ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവെടുപ്പ് നാളെയും തുടരും. കേസിലെ പ്രധാന തെളിവായ കൊലയാളി സംഘം ഉപയോഗിച്ച കഠാര കണ്ടെടുക്കുകയാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം.
വനപ്രദേശമായതിനാൽ മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെ ഇതിനായി ഉപയോഗപ്പെടുത്താനും തീരുമാനമുണ്ട്. ഇതിനിടെ കസ്റ്റഡിയിലായിരുന്ന രണ്ട് പേരുടെ കൂടി അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം എട്ടായി.
ധീരജിനെ കൊലപ്പെടുത്തിയ ഇടുക്കി എഞ്ചിനീയറിംഗ് കോളജിൻ്റെ പരിസരത്ത് പ്രതികളായ യൂത്ത് കോൺഗ്രസ് കെ.എസ്.യു നേതാക്കളെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. കൊലപാതകം നടത്തിയതിനെക്കുറിച്ചും ശേഷം ഇവിടെ നിന്ന് രക്ഷപെട്ടതും അടക്കമുള്ള കാര്യങ്ങൾ പ്രതികൾ വിശദീകരിച്ചു.
ധീരജിനെ കുത്തി കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ ഒന്നാം പ്രതി നിഖിൽ പൈലി ഉപേക്ഷിച്ച കഠാര കണ്ടെത്തുന്നതിനായി തെളിവെടുപ്പ് തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇടുക്കി കലക്ട്രേറ്റിന് സമീപത്തുള്ള വനത്തിലേക്ക് കത്തി വലിച്ചെറിഞ്ഞു എന്നാണ് ഇയാൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
പലവട്ടം ഇയാളെ ഇവിടെ എത്തിച്ചുവെങ്കിലും സ്ഥലം മാറ്റി പറയുന്നതിനാൽ ആയുധം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആവശ്യമെങ്കിൽ മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെ ഉപയോഗിക്കാനും തീരുമാനമുണ്ട്. അഥവാ ഈ ആയുധം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ തെളിവ് നശിപ്പിച്ച വകുപ്പ് കൂടി ഒന്നാം പ്രതിക്കെതിരെ ചുമത്തും. ഒന്നും രണ്ടും പ്രതികളുടെ കസ്റ്റഡി അപേക്ഷ ദീർഘിപ്പിക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
അതേ സമയം കേസിൽ കസ്റ്റഡിയിലായിരുന്ന രണ്ടു പ്രതികളുടെ അറസ്റ്റ് കൂടി പോലീസ് രേഖപ്പെടുത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്തംഗവുമായ സോയി മോൻ സണ്ണി, പ്രതികൾക്ക് സഹായമൊരുക്കിയ അമൽ ബേബി എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
ഇവരെ പിന്നീട് പീരുമേട് സബ് ജയിലിലേക്ക് മാറ്റി. കേസിൽ ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കേസിൽ കൂടുതൽ പേരുടെ പങ്കാളിത്തം നിരീക്ഷിച്ചു വരികയാണെന്നും അന്വേഷണ സംഘം സൂചന നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.