രവീന്ദ്രന്‍ പട്ടയങ്ങള്‍-അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള ഉത്തരവ് – യാഥാര്‍ത്ഥ്യങ്ങള്‍

1999ല്‍ ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന ശ്രീ എം ഐ രവീന്ദ്രന്‍ അഡീഷണല്‍ തഹസില്‍ദാര്‍ ആയി ചാര്‍ജ് ഉണ്ടായിരുന്ന കാലയളവില്‍ നല്‍കിയ പട്ടയങ്ങള്‍ ഉപയോഗിച്ച് ഭൂമി പോക്കുവരവ് ചെയ്യുന്നതിനോ വില്‍ക്കുന്നതിനോ ബാങ്കില്‍ ഈട് വയ്ക്കുന്നതിനോ കഴിയാതെ വന്ന സാഹചര്യത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയ പട്ടയങ്ങള്‍ നിയമപരമായി പരിശോധിച്ച് അര്‍ഹരായവര്‍ക്ക് നിയമപരമായി പുതിയ പട്ടയം നല്‍കുവാന്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ തീരുമാനിച്ചിരുന്നു.

1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം പട്ടയം നല്‍കുന്നതിനുള്ള അധികാരം തഹസില്‍ദാര്‍ക്കും 1971-ലെകണ്ണന്‍ ദേവന്‍ ഭൂമി വീണ്ടെടുക്കല്‍ ആക്ട് പ്രകാരം ഭൂമി പതിച്ച് നല്‍കുന്നതിനുള്ള അധികാരം ജില്ലാ കളക്ടറിലും നിഷിപ്തമാണ്. ഈ സാഹചര്യത്തിലാണ് അഡീഷണല്‍ തഹസില്‍ദാര്‍ ആയിരുന്ന രവീന്ദ്രന്‍ അധികാര പരിധിക്ക് പുറത്തുള്ള നടപടികളിലൂടെ പട്ടയം വിതരണം ചെയ്തത്. അര്‍ഹരായവര്‍ക്ക് പതിച്ചു നല്‍കിയ ഭൂമി നടപടി ക്രമങ്ങളിലെ പിശക് മൂലം നിയമപരമായി നിലനില്‍ക്കില്ല എന്ന് നിയമത്തില്‍ തന്നെ വ്യവസ്ഥയുണ്ട്.

ഈ സാഹചര്യത്തിലാണ് 17. 6 .2019 ല്‍ അന്നത്തെ റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയയോഗം രവീന്ദ്രന്‍ പട്ടയങ്ങള്‍ക്ക് സാധുതയില്ലാത്തതിനാല്‍ അര്‍ഹത പരിശോധിച്ചു അര്‍ഹതയുള്ളവര്‍ക്ക് പുതിയ പട്ടയങ്ങള്‍ അനുവദിക്കാനും അനര്‍ഹര്‍ക്ക് അനുവദിച്ച പട്ടയങ്ങള്‍ റദ്ദാക്കാനും തീരുമാനിച്ചത്. ഇതിനായി മൂന്നു മാസത്തിനകം നടപടി സ്വീകരിക്കാന്‍ ഒരു സ്പെഷ്യല്‍ ടീമിനെ നിയോഗിക്കുകയും ചെയ്തു .

തുടര്‍ന്ന് 7. 8. 2019 കൂടിയ മന്ത്രിസഭായോഗം ഇടുക്കി ജില്ലയിലെ വിവിധ ഭൂ പ്രശ്നങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുത്തതിനൊപ്പം അനധികൃതമായി നല്‍കിയ രവീന്ദ്രന്‍ പട്ടയങ്ങള്‍ പരിശോധിക്കുന്നതിനായി നിയോഗിക്കപ്പെട്ട സമിതിയുടെ പരിശോധന പൂര്‍ത്തിയാക്കാനും അതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കാനുമുള്ള നിര്‍ദ്ദേശം അംഗീകരിച്ചു .മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ ജി. ഓ. ( എം എസ് ) 269 /19 /ആര്‍ ഡി നമ്പര്‍ ഉത്തരവിലെ ആറാം നമ്പര്‍ ആയി ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്.

ഈ തീരുമാനത്തിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ 12. 7. 19 ന് കൂടിയ യോഗത്തില്‍ പട്ടയങ്ങളുടെ സാധുത പരിശോധിച്ച് പതിച്ചു കൊടുത്ത സമയത്ത് അര്‍ഹത ഉണ്ടായിരുന്നെങ്കില്‍ അത്തരം പട്ടയങ്ങള്‍ തിരിച്ചു വാങ്ങി പുതിയ പട്ടയങ്ങള്‍ അനുവദിക്കാനും അര്‍ഹതയില്ലാത്ത പട്ടയങ്ങള്‍ റദ്ദാക്കാനും തീരുമാനിച്ചു. തുടര്‍ന്ന് 145 കക്ഷികളെ നേരില്‍ കേള്‍ക്കുകയും ഇതില്‍പ്പെട്ട 33 പട്ടയങ്ങള്‍ റദ്ദു ചെയ്യുകയും അതില്‍ അരഹരായ 28 പേര്‍ക്ക് പട്ടയം നല്‍കാന്‍ പതിവ് കമ്മിറ്റിക്ക് ശിപാര്‍ശ നല്‍കുകയും ചെയ്തു.

എന്നാല്‍ ഭൂമി കൈമാറ്റം ചെയ്ത കേസുകളില്‍ പട്ടയം റദ്ദാക്കി പുതിയ പട്ടയം അനുവദിക്കുന്നതിനും നടപടി ക്രമങ്ങള്‍ പാലിക്കുന്നതിനും വലിയ കാലതാമസം നേരിടുന്നതിനാലാണ് സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ അര്‍ഹമായ പട്ടയങ്ങള്‍ നാല്‍കാനുള്ള നടപടിപൂര്‍ത്തിയാക്കാന്‍ കഴിയാത്തത് എന്ന് ജില്ലാകളക്ടര്‍ സര്‍ക്കാരിനെ പലതവണ അറിയിച്ചിട്ടുള്ളതാണ് .

രവീന്ദ്രന്‍ പട്ടയം കൈവശമുള്ള സാധാരണക്കാരായ വര്‍ക്ക് ഭൂമിയുടെ അവകാശം ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്ന നിരവധിയായ പരാതികള്‍ സര്‍ക്കാരില്‍ ലഭിച്ചുകൊണ്ടിരുന്നു . ഈ സാഹചര്യത്തിലാണ് 2019 ല്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുവരുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കുവാന്‍ ചില നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 18.01.2022 ല്‍ സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത് . ഈ ഉത്തരവ് പ്രകാരം രണ്ട് മാസത്തിനുള്ളില്‍ അര്‍ഹരായ എല്ലാ അപേക്ഷകര്‍ക്കും ചട്ടപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് രണ്ട് മാസത്തിനുള്ളില്‍ പട്ടയം നല്‍കണമെന്ന് വ്യക്തമാക്കുക മാത്രമാണ് ചെയ്തത്.

ഈ അവസരത്തില്‍ കൈവശക്കാരായആരെയും കുടിയിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല . കൂടാതെ പട്ടയംവിതരണം ചെയ്ത സമയത്തെ അര്‍ഹതയാണ് പരിഗണിക്കുന്നത് എന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. നിലവില്‍ അനുവദിക്കപ്പെട്ട പട്ടയങ്ങളില്‍ അര്‍ഹരായവര്‍ക്ക് എല്ലാ അവകാശങ്ങളോടെയും അതനുഭവിക്കണമെങ്കില്‍ നിലവില്‍ നടപടിക്രമങ്ങളിലെ വീഴ്ച്ച മാറ്റേണ്ടിവരും.

ഇതിനായി നിലവിലുള്ള പട്ടയം റദ്ദ് ചെയ്ത് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ പുതിയ പട്ടയം അനുവദിക്കുകയല്ലാതെ ഭൂപതിവ് ചട്ടപ്രകാരം മറ്റ് നിയമപരമായ മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. അരഹരായ എല്ലാപേരെയും ഭൂമിയുടെ ഉടമസ്ഥരാക്കണമെന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് പോകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News