാൻ ഉറച്ചാണ് ബാവുമയുടെ ടീമിന്റെ ഒരുക്കം. ബൌളിംഗ് സെൻസേഷൻ ജാൻസൻ ഏകദിന ടീമിൽ അരങ്ങേറും.

ടെസ്റ്റിൽ നിന്ന് വിരമിച്ച ക്വിൻറൺ ഡിക്കോക്കും വെറ്ററൻ താരം വെയ്ൻ പാർണലും, വെടിക്കെട്ട് ബാറ്റർ ഡേവിഡ് മില്ലറും ദക്ഷിണാഫ്രിക്കൻ ടീമിൽ ഉണ്ട്. കേശവ് മഹാരാജാണ് ഉപനായകൻ. റബാദ – എൻഗീഡി – ജാൻസൻ പേസ് ത്രയം ഏകദിന പരമ്പരയിലും ഇന്ത്യയ്ക്ക് തലവേദനയാകും.

മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങൾ പേളിലെ ബോളണ്ട് പാർക്കിൽ നടക്കും. അവസാന ഏകദിനം കേപ്പ് ടൌണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, റിഷാബ് പന്ത് എന്നിവർ ഉൾപ്പെട്ട മധ്യനിര ക്ലിക്ക് ചെയ്യുകയും വിരാട് കോഹ്ലി പഴയ ഫോമിലേക്ക് തിരിച്ചെത്തുകയും ചഹൽമാജിക്ക് ആവർത്തിക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് ഏകദിനപരമ്പര വൈറ്റ് വാഷ് ചെയ്ത് കണക്ക് തീർക്കാം.

ഹാർദ്ദിക് പാണ്ഡ്യയുടെ അഭാവത്തിൽ വെങ്കിടേഷ് അയ്യരുടെ അരങ്ങേറ്റത്തിനും പരമ്പര വേദിയാകും. ജസ്പ്രീത് ബൂമ്രയാണ് ടീമിന്റെ ഉപനായകൻ.2018 – 19 ലെ ദക്ഷിണാഫിക്കൻ പര്യടനത്തിൽ വിരാട് കോഹ്ലിക്ക് കീഴിൽ 5 -1 ന് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. സമാനമായൊരു പ്രകടനമാണ് ഇന്ത്യ ഇത്തവണയും ലക്ഷ്യമിടുന്നത്.

ഇരുടീമുകളും 86 തവണ മുഖാമുഖം വന്നതിൽ 46 വിജയം ദക്ഷിണാഫ്രിക്ക നേടിയപ്പോൾ 35 എണ്ണത്തിലാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. ഏകദിനപരമ്പര നേട്ടം ആവർത്തിക്കാനുറച്ച് ഇന്ത്യയും തുടർപരമ്പര നേട്ടം ലക്ഷ്യമിട്ട് ആതിഥേയരും കൊമ്പുകോർക്കുമ്പോൾ ത്രില്ലർ പരമ്പരയ്ക്കാകും ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്കൻ മണ്ണ് സാക്ഷ്യം വഹിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News