അങ്കമാലി പുളിയനത്ത് സിൽവർ ലൈനിനായി സ്ഥാപിച്ച സർവ്വേക്കല്ലുകൾ പിഴുതുമാറ്റിയ നിലയിൽ. പിഴുതെടുത്ത കല്ലുകൾ കൂട്ടിയിട്ട് റീത്ത് വെച്ചതായും കണ്ടെത്തി.ഇതിന് പിന്നാലെ സർവ്വേക്കല്ല് പിഴുതെടുത്ത നടപടിയെ പിന്തുണച്ച് അങ്കമാലി എം എൽ എ റോജി ജോൺ രംഗത്തെത്തി.
കഴിഞ്ഞ ദിവസമാണ് പുളിയനം ത്രിവേണി നഗറിനു സമീപം ഉദ്യോഗസ്ഥർ സിൽവർ ലൈനിനായുള്ള സർവ്വേക്കല്ലുകൾ സ്ഥാപിച്ചത്.കല്ലിടുന്നതിനെതിരെ ഒരു വിഭാഗം നാട്ടുകാർ പ്രതിഷേധിക്കുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തിരുന്നു.
പിന്നീട് പോലീസ് സഹായത്തോടെയായിരുന്നു സർവ്വേക്കല്ലുകൾ സ്ഥാപിച്ചത്.എന്നാൽ അർധരാത്രി പിന്നിട്ടതോടെ ഒരു സംഘം ഈ കല്ലുകൾ പിഴുതുമാറ്റുകയായിരുന്നു. പിന്നീട് സർവ്വേക്കല്ലുകൾക്കു മുകളിൽ റീത്ത് വെയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ കല്ല് പിഴുതെറിയലിനെ പിന്തുണച്ച് റോജി ജോൺ എം എൽ എ രംഗത്തെത്തി.
പോലീസിനെ ഉപയോഗിച്ച് സ്ഥാപിച്ച കെ റെയിൽ കല്ലുകൾക്ക് 24 മണിക്കൂറിന്റെ ആയുസ് ഉണ്ടായില്ലെന്നായിരുന്നു റോജി എം ജോണിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കല്ല് പിഴുത് മാറ്റിയവര്‍ ധീരൻമാരാണെന്നും അവർക്ക് അഭിവാദ്യങ്ങളർപ്പിക്കുന്നതായും എം എൽ എയുടെ ഫെയ്സ് ബുക്ക് പോസ്റ്റിലുണ്ട്.
സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെങ്കിൽ സർവ്വേക്കല്ലുകൾ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ജനസമക്ഷം സിൽവർ ലൈൻ വിശദീകരണ യോഗം അലങ്കോലപ്പെടുത്താനും കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. അക്രമം നടത്താൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.