സഖാവ് പി.എ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍

സഖാവ് പി.എ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സഖാവ് പി എ മുഹമ്മദിന്റെ നിര്യാണത്തില്‍ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

കാല്‍നൂറ്റാണ്ട് കാലം വയനാട്ടിലെ പുരോഗമന പ്രസ്ഥാനത്തെ നയിച്ച ധീരനായ കമ്യൂണിസ്റ്റായിരുന്നു സ. പി എ മുഹമ്മദ്. സിപിഐ എം വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ മുതല്‍ അദ്ദേഹം സെക്രട്ടറിയറ്റംഗമായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയായി. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, വൈത്തിരി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് , ദേശാഭിമാനി ഡയറക്ടര്‍ ബോര്‍ഡംഗം എന്നീങ്ങനെ വ്യത്യസ്ത മേഖലകളില്‍ സംഘാടകനായും സഹകാരിയായും സഖാവ് നേതൃപാടവം പ്രകടിപ്പിച്ചു.

സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന സ. പി എ മുഹമ്മദിന് മടക്കിമല സര്‍വീസ് സഹകരണബാങ്കില്‍ ജോലി കിട്ടിയെങ്കിലും കമ്യൂണിസ്റ്റുകാരനായതിനാല്‍ പിരിച്ചുവിടപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ വീട്ടില്‍നിന്നും ബാപ്പ ഇറക്കിവിട്ടതും സഖാവ് സ്മരിക്കാറുണ്ട്. വീട് വിട്ടിറങ്ങേണ്ടി വന്നപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളെ നെഞ്ചേറ്റി സഖാവ് മുന്നോട്ടുപോയി.

വയനാട്ടില്‍ സംഘടനാ പ്രവര്‍ത്തനത്തിനെത്തിയ കമ്യൂണിസ്റ്റ് നേതാക്കളുമായുള്ള സഹവാസവും പരന്ന വായനയും പി എ മുഹമ്മദിന്റെ പോരാട്ട വീര്യത്തിന് ഊര്‍ജ്ജം പകര്‍ന്നു. 1958ല്‍ പാര്‍ടി അംഗത്വം ലഭിച്ച അദ്ദേഹം കര്‍ഷകസംഘം വില്ലേജ് ജോയന്റ് സെക്രട്ടറിയായാണ് പ്രവര്‍ത്തനം തുടങ്ങിയത്.

1982 മുതല്‍ 2007 വരെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായിരുന്നു. 2017ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവാകും വരെ സംസ്ഥാന സമിതി അംഗമായി തുടര്‍ന്നു. അടിയന്തരാവസ്ഥ കാലത്തും തൊഴിലാളികളുടേയും കര്‍ഷകരുടേയും അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലും നിരവധി തവണ ജയില്‍ വാസം അനുഭവിച്ച ധീരനായ സഖാവാണ് വിടവാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here