ഒരു ലക്ഷം സംരംഭങ്ങൾ; പദ്ധതിക്ക് പിന്തുണയുമായി തൊഴിലാളി സംഘടനകൾ

വരുന്ന സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിക്കാനും ഒരു ലക്ഷം സംരംഭങ്ങൾ പുതുതായി ആരംഭിക്കാനുമുള്ള വ്യവസായ വകുപ്പിന്റെ പദ്ധതിക്ക് പൂർണ്ണ പിന്തുണയറിയിച്ച് തൊഴിലാളി സംഘടനകൾ.

വ്യവസായ മന്ത്രി പി.രാജീവ് തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിക്കുള്ള പിന്തുണ യൂണിയനുകൾ അറിയിച്ചത്. പുതിയ സംരംഭങ്ങളിലെ വേതന നിരക്ക് നിശ്ചയിക്കുമ്പോൾ, അവ മുന്നോട്ട് പോകുമെന്ന് ഉറപ്പു വരുത്തുന്നതും യാഥാർത്ഥ്യ ബോധത്തിൽ അധിഷ്ഠിതവുമായ നിലപാട് യൂണിയനുകൾ സ്വീകരിക്കണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

കൂടിക്കാഴ്ചയിൽ പങ്കെടുത്ത എല്ലാ യൂണിയൻ പ്രതിനിധികളും സർക്കാരിൻ്റെ പുതിയ പദ്ധതിക്ക് പിന്തുണ അറിയിച്ചു.ഗ്രാമീണ സമ്പദ്ഘടനയിൽ വളർച്ചയുണ്ടാക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം.പി പറഞ്ഞു. പുതിയ സംരംഭങ്ങൾ ഗ്രീൻ ഇൻഡസ്ട്രി വിഭാഗത്തിൽ തന്നെ ആരംഭിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വ്യവസായ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പര്യാപ്തമായ പദ്ധതിയാണിതെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. കേരള ബ്രാൻ്റ് ഉൽപ്പന്നങ്ങളുടെ വിപണനത്തിന് വിപുലമായൊരു മാർക്കറ്റിങ്ങ് ശൃംഖലയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ബൃഹത്തായ ക്യാമ്പെയിനിലൂടെ ആരംഭിക്കുന്ന പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ ശിൽപ്പശാലകൾ സംഘടിപ്പിക്കും. ഇതിന് ശേഷം നടക്കുന്ന ലൈസൻസ്/ലോൺ/സബ്സിഡി മേളകളിലൂടെയാണ് സംരംഭകർ സംരംഭങ്ങൾ ആരംഭിക്കുന്നത്. ഇതിനാവശ്യമായ പിന്തുണ തദ്ദേശ സ്വയംഭരണ വകുപ്പും സഹകരണ വകുപ്പും ഉറപ്പ് വരുത്തുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉൽപ്പന്നങ്ങളുടെയും ജിയോ ടാഗിങ്ങ് ഉള്ള ഉൽപ്പന്നങ്ങളുടെയും വിൽപ്പന ഉറപ്പ് വരുത്തുന്നതിനായി ആധുനിക രീതിയിലുള്ള മാർക്കറ്റിങ്ങ് പോർട്ടൽ സജ്ജമാക്കുന്നത് നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിൻ്റെ കൂടെ ഒരു പഞ്ചായത്ത് ഒരു ഉൽപ്പന്നം എന്ന രീതിയിൽ നിർമ്മിക്കുന്ന ഉൽപ്പങ്ങൾക്കും മാർക്കറ്റിങ്ങ് ഉറപ്പ് വരുത്താൻ ശ്രമിക്കും. ഇവർക്ക് കൂടി സഹായകമാകുന്ന രീതിയിൽ മെയ്ഡ് ഇൻ കേരള ബ്രാൻ്റ് പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.

പൊതുമേഖലയെ സംരക്ഷിക്കുകയും കേന്ദ്രസർക്കാർ വിൽപ്പനക്ക് വെച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പൊതുമേഖലയിൽ തന്നെ നിലനിർത്തുകയും ചെയ്യുന്ന നയത്തേയും യോഗത്തിൽ തൊഴിലാളി സംഘനകൾ അഭിനന്ദിച്ചു.

എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എം.റഹ്മത്തുള്ള , തോമസ് ജോസഫ് (യു.ടി.യു.സി), കളത്തിൽ വിജയൻ (ടി.യു.സി.സി), ജി.കെ.അജിത്ത് (ബി.എം.എസ്), ടോമി മാത്യു (എച്ച്.എം.എസ്), സോണിയ ജോർജ്ജ് (സേവ) എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News