മലയാളികൾ സ്വന്തമായി കരുതിയിരുന്ന മുത്തശ്ശൻ പി വി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇല്ലാത്ത രണ്ടു വർഷങ്ങൾ

മലയാളികൾ സ്വന്തമായി കരുതിയിരുന്ന മുത്തശ്ശൻ പി വി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓർമയായിട്ട് രണ്ടു വർഷങ്ങൾ ….സന്തോഷവും ഊർജവും ആവോളം മറ്റുള്ളവർക്ക് പകർന്നു നൽകിയ മുത്തശ്ശൻ പി വി ഉണ്ണി കൃഷ്ണൻ നമ്പൂതിരി 98-ാം വയസ്സില്‍ ആണ് വിട പറഞ്ഞത്.

1922 ഒക്ടോബർ 25 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. പയ്യന്നൂർ ബോയ്സ് ഹൈസ്ക്കൂളിലായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ പ്രാഥമിക വിദ്യാഭ്യാസം.

കമ്യൂണിസ്റ്റ് സഹയാത്രികനായ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പാർട്ടി പ്രവർത്തകനായി പല സമര പരിപാടികളിലും പങ്കെടുത്തിരുന്നു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷക സംഘത്തിന്റെയും പലനേതാക്കള്‍ക്കും പുല്ലേരി വാധ്യാരില്ലം ഒളിയിടമായിരുന്നുഎ കെ ജി ഒളിവിൽ കഴിഞ്ഞത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു. എ.കെ.ജി. അയച്ച കത്തുകള്‍ ഇന്നും നിധിപോലെ നമ്പൂതിരി സൂക്ഷിക്കുന്നു. ഇ.കെ.നായനാര്‍, സി.എച്ച്.കണാരന്‍, കെ.പി.ഗോപാലന്‍, കെ.പി.ആര്‍, എ.വി.കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, ടി.എസ്.തിരുമുമ്പ്, വിഷ്ണു ഭാരതീയന്‍, കേരളീയന്‍ എന്നിവര്‍ക്കെല്ലാം ഒളിസ്ഥലവും അഭയസ്ഥാനവുമായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ വാദ്ധ്യാരില്ലം.

രണ്ടു തലമുറക്കൊപ്പം ജെ ബി ജംഗ്‌ഷൻ എന്ന കൈരളി പ്രോഗ്രാമിൽ പി വി ഉണ്ണികൃഷ്ണൻ നമ്പൂതിരി പങ്കെടുത്തപ്പോൾ സമ്മാനിച്ച്ത അനർഘ നിമിഷങ്ങളാണ് .നടൻ എന്നതിനപ്പുറം തന്നെ എല്ലാവരും സഖാവെ എന്ന് വിളിക്കുന്നതാണ് ഇഷ്ട്ടം എന്നാണ് ജോൺ ബ്രിട്ടാസിനോട് പി വി ഉണ്ണികൃഷ്ണൻ നമ്പൂതിരി പറഞ്ഞത്.ചെറുപ്പകാലത്തെ രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓര്മിച്ചെടുത്തത് എ കെ ജിയുമായുള്ള അടുപ്പത്തെക്കുറിച്ചാണ്.

ഇടത് സഹയാത്രികനായിരുന്നെങ്കിലും കുട്ടിക്കാലത്ത് പഠിച്ച വേദങ്ങളും ഉപനിഷത്തുക്കളും ഒന്നും ഉപേക്ഷിച്ചിരുന്നില്ല .എന്നും രാവിലെ എഴുന്നേറ്റാൽ ഒരു മണിക്കൂർ പ്രാര്ഥനകളിലായിരിക്കും.അഭിഭാഷകനായിരുന്ന ചേട്ടന്‍ കേശവന്‍ നമ്ബൂതിരിയുടെ അടുത്ത സുഹൃത്തതായിരുന്നു എ കെ ജി. എ കെ ജി അടക്കമുള്ള പല നേതാക്കളും ഇല്ലത്ത് ഒളിവില്‍ താമസിച്ചിട്ടുമുണ്ട്.ആ കഥ പറഞ്ഞ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ജെ ബി ജങ്ഷനിൽ വികാരധീനനായി.

എ കെ ജിയുമായി വളരെയധികം അടുപ്പമുണ്ടായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി എ കെ ജി അയച്ച കത്ത് നിധിപോലെ സൂക്ഷിച്ചുവെച്ചു. കോഴിക്കോട് ചാലപ്പുറത്ത് നിന്ന് എ കെ ജി അയച്ച ‘My Dear Unni’ എന്നു തുടങ്ങുന്ന കത്തിനെ കുറിച്ച്‌ ആവേശത്തോടെയും അഭിമാനത്തോടെയും ആണ് മുത്തശ്ശൻ ജെ ബി ജംഗ്‌ഷനിൽ ഓർത്തെടുത്തത്.എ കെ ജി എന്ന മനുഷ്യനെ പറ്റി പറയാൻ വാക്കുകൾ ഇല്ലെന്നും ദൈവമല്ലേ അദ്ദേഹം എന്നും പറഞ്ഞ് വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഏങ്ങി കരഞ്ഞു.

എ കെ ജി യെ ഓർമിച്ച് കരഞ്ഞുപോയ അദ്ദേഹത്തിന്റെ വാക്കുകൾ മുറിഞ്ഞപ്പോൾ കൈതപ്രം നമ്പൂതിരി പറഞ്ഞത് ഇങ്ങനെ:-

കമ്മ്യൂണിസ്‌റ്റു നേതാക്കളെ ഇല്ലത്തിന്റെ മച്ചില്‍ സുരക്ഷിതമായി ഒളിച്ചുതാമസിപ്പിക്കുകയും, അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കി നല്‍കിയ സഖാവ്ആണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി.ദൈവത്തെ പോലെ ആണ് അവരെ കരുതിയിരുന്നത് . ജാതി ഭ്രഷ്‌ടും, സവര്‍ണ-അവര്‍ണ വ്യവസ്ഥയും കൊടുകുത്തിവാണിരുന്ന കാലത്തായിരുന്നു ഇതെന്നത് ശ്രദ്ധേയം.അക്കാലത്ത് ഇല്ലത്തിനകത്ത് കുളിമുറി, കക്കൂസ് സൗകര്യങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നേതാക്കളുടെ സുരക്ഷയെ കരുതി അവരുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ ചട്ടിയില്‍ കോരികൊണ്ടു കളയാന്‍ ഉണ്ണികൃഷ്‌ണന്‍ നമ്ബൂതിരി ഒരു മടിയും കാണിച്ചിട്ടില്ല. ഒരിക്കല്‍ തന്റെ വിസര്‍ജനം കോരിമാറ്റി കൊണ്ടുപോകുന്ന ഉണ്ണിയോട്, ‘എങ്ങനെയാണ് നിന്നോട് ഞാന്‍ ഇതിന് പ്രതിവിധി ചെയ്യുക’ എന്നായിരുന്നത്രേ എകെജി ചോദിച്ചത്. ചോദ്യത്തിന് പുഞ്ചിരി മാത്രം ഉത്തരമായി നല്‍കിയ ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി പാര്‍ട്ടിയോടും തന്റെ സഖാക്കളോടുമുള്ള സ്നേഹം മാത്രമായിരുന്നു ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നത് .

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി തന്റെ 76-ആം വയസ്സിലാണ് സിനിമയിലഭിനയിയ്ക്കുന്നത്. 1996 ൽ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്.ആ സിനിമയിലെ അദ്ദേഹത്തിന്റെ വേഷം വലിയതോതിൽ പ്രേക്ഷക പ്രീതിനേടി. തുടർന്ന് ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, ഗർഷോം, കല്യാണരാമൻ… എന്നിവയുൾപ്പെടെ പന്ത്രണ്ടോളം മലയാള ചിത്രങ്ങളിൽ അദേഹം അഭിനയിച്ചു.കമൽ ഹാസനൊപ്പം ‘പമ്മൽകെ സമ്മന്തം’, രജനികാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യ റായിയുടെ മുത്തച്ഛൻവേഷത്തിൽ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’, മലയാളസിനിമകളായ ‘രാപ്പകൽ’, ‘കല്യാണരാമൻ’, ‘ഒരാൾമാത്രം’ തുടങ്ങിയവയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകളുടെ ഭർത്താവായ കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റംവരെ’യാണ് ഒടുവിൽ അഭിനയിച്ച ചിത്രം.

മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തിനായി.ചന്ദ്രമുഖി ഉൾപ്പെടെ മൂന്ന് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സെന്റിമെന്റ്സും കോമഡിയും ഒരുപോലെ വഴങ്ങുന്ന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മുത്തച്ഛൻ കഥാപാത്രങ്ങൾ സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്.

മകൻ ഭവദാസിനൊപ്പം ഉണ്ണികൃഷ്ണൻ നമ്പൂതിരി

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ പരേതയായ ലീല അന്തർജ്ജനം. നാലു മക്കളാണ് അദ്ദേഹത്തിനുള്ളത്. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണൻ. പ്രശസ്ത ഗാന രചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മകളുടെ ഭർത്താവാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here