കൊവിഡ് വ്യാപനം: തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തുറക്കും

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് പ്രതിരോധത്തിന് ആക്കം കൂട്ടുന്നതിന്റെ ഭാഗമായി മൂന്ന് കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തുറക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ്. ചെറിയ ലക്ഷണങ്ങളോടുകൂടിയ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാണ് സി.എസ്.എല്‍.ടി.സികള്‍ പ്രവര്‍ത്തിക്കുന്നത്. പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രി, നെടുമങ്ങാട് റിംസ് ആശുപത്രി, എഫ്.എച്ച്.സി ചെങ്കല്‍ എന്നിവയെയാണ് ദുരന്തനിവാരണനിയമം 2005 പ്രകാരം ജില്ലാ കളക്ടര്‍ സി.എസ്.എല്‍.ടി.സികളായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള പേരൂര്‍ക്കട സര്‍ക്കാര്‍ ഇ.എസ്.ഐ ആശുപത്രിയില്‍ 60 കിടക്കകളോടെയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സി.എസ്.എല്‍.ടി.സിയുടെ സുഗമവും കാര്യക്ഷമവുമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ടിനെയും ചുമതലപ്പെടുത്തി.

നിലവില്‍ സി.എഫ്.എല്‍.ടി.സിയായി പ്രവര്‍ത്തിക്കുന്ന നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ റിംസ് ഹോസ്പിറ്റല്‍, നെയ്യാറ്റിന്‍കര ചെങ്കല്‍ പഞ്ചായത്തിലെ എഫ്.എച്ച്.സി എന്നീ ആശുപത്രികളെ സി.എസ്.എല്‍.ടി.സി ആയി അപ്ഗ്രേഡ് ചെയ്തു. റിംസ് ആശുപത്രിയില്‍ 80 കിടക്കകളും എഫ്.എച്ച്.സി ചെങ്കലില്‍ 50 കിടക്കകളും അനുവദിച്ചിട്ടുണ്ട്.

സി.എസ്.എല്‍.ടി.സികളില്‍ 20 ശതമാനം കിടക്കകള്‍ ഓക്സിജന്‍ സൗകര്യങ്ങളോട് കൂടിയുള്ളതാകണമെന്ന് ജില്ലാ ഇന്‍ഫ്രാസ്ട്രക്ചര്‍ നോഡല്‍ ഓഫീസര്‍ ഉറപ്പുവരുത്തണമെന്നും ആവശ്യാനുസരണം ഓക്സിജന്‍ കിടക്കകളുടെ എണ്ണം കൂട്ടണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. സി.എസ്.എല്‍.ടി.സികള്‍ക്കാവശ്യമായ എല്ലാ സുരക്ഷയും ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവി(സിറ്റി,റൂറല്‍)-യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News