നിഴലുകൾക്ക് മേൽ നിലാവായി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്നേഹവായ്പ്:ജോൺ ബ്രിട്ടാസ് എം പി

പി വി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓർമ്മയായിട്ട് ഒരു വര്ഷം പിന്നിടുമ്പോൾ ജോൺ ബ്രിട്ടാസ് എം പി ,ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മരണത്തിന്റെ തൊട്ടടുത്ത ദിവസം എഴുതിയ ഓർമ്മകുറിപ്പ് ഒരിക്കൽ കൂടി വായനക്കാർക്കായി പങ്ക് വെക്കുന്നു.

വാർദ്ധക്യത്തിലേക്ക് ചുവടുകൾ വെക്കുന്ന സമയത്ത് സിനിമയിലെത്തി, അഭിനയത്തിന്റെ നനുത്ത ഭാവതലങ്ങൾ ആസ്വാദകരുടെ മനസ്സിൽ സൃഷ്ടിച്ച ആ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ആ യിരിക്കും ബഹുഭൂരിപക്ഷം പേരും ഡിസ്റ്റിങ്ങ്ഷൻ നൽകുക.  എനിക്കാകട്ടെ,  അതൊരു ഐശ്ചിക വിഷയമേയല്ല. വേണമെങ്കിൽ സബ്സിഡയറി പട്ടികയിൽ പെടുത്താം.ഞാൻ ഏറെ ഇഷ്ടപ്പെടുന്ന എന്‍റെ എൺപതുകളുമായി വിളക്കിച്ചേർത്ത മുഖമാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടേത്.

ആകസ്മികത ആണല്ലോ നമ്മുടെ ജീവിതത്തിലെ വഴിത്തിരിവുകളിൽ ഒട്ടുമിക്കതും. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്നും പ്രീഡിഗ്രി കഴിഞ്ഞ് പയ്യന്നൂർ കോളേജിൽ ഡിഗ്രി പഠനത്തിന്എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പുല്ലേരി വാദ്ധ്യാർ ഇല്ലവുമായുള്ള ബന്ധം തുടങ്ങുന്നത്. വാദ്ധ്യാർ ഇല്ലത്തുനിന്ന് വെളുത്ത് തടിച്ച ഒരു പൊടിമീശക്കാരൻ എൻറെ സഹപാഠിയായി എത്തുന്നു , ഭവദാസൻ നമ്പൂതിരി. വാദ്ധ്യാർ ഇല്ലവുമായുള്ള ബന്ധത്തിലെ എൻറെ ആദ്യ കണ്ണി. വൈകാതെ കുര്യൻ തോമസ്,എം എം തോമസ് തുടങ്ങിയവരോടൊപ്പം ഭവദാസും എൻറെ സൗഹൃദവലയത്തിൽ സ്ഥാനം പിടിച്ചു.

ഭവദാസ് അച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കൊപ്പം

വിദ്യാർത്ഥി രാഷ്ട്രീയം കൊടുമ്പിരിക്കൊണ്ട നാളുകൾ. പ്രീഡിഗ്രി ബോർഡ് രൂപീകരണം, പോളിടെക്നിക് സ്വകാര്യവൽക്കരണം എന്നിങ്ങനെ വിവിധവിഷയങ്ങൾ ക്യാമ്പസുകളിൽ അല തല്ലുകയാണ്.കോളേജിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിലേക്ക് ഞങ്ങളും ആഴ്ന്നിറങ്ങി.എതിർ വിദ്യാർത്ഥി സംഘടനയായ കെ എസ് യു വിന്റെ അമരത്ത് ഇപ്പോഴത്തെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉണ്ട് .ഭവദാസനും കുര്യനും തോമസും ഞാനുമൊക്കെ പൊളിറ്റിക്സ് വിദ്യാർത്ഥികൾ ആയതുകൊണ്ടുതന്നെ ക്ലാസ്സ് കട്ട് ചെയ്ത് രാഷ്ട്രീയത്തിൽ വിരാജിക്കുന്നതിന് ഞങ്ങൾക്ക് ചില മുടന്തൻ ന്യായങ്ങൾ മുന്നോട്ടു വയ്ക്കാൻ ഉണ്ടായിരുന്നു.

ഭവദാസനിലൂടെയാണ് ഞങ്ങളെല്ലാവരും ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സമീപത്ത് എത്തുന്നത്. രൂപത്തിലും ഭാവത്തിലും വർത്തമാനത്തിലുമെല്ലാം അന്നും ഉണ്ണികൃഷ്ണൻനമ്പൂതിരി ഒരു മുത്തശ്ശൻ തന്നെയായിരുന്നു . പ്രതാപത്തിന്‍റെ എണ്ണിയാലൊടുങ്ങാത്ത കഥകൾ പറയാനുണ്ടായിരുന്ന ഇല്ലം സാധാരണ കുടുംബത്തിലെ എല്ലാ വിമ്മിഷ്ട്ടങ്ങളും പേറിക്കൊണ്ടിരിക്കുന്ന വേളയായിരുന്നു അത് .എന്നാൽ ആ നിഴലുകൾക്ക് മേൽ നിലാവായി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്നേഹവായ്പ് നിറഞ്ഞുനിന്നു.

പോളിടെക്നിക് സമരത്തിൽ സർക്കാർ വാഹനങ്ങളുടെ ചില്ലുകൾ പൊട്ടുന്നകാലമാണ്. ഡസൻകണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. പോലീസിന്റെ നരനായാട്ടിൽ നിന്ന് രക്ഷപ്പെടാൻ അഭയം പ്രാപിച്ചിരുന്നത് വിസ്തൃതമായ ഈ ഇല്ലത്താണ്. സാധാരണഗതിയിൽ പോലീസ് അങ്ങോട്ട് കടക്കില്ല എന്ന് മാത്രമല്ല സമരക്കാരെ സംരക്ഷിക്കാൻ ഇല്ലം വാതിൽ തുറന്നിടും എന്ന് ആരും വിചാരിച്ചിരുന്നുമില്ല.

അദ്ദേഹത്തിനുള്ള ബഹുമാനാർത്ഥം വലിയൊരു സാംസ്കാരിക പരിപാടി , പയ്യന്നൂരില്‍ കൈരളി നടത്തിയിരുന്നു.അതുവരെ പയ്യന്നൂർ കാണാത്ത വലിയൊരു ജനാവലി ആ പരിപാടിയിൽ പങ്കാളികളായി. അനുഗ്രഹം ചൊരിഞ്ഞ പോലെ പേമാരി പെയ്തിറങ്ങി. ഇടിമിന്നലും ആഘോഷത്തെ പ്രകംബനം കൊള്ളിച്ചു.

ജെബി ജംഗ്ഷനിൽ മരുമകൻ കൈതപ്രം നമ്പൂതിരിക്കും പേരക്കിടാവ് ദീപാങ്കുരനുമൊപ്പം അദ്ദേഹമെത്തി. പരിപാടിയിലുടനീളം അദ്ദേഹത്തിന്റെ ഓരോ വാക്കും ചിരിയും കുറുമ്പും എൻറെ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു. രണ്ടുകൈയും ചേർത്ത് തലയിൽ കൈവച്ച് എന്നെ അനുഗ്രഹിച്ചിട്ടാണ് അന്നവിടെ നിന്നും അദ്ദേഹം യാത്ര പറഞ്ഞത്.ഉണ്ണികൃഷ്ണൻ നമ്പൂതിരി കാലയവനികയിലേക്ക് മായുമ്പോൾ ദീപ്തമായ ഈ സ്മരണകൾ ക്കൊപ്പം അദ്ദേഹം എന്നെ കൊണ്ടെത്തിക്കുന്നത് പതിറ്റാണ്ടുകൾക്ക് പിന്നിലുള്ള ഓർമ്മയുടെ തടാകത്തിലേക്കാണ്.ഇനിയും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പറയാത്തതിന്‍റെ മാധുര്യം കൂടുതലാണെന്നുള്ളതുകൊണ്ടുതന്നെ തല്‍ക്കാലം ഇവിടെ നിര്‍ത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News