ഒരു കാരണവശാലും കോവിഡ് വന്ന് പോകട്ടെ എന്ന് കരുതരുത്. തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍

കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ആശുപത്രികളെ സജ്ജമാക്കുകയും ഓക്‌സിജനും മരുന്നുകളും സുരക്ഷ ഉപകരണങ്ങളും ഉറപ്പ് വരുത്തുകയും ചെയ്തു. സര്‍ക്കാര്‍ മേഖലയില്‍ 3,107 ഐസിയു കിടക്കകളും 2293 വെന്റിലേറ്ററുകലും സ്വകാര്യ മേഖലയില്‍ 7468 ഐസിയു കിടക്കകളും 2432 വെന്റിലേറ്ററുകളും ലഭ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡും നോണ്‍ കോവിഡുമായി 44 ശതമാനം പേര്‍ ഐസിയുവിലും 11.8 ശതമാനം പേര്‍ വെന്റിലേറ്ററിലും മാത്രമേയുള്ളൂ. ആകെ 8353 ഓക്‌സിജന്‍ കിടക്കകളും സജ്ജമാണ്. അതില്‍ 11 ശതമാനത്തില്‍ മാത്രമേ രോഗികളുള്ളു.

മൂന്നാം തരംഗമുണ്ടായാല്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ സംസ്ഥാനം നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ലിക്വിഡ് ഓക്‌സിജന്റെ സംഭരണ ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി നിലവില്‍ 1817.54 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സംഭരണ ശേഷിയുണ്ട്. 159.6 മെട്രിക് ടണ്‍ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മുമ്പ് 4 ഓക്‌സിജന്‍ ജനറേറ്ററുകള്‍ മാത്രമാണുണ്ടായത്. മൂന്നാം തരംഗം മുന്നില്‍ കണ്ട് 42 ഓക്‌സിജന്‍ ജനറേറ്ററുകള്‍ അധികമായി സ്ഥാപിച്ചു. 14 എയര്‍ സെപ്പറേഷന്‍ യൂണിറ്റുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിലവിലുണ്ട്.

ഒരു കാരണവശാലും കോവിഡ് വന്ന് പോകട്ടെ എന്ന് കരുതരുത്. കോവിഡിനേയും ഒമിക്രോണെയും പറ്റി തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. സംസ്ഥാനത്ത് മരുന്നുകള്‍ക്ക് ക്ഷാമമെന്നത് വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകളായ റെംഡെസിവര്‍, ടോസിലിസാമാബ് എന്നിവയും ബ്ലാക്ക് ഫങ്കസ് ചികിത്സക്ക് ഉപയോഗിക്കുന്ന ആംഫോറ്റെറിസിനും നിലവില്‍ അവശ്യാനുസരണം ലഭ്യമാണ്. ഇതു കൂടാതെ കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന മോണോകോണല്‍ ആന്റിബോഡിയും കെ.എം.എസ്.സി.എല്‍. മുഖേന സംഭരിച്ചിട്ടുണ്ട്. പിപിഇ കിറ്റ്, മാസ്‌കുകള്‍, ഗ്ലൗസ് തുടങ്ങിയവയുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.

കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ കൂടാതെ മറ്റ് ആവശ്യമരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ ലഭ്യതയും വിലയിരുത്തിയിട്ടുണ്ട്. പേവിഷ പ്രതിരോധ വാക്‌സിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കും ക്ഷാമമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News