വയനാട്ടിലെ മുതിര്‍ന്ന സി പി ഐ എം നേതാവ് പി എ മുഹമ്മദ് വിടവാങ്ങി

വയനാട്ടിലെ മുതിര്‍ന്ന സി പി ഐ എം നേതാവ് പി എ മുഹമ്മദ് (83)വിടവാങ്ങി.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.

1973ല്‍ സിപിഐ എം വയനാട് ജില്ല കമ്മറ്റി രൂപീകരിച്ചപ്പോള്‍ മുതല്‍ സെക്രട്ടറിയറ്റ് അംഗമായി പ്രവര്‍ത്തിച്ച പി എ കാല്‍ നൂറ്റാണ്ട് കാലം ജില്ല സെക്രട്ടറിയായി പാര്‍ടിയെ നയിച്ചു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം ,സിഐടിയു ജില്ല പ്രസിഡന്റ്, ദേശാഭിമാനി ഡയരക്ടര്‍ ബോര്‍ഡംഗം എന്നീങ്ങനെ വ്യത്യസ്ത മേഖലകളില്‍ സംഘാടകനായും സഹകാരിയുമായിരുന്നു.

1958ല്‍ പാര്‍ടി അംഗത്വം ലഭിച്ച പി എ കര്‍ഷകസംഘം വില്ലേജ് ജോ.സെക്രട്ടറിയായാണ് പ്രവര്‍ത്തനം തുടങ്ങിയത്.
1982 മുതല്‍ 2007 വരെ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായി. 2017ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവാകും വരെ സംസ്ഥാന സമിതി അംഗമായിരുന്നു. അടിയന്തിരാവസ്ഥ കാലത്തും തൊഴിലാളികളുടേയും കര്‍ഷകരുടേയും അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലും നിരവധി തവണ ജയില്‍ വാസം അനുഭവിച്ചു.

പാര്‍ടിക്ക് വേരോട്ടമില്ലാത്ത കുടിയേറ്റ മണ്ണിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചതിന് പിന്നിലും പി എ എന്ന ദ്വയാക്ഷരത്തിന്റെ അനിഷേധ്യ നേതൃത്വമുണ്ട്. പി എ എന്ന് സഖാക്കളും നാട്ടുകാരും സ്നേഹാദരങ്ങളോടെ വിളിച്ച അദ്ദേഹത്തിന്റെ കണിശതയും സുവ്യക്തമായ രാഷ്ട്രീയ നിരീക്ഷണവും പ്രതിപക്ഷത്തിന്റെ പോലും ബഹുമാനം പിടിച്ച് പറ്റിയിരുന്നു.

ജന്മിത്വത്തിനും കുടിയായ്മക്കും കുടിയൊഴിപ്പിക്കലിനുമെതിരെ കുടിയേറ്റ കര്‍ഷകരും മാനേജ്മെന്റ് ചുഷണത്തിനെതിരെയുള്ള തോട്ടം തൊഴിലാളികളുടെ ചെറുത്ത് നില്‍പ്പുമാണ് വയനാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ അടിത്തറ രൂപപ്പെടുത്തിയത്. ഈ സമരചരിത്രത്തില്‍ പി എ മുഹമ്മദിന്റെ നേതൃത്വം പകരംവെക്കാനില്ലാത്തതായിരുന്നു.

സിഐടിയു ജില്ല പ്രസിഡന്റായി തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങള്‍ക്കും പി എ നേതൃത്വം നല്‍കി. എച്ച്എംഎല്‍ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് 1961ല്‍ മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിച്ചു. അടിയന്തിരവസ്ഥകാലത്ത് പ്രകടനം നടത്തിയതിന്റെ പേരില്‍ കോഴിക്കോട് സബ് ജയിലില്‍ മൂന്ന് മാസം തടവില്‍ കിടന്നു. 2003ല്‍ പി എ നേതൃത്വം നല്‍കിയ കര്‍ഷകസമരമാണ് ജില്ല കണ്ട ആദ്യത്തെ ഏറ്റവും വലിയ പ്രക്ഷോഭം.

രാഷ്ട്രീയത്തിനതീതമായി കര്‍ഷകരെ സംഘടിപ്പിച്ച് നടത്തിയ പ്രക്ഷോഭങ്ങളാണ് പിന്നീട് കര്‍ഷക ജീവിതത്തില്‍ വെളിച്ചം പകര്‍ന്ന നിരവധി നിയമനിര്‍മാണങ്ങള്‍ക്ക് വഴി തെളിച്ചത്. 2003ലെ വയനാട് ഹര്‍ത്താലും പാര്‍ലമെണ്ട് മാര്‍ച്ചുമെല്ലാം ഈ നേതാവിന്റെ പോരാട്ട മികവിന്റെ ബാക്കി പത്രങ്ങള്‍.

കാല്‍ നൂറ്റാണ്ടിലധികം ജില്ലയിലെ പാര്‍ടിയുടെ അമരക്കാരനായ പി എ അവസാന നിമിഷം വരെയും നിത്യേന പാര്‍ടി ഓഫീസിലെത്തിയിരുന്നു. ചാത്തോത്ത് വയലിലെ ഇടുങ്ങിയ മുറിയില്‍ നിന്നും കല്‍പ്പറ്റ വാരാമ്പറ്റ റോഡില്‍ ഭൂമി വാങ്ങി ഓഫീസ് നിര്‍മ്മിച്ചതുമെല്ലാം പി എ യുടെ കാലത്ത് തന്നെ.

ഡിസംബറില്‍ ജില്ലാ സമ്മേളനം വൈത്തിരിയില്‍ നടന്നപ്പോള്‍ ആശുപ്ത്രിയിലായിരുന്ന പി എ മുഹമ്മദ് സ്ട്രിപ്പ് ബാന്‍ഡുമായി പ്രിയ സഖാക്കളെ കാണാന്‍ എത്തിയിരുന്നു.ഒടുവിലെ നിമിഷം വരെ സാര്‍ത്ഥകമായ കമ്യുണിസ്റ്റ് ജീവിതം ജീവിച്ചാണ് വയനാടിന്റെ പ്രിയ്യപ്പെട്ട പി എ മടങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News