പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുക്കുന്നത് മാറ്റി വെച്ചു

പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുക്കുന്നത് ആലുവ ജെ എഫ് സി എം കോടതി മാറ്റി വെച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുനി അമ്മയ്ക്ക് നല്‍കിയ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു.കേസിലെ ഗൂഢാലോചനെയക്കുറിച്ച് സുനി വെളിപ്പെടുത്തിയത് സംബന്ധിച്ചും ശോഭന ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.ഇതേത്തുടര്‍ന്നാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റി. വെള്ളിയാഴ്ച്ചവരെ അറസ്റ്റുണ്ടാവില്ലെന്ന് പ്രതിഭാഗത്തിന് ഉറപ്പ് ലഭിച്ചു.

അതേ സമയം രഹസ്യവിചാരണയുമായി ബന്ധപ്പെട്ട വിചാരണക്കോടതിയുത്തരവ്  മാധ്യമങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.

ഇതിനിടെ,  നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായി  പള്‍സര്‍ സുനിയെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം വിചാരണക്കോടതിയെ സമീപിച്ചു.നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതിയാക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ദിലീപ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

ബാലചന്ദ്രകുമാറിന്‍റെ മൊഴി വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അതിനു ശേഷം വാദം കേള്‍ക്കുന്നതാവും ഉചിതമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഹർജി  പരിഗണിക്കവെ  കോടതി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് ഹർജി ഇന്ന് പരിഗണിക്കവെ പ്രോസിക്യൂഷൻ കൂടുതൽ സമയം ചോദിക്കുകയായിരുന്നു.

ഇതേത്തുടർന്ന്  മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് പ്രതിഭാഗത്തിന് ഉറപ്പ് ലഭിച്ചു.ദിലീപിന്‍റെ സുഹൃത്തും ആലുവ സ്വദേശിയുമായ ഹോട്ടലുടമ ശരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും വെള്ളിയാഴ്ച്ച പരിഗണിക്കാനായി മാറ്റി.

ശരത്തിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നെങ്കിലും ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാകാതിരുന്ന ശരത്ത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

രഹസ്യവിചാരണയുമായി ബന്ധപ്പെട്ട വിചാരണക്കോടതിയുത്തരവ്  മാധ്യമങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഇടക്കാല ഉത്തരവിട്ടു. വിചാരണതീരുംവരെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് വിലക്കണമെന്നാണ് ദിലീപിന്‍റെ ഹര്‍ജിയിലെ പ്രധാന ആവശ്യം.

എന്നാല്‍ വിചാരണക്കോടതി ഉത്തരവ് നടപ്പാക്കപ്പെട്ടില്ലെങ്കില്‍ വിചാരണക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.ഹര്‍ജി കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായി പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.

ഇതിന്‍റെ ഭാഗമായി സുനിയെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം വിചാരണക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.ജയിലില്‍ സുനി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് പള്‍സര്‍ സുനിയുടെ അമ്മ ശോഭന പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News