നടിയെ ആക്രമിച്ച കേസ്; അസാധാരണമായ കേസെന്ന് പ്രോസിക്യൂഷന്‍

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ . ദിലീപിന്റെ മുന്‍കൂര്‍ജാമ്യഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വിശദമായ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപാണ് ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയതെന്നും അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണ്ടത് , അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട് .

ദിലീപിന്റെയും മറ്റു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷകളെ എതിര്‍ത്ത് 68 പേജുള്ള എതിര്‍സത്യവാങ്മൂലമാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപും കൂട്ടാളികളും ചെയ്തത് ഗുരുതര കുറ്റകൃത്യമാണ്. ദിലീപ് പ്രതിയായ മറ്റൊരു കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തി. 2017 നവംബര്‍ 15 ന് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നടന്ന ഗൂഢാലോചനക്ക് ബാലചന്ദ്രകുമാര്‍ സാക്ഷിയാണ്. ഗൂഢാലോചന തെളിയിക്കുന്ന 24 സംഭാഷണ ഫയലുകള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.

അന്വേഷണ സംഘത്തലവനായ ബൈജു പൗലോസ്, എസ് പി എ വി ജോര്‍ജ് , സോജന്‍, സുദര്‍ശന്‍, സന്ധ്യ എന്നിവരെ അപായപ്പെടുത്താനായിരുന്നു പദ്ധതി. തന്റെ ദേഹത്തു കൈവച്ച സുദര്‍ശന്റെ കൈവെട്ടുമെന്ന് ദിലീപ് പറഞ്ഞതിന് തെളിവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 14 രേഖകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് ദിലീപ് ആണ്. അതിനാല്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ദിലീപ് നിരന്തരം ശ്രമിച്ചു . 20 സുപ്രധാന സാക്ഷികളെ ദിലീപ് കൂറുമാറ്റി. വിചാരണ വൈകിക്കുക എന്ന ലക്ഷ്യത്തോടെ 57തവണ വിവിധ കോടതികളെ സമീപിച്ചു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയ അസാധാരണ സാഹചര്യം ഈ കേസില്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. ദിലീപിന്റെയും സഹോദരന്റെയും സഹോദരി ഭര്‍ത്താവിന്റെയും മുന്‍കൂര്‍ ജാമ്യം ഹര്‍ജികള്‍ നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് പ്രോസിക്യൂഷന്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News