ഡെല്‍റ്റയെക്കാള്‍ ആറിരട്ടി വ്യാപനമാണ് ഒമൈക്രോണിനുള്ളത്; മന്ത്രി വീണാ ജോര്‍ജ്

ഡെല്‍റ്റയെക്കാള്‍ ആറിരട്ടി വ്യാപനമാണ് ഒമൈക്രോണിനുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്നാഴ്ച ഏറെ നിര്‍ണായകമാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് മൂന്നാംതരംഗത്തിന് തുടക്കമായി കൊവിഡ് അതിതീവ്ര വ്യാപനത്തിലാണ്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്.

ഒന്നും രണ്ടും തരംഗത്തില്‍നിന്നും വിഭിന്നമായി കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തില്‍ തന്നെ അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രണ്ടാം തരംഗത്തില്‍ വ്യാപനം 2.68 ആയിരുന്നപ്പോള്‍ ഇപ്പോഴത്തേത്ത് 3.12 ആണ്.

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:

ഒറ്റക്കെട്ടായി അതിജീവിക്കണം

ഒന്നും രണ്ടും തരംഗം ഒറ്റക്കെട്ടായാണ് കേരളം നേരിട്ടത്. രാഷ്ട്രീയത്തിനതീതമായി ഇതിനെയും നമുക്ക് അതിജീവിക്കണം. മുന്‍പ് വ്യാപന തീവ്രത വൈകിപ്പിക്കാനാണ് സംസ്ഥാനം ശ്രമിച്ചത്. ഒമിക്രോണാണ് മൂന്നാം തരംഗത്തില്‍ വ്യാപനം കൂട്ടുന്നത്. ഗുരുതരാവസ്ഥ കുറവാണെങ്കിലും ജാഗ്രത കൈവിടരുത്. ആശുപത്രികളിലെത്തുന്ന രോഗികള്‍ കൂടാന്‍ സാധ്യതയുണ്ട്.

വന്നു പോകട്ടെ എന്ന് കരുതരുത്

ഒരു കാരണവശാലും കോവിഡ് വന്നു പോകട്ടെ എന്ന് കരുതരുത്. ഇതുസംബന്ധിച്ച് വ്യാജ പ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന എന്നീ ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണം. വ്യാപനം തടയുക ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. വ്യക്തിപരമായി ശ്രദ്ധിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകും. മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം.

കരുതല്‍ ഡോസെടുക്കണം

ആരോഗ്യ പ്രവര്‍ത്തകരില്‍ 1508 പേര്‍ക്ക് അടുത്തിടെ കോവിഡ് ബാധിച്ചു. ആശുപത്രി ജീവനക്കാരുടെ ഒത്തുചേരല്‍ പാടില്ല. എല്ലാവരും കരുതല്‍ ഡോസ് വാക്സിന്‍ എടുക്കണം. ആശുപത്രി സന്ദര്‍ശനം കുറയ്ക്കണം. രോഗികളുടെ കൂടെ കൂടുതല്‍ പേര്‍ ആശുപത്രിയില്‍ വരരുത്. ഇ സഞ്ജീവനി സേവനം പരമാവധി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് അവലോകന യോഗം ഇന്ന്

വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് കൊവിഡ് അവലോകന യോഗം ചേരും. ചികിത്സാര്‍ഥം അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പങ്കെടുക്കും. കോളേജുകള്‍ അടയ്ക്കാനുള്ള തീരുമാനം ഉണ്ടായേക്കും. സര്‍വകലാശാല പരീക്ഷകള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ അനുമതി നല്‍കാനും സാധ്യതയുണ്ട്.

ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ അടയ്ക്കാന്‍ നേരത്തേ തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡ് പരീക്ഷകള്‍ അനിവാര്യമായ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ തുടരും. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശംകൂടി ചര്‍ച്ച ചെയ്തശേഷമാകും തീരുമാനം. വാരാന്ത അടച്ചിടല്‍, യാത്രാ നിയന്ത്രണങ്ങള്‍ എന്നിവയും പരിഗണനയിലുണ്ട്. കോവിഡ് ക്ലസ്റ്ററുകളില്‍ കടുത്ത നിയന്ത്രണം വന്നേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News