ഇന്ത്യയിൽ അസമത്വം വർധിക്കുന്നതിന്‌ മുഖ്യകാരണം കോർപ്പറേറ്റ്‌ അനുകൂല നികുതി ഘടന; ഓക്‌സ്‌ഫാം റിപ്പോർട്ട്‌

കോർപ്പറേറ്റ്‌ അനുകൂല നികുതി ഘടനയാണ്‌ ഇന്ത്യയിൽ അസമത്വം വർധിക്കുന്നതിന്‌ മുഖ്യകാരണമെന്ന്‌ ഓക്‌സ്‌ഫാം റിപ്പോർട്ട്‌. മോദി സർക്കാർ അധികാരത്തിൽ വന്നത്‌ മുതൽ കോർപ്പറേറ്റ്‌ അനുകൂല നികുതി പരിഷ്‌ക്കാരങ്ങൾ തീവ്രമായതാണ് കാരണം..അസമത്വം കൊല്ലുന്നു’ എന്ന തലക്കെട്ടിൽ ഓക്‌സ്‌ഫാം പുറത്തുവിട്ട 2020–-21 കാലയളവിലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതിസമ്പന്നരുടെ സ്വത്ത്‌ ഇരട്ടിയായപ്പോൾ അതിദരിദ്രരുടെ എണ്ണവും ഇരട്ടിയായി. അതേ സമയം അദാനിക്ക്‌ കോവിഡ്‌കാലത്ത്‌ പത്തിരട്ടിയോളം സ്വത്ത്‌ വർധിച്ചു.

അതിസമ്പന്നർക്ക്‌ മേൽ ചുമത്തിയിരുന്ന വെൽത്ത്‌ ടാക്‌സ്‌ 2016 ലാണ് മോദി സർക്കാർ റദ്ദാക്കിയത്.. ഇതോടൊപ്പം കോർപ്പറേറ്റ്‌ നികുതി 30 ശതമാനത്തിൽ നിന്ന്‌ 22 ശതമാനമായി കുറച്ചു. കോർപ്പറേറ്റ്‌ നികുതി കുറച്ചതിലൂടെ മാത്രം പ്രതിവർഷം ഒന്നര ലക്ഷം കോടി രൂപയാണ്‌ സർക്കാരിന്‌ നഷ്ടമാകുന്നത്. പുതിയ നിർമ്മാണ സംരംഭങ്ങളുടെ നികുതി 25 ൽ നിന്ന്‌ 15 ശതമാനമാക്കി. അതേ സമയം ഇന്ധനനികുതിയടക്കം പരോക്ഷ നികുതികൾ കുത്തനെ ഉയർത്തി കോവിഡ്‌ കാലത്തും സാധാരണക്കാരെ പിഴിയുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്… വരുമാന നികുതി പിരിവും തീവ്രമാക്കി.

2020–-21 കാലയളവിൽ മാത്രം ഇന്ധന നികുതി 33 ശതമാനം ഉയർത്തി. കോവിഡിന്‌ മുമ്പത്തേക്കാൾ 79 ശതമാനമാണ്‌ ഇന്ധന നികുതി വർധിപ്പിച്ചത്‌. കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ്‌ അനുകൂലനയം കോവിഡ്‌കാലത്ത്‌ ഇന്ത്യയിൽ അസമത്വവും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും രൂക്ഷമാക്കിയെന്ന്‌ ഓക്‌സ്‌ഫാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു… രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലായപ്പോഴും അതിസമ്പന്നരുടെ സ്വത്ത്‌ ഇരട്ടിയായി. അതിദരിദ്രരുടെ എണ്ണവും ഇരട്ടിയായി. ഇന്ത്യയിൽ അതിദരിദ്രരുടെ എണ്ണം 13.4 കോടിയിലെത്തി.

രാജ്യത്ത്‌ 4.6 കോടി ആളുകൾകൂടി അതീവദരിദ്രരായി മാറി. 84 ശതമാനം കുടുംബങ്ങളുടെയും വരുമാനം ഇടിഞ്ഞു. കോവിഡിൽ ആഗോളതലത്തിൽ ദാരിദ്ര്യപട്ടികയിലേക്ക്‌ വീണവരിൽ പകുതിയും ഇന്ത്യക്കാരാണെന്നും ‘അസമത്വം കൊല്ലുന്നു’ എന്ന തലക്കെട്ടിൽ ഓക്‌സ്‌ഫാം പുറത്തുവിട്ട 2020–-21 കാലയളവിൽ വാർഷിക അസമത്വ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേ സമയം ശതകോടീശ്വരൻമാരുടെ എണ്ണം 101ൽനിന്ന്‌ 142 ആയി. ഇവരുടെ സ്വത്ത്‌ 23.14 ലക്ഷം കോടി രൂപയിൽനിന്ന്‌ 53.16 ലക്ഷം കോടിയായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

രാജ്യത്ത്‌ വരുമാനത്തിൽ പിന്നിലുള്ള 40 ശതമാനത്തിന്റെ ആകെ സ്വത്തിനേക്കാൾ 48.80 ലക്ഷം കോടി കൂടുതലാണിത്‌. ശതകോടീശ്വരുടെ എണ്ണത്തിൽ ഇന്ത്യക്ക്‌ മുന്നിൽ യുഎസും ചൈനയും മാത്രമാണുള്ളത്‌. 2021 മേയിൽ തൊഴിലില്ലായ്‌മ 15 ശതമാനംവരെയെത്തി. ദിവസകൂലിക്കാർ, സ്വയംതൊഴിലുകാർ, തൊഴിലില്ലാത്തവർ എന്നീ വിഭാഗങ്ങളിൽ ആത്മഹത്യ പെരുകി. സ്‌ത്രീകളുടെ വരുമാനത്തിൽ 59.11 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി.

1.3 കോടി സ്‌ത്രീകൾകൂടി തൊഴിൽരഹിതരായി. മിനിമം കൂലി 2020ലെ 178 രൂപയെന്നത്‌ മാറ്റമില്ലാതെ തുടർന്നുവെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു.അതിനിടെ മോദിയുടെ അടുപ്പക്കാരനായ ഗൗതം അദാനിക്ക്‌ കോവിഡ്‌കാലത്ത്‌ പത്തിരട്ടിയോളം സ്വത്ത്‌ വർധിച്ചു. ഒറ്റവർഷത്തിൽ 42.7 ശതകോടി ഡോളർ സ്വത്തുവർധനയാണ് ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News