സ്കൂളിന് ഒരു കളിക്കളം എന്ന സ്വപ്നം യാഥാർത്ഥ്യമാവാതെ രമണിക്കുട്ടിയമ്മ

അധ്യാപികയായി ജോലിചെയ്ത് സ്‌കൂളിന് കളിക്കളത്തിനായി സ്വന്തം ഭൂമി വിട്ടു നല്‍കിയിട്ടും രമണിക്കുട്ടിയമ്മയുടെ സ്വപ്‌നം ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. പത്തനംതിട്ട പെരിങ്ങനാട് സ്വദേശിയായ രമണിക്കുട്ടി എട്ടു വര്‍ഷം മുന്‍പാണ് അരയേക്കറോളം ഭൂമി വ്യവസ്ഥകളോടെ തൃച്ചേന്ദമംഗലം ഹൈസ്‌കൂളിന് കൈമാറിയത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാണ് നിർമ്മാണത്തിന് തടണമെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം.

ഈ കാണുന്ന ബോര്‍ഡില്‍ രമണിക്കുട്ടിയമ്മ നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. കൃത്യമായി പറഞ്ഞാല്‍ 8 വര്‍ഷം. താന്‍ പഠിപ്പിച്ച സ്‌കൂളിലെ കുട്ടികള്‍ കായിക മത്സരങ്ങളില്‍ ഉയരങ്ങളിലെത്തണം. ഇതായിരുന്നു റിട്ടയേര്‍ഡ് അധ്യാപിക രമണിക്കുട്ടിയമ്മയുടെ സ്വപ്‌നങ്ങളിലൊന്ന്. അധ്യാപിക വൃത്തിയില്‍ നിന്ന് വിരമിച്ചപ്പോള്‍ തന്നെ പിന്നെ മറിച്ചു ചിന്തിച്ചില്ല. തൃച്ചേന്ദമംഗലം ഹൈസ്‌കൂളിന് ദാനമായി നല്‍കിയത് ഒരു കോടി രൂപയ്ക്ക് മുകളില്‍ വിലവരുന്ന 50 സെന്റ് സ്ഥലം. പക്ഷേ, ഫലമോ ഒന്നും സംഭവിച്ചില്ല, എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറവും.

2014 ല്‍ ഭൂമിദാനം നല്‍കിയപ്പോള്‍ രമണിക്കുട്ടിയും ഭര്‍ത്താവും വിമുക്ടഭടനുമായ ശിവന്‍കുട്ടിയും ചില വ്യവസ്ഥകള്‍ മാത്രമാണ് മുന്നോട്ടു വച്ചത്. കായിക പരിശീലനത്തിനല്ലാതെ കെട്ടിട നിര്‍മാണ പ്രവര്‍ത്തികള്‍ ഒന്നുംതന്നെ പാടില്ലെന്നായിരുന്നു. സ്ഥലം വിട്ടുനല്‍കുമ്പോഴാകട്ടെ അതിരുവേലികള്‍ നിര്‍മിച്ചായിരുന്നു കൈമാറ്റവും. എന്നാല്‍ അതിന്റെ അടയാളങ്ങള്‍ ഒന്നും തന്നെ ഇന്നില്ല.

സ്‌കൂളിന് ലഭിച്ച ഭൂമി ഉപയോഗപ്രദമാക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരും പിടിഎയും സര്‍ക്കാര്‍ തലത്തില്‍ നിവേദനങ്ങള്‍ നല്‍യിട്ടുണ്ട്. കളിക്കളം ഒരുങ്ങാന്‍ കാലതാമസം ഉണ്ടാകില്ലെന്നാണ് പ്രധാനാധ്യാപിക പറയുന്നത്.

നിലവില്‍ കുട്ടികളും കാത്തിരിപ്പിലാണ് സ്‌കൂള്‍ മുറ്റത്തൊരു മൈതാനം ഒരുങ്ങാന്‍. എന്തായാലും രമണിക്കുട്ടിയമ്മയുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം ഇവരുടെ പ്രതീക്ഷകള്‍ കൂടി യാഥാര്‍ത്ഥ്യമാകട്ടെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News