സഖാവ് പി.എ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

സഖാവ് പി.എ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സുധീരവും ത്യാഗോജ്ജ്വലവുമായ രാഷ്ട്രീയ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

വയനാട്ടില്‍ സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതല്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന് ശേഷം കാല്‍നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് പി.എ മുഹമ്മദ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. സുധീരവും ത്യാഗോജ്ജ്വലവുമായ രാഷ്ട്രീയ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.

ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്നു തന്റെ നാടിന്റേയും ജനതയുടേയും വിമോചനത്തിനും ഉന്നതിയ്ക്കുമായി പോരാടാന്‍ ദൃഢനിശ്ചയം ചെയ്ത സഖാവ് പി.എ വെല്ലുവിളികള്‍ക്കു മുന്നില്‍ പതറാതെ കമ്യൂണിസ്റ്റ് ആശയങ്ങള്‍ മുറുകെപ്പിടിച്ച് മുന്നോട്ടു പോയി. പുസ്തകങ്ങളിലൂടെയും സംവാദങ്ങളിലൂടെയും തന്റെ അറിവുകളേയും രാഷ്ട്രീയബോധ്യങ്ങളേയും നിരന്തരമായി പുതുക്കാന്‍ പി.എ എന്നും ഉത്സാഹിച്ചു.

വയനാട്ടിലെ നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഖാവ് വയനാട്ടിലെ കര്‍ഷകസംഘത്തിന്റെ വളര്‍ച്ചയിലും വലിയ പങ്കു വഹിച്ചു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, ദേശാഭിമാനി ഡയരക്ടര്‍ ബോര്‍ഡംഗം എന്നിങ്ങനെ നിരവധി ഉത്തരവാദിത്തങ്ങള്‍ സ്തുത്യര്‍ഹമാം വിധം നിര്‍വഹിച്ചു.

2017ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവാകും വരെ സംസ്ഥാന സമിതി അംഗമായിരുന്നു. അടിയന്തരാവസ്ഥ കാലത്തും തൊഴിലാളികളുടേയും കര്‍ഷകരുടേയും അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലും നിരവധി തവണ ജയില്‍ വാസം അനുഭവിച്ച സഖാവ് പി.എ മുഹമ്മദിന്റെ ജീവിതം കമ്മ്യൂണിസ്റ്റുകാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എക്കാലവും മാതൃകയായിരിക്കും.

സഖാവിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ഉറ്റവരുടേയും സഖാക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നു. സഖാവ് പി.എ മുഹമ്മദിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. ആദരാഞ്ജലികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News