രാഷ്ട്രീയത്തിന്റെ പേരില്‍ കേരളത്തെ ഇകഴ്ത്താം, അവഗണിക്കാം എന്നാല്‍ ഗുരുവിനോട് വേണോ ഈ രീതി? ജോണ്‍ ബ്രിട്ടാസ് എം പി

റിപ്പബ്ലിക്ദിന പരേഡിനായി കേരളം സമര്‍പ്പിച്ച നിശ്ചലദൃശ്യം (ടാബ്ലോ) തള്ളിയതനെതിരെ ജോണ്‍ ബ്രിട്ടാസ് എം പി. രാഷ്ട്രീയത്തിന്റെ പേരില്‍ കേരളത്തെ ഇകഴ്ത്താം, അവഗണിക്കാം എന്നാല്‍ ഗുരുവിനോട് വേണോ ഈ രീതിയെന്ന് എംപി ചോദിക്കുന്നു.

രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ ആഘോഷിക്കാനും ദേശീയഐക്യം ഉറപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് റിപ്പബ്ലിക്ദിന പരേഡില്‍ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ സ്വതന്ത്ര ഇന്ത്യ തീരുമാനിച്ചതെന്നും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ഈ ലക്ഷ്യം നേര്‍ വിപരീത ദിശയിലാണോ ഉപയോഗിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എം പി തന്റെ കുറിപ്പിലൂടെ ചോദിക്കുന്നു

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ ആഘോഷിക്കാനും ദേശീയഐക്യം ഉറപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് റിപ്പബ്ലിക്ദിന പരേഡില്‍ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ സ്വതന്ത്ര ഇന്ത്യ തീരുമാനിച്ചത് .സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ – സ്വാതന്ത്ര്യത്തിന്റെ അമൃതോത്്‌സവ ഘട്ടത്തില്‍ – ഈ ലക്ഷ്യം നേര്‍വിപരീത ദിശയിലാണോ ഉപയോഗിക്കുന്നത് ?

റിപ്പബ്ലിക്ദിന പരേഡിനായി കേരളം സമര്‍പ്പിച്ച നിശ്ചലദൃശ്യം (ടാബ്ലോ) തള്ളിയത് വിവാദമായപ്പോള്‍ അതിനുള്ള കാരണങ്ങള്‍ എന്ന് പറഞ്ഞ ഒരു റിപ്പോര്‍ട്ട് ഡല്‍ഹി ഡേറ്റ് ലൈനില്‍ കണ്ടു . ശ്രീനാരായണഗുരുവിനെ ഉള്‍പ്പെടുത്തിയുള്ള ജഡായുപ്പാറയുടെ രൂപശില്‍പം തള്ളിയതിനെതിരെ പ്രതിഷേധം കനക്കുമ്പോഴാണ് വിദഗ്ധസമിതിയുടേതായുള്ള ന്യായീകരണം വന്നിട്ടുള്ളത്. അതിലൊന്ന് വായിച്ചപ്പോള്‍ കൗതുകം വര്‍ദ്ധിച്ചു. രാജ്പഥിന്റെ പശ്ചാത്തലത്തിന് യോജിക്കാത്ത നിറമാണത്രേ കേരളത്തിന്റെ ടാബ്ലോക്ക്. സെന്‍ട്രല്‍ വിസ്താര പദ്ധതിക്കുവേണ്ടി രാജ്പഥ് ഉഴുതു മറിച്ചിട്ടിരിക്കുകയാണ്. ഇതിനുപറ്റിയ നിറഭേദം എന്തായിരിക്കും?!

പ്രതിരോധത്തിലായ കേന്ദ്ര സര്‍ക്കാര്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ് പുതിയ ന്യായവാദങ്ങള്‍ എന്ന് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അറിയാം.

കേരളത്തിന്റെ നിശ്ചലദൃശ്യവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ DRDO ഓഫീസില്‍ വിദഗ്ധസമിതി /ജൂറിക്ക് മുമ്പാക്കെ അഞ്ച് യോഗങ്ങളാണ് നടന്നത്. അഞ്ചും നടന്നത് കഴിഞ്ഞ വര്‍ഷം അവസാനം നവംബര്‍12,
നവംബര്‍ 25, ഡിസംബര്‍ 2 , ഡിസംബര്‍ 10, ഡിസംബര്‍ 18 എന്നീ തീയതികളില്‍ .

ആദ്യയോഗത്തില്‍ പതിവ് പോലെ, ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. അഞ്ചാറ് ഡിസൈനുകള്‍ അവതരിപ്പിക്കുന്നു. ജഡായുപ്പാറയെ മുന്‍നിര്‍ത്തിയുള്ള ഡിസൈന്‍ വളരെ നന്നായിരിക്കുന്നു എന്ന് അഭിപ്രായം ഉയരുന്നു. ഇത് കേന്ദ്രീകരിച്ച് ഡിസൈന്‍ പുഷ്ടിപ്പെടുത്ത്തി രൂപഘടന തയ്യാറാക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

ഈ ദൗത്യവുമായി കേരളം മുന്നോട്ടു പോകുന്നു . എന്നാല്‍ രണ്ടാം യോഗത്തില്‍ ഒരു ബന്ധവും ഇല്ലാത്ത നിര്‍ദേശം ഒരു ജൂറി അംഗത്തിന്റെ ഭാഗത്തു നിന്ന് ഉയരുന്നു – ആദിശങ്കരനെ മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഡിസൈന്‍ തയ്യാറാക്കാം

കേരളം ഇക്കാര്യത്തിലുള്ള വിയോജിപ്പ് അറിയിക്കുന്നു. മാത്രമല്ല, ശ്രീനാരായണ ഗുരു ഭാഗഭാക്കാകുന്ന ദൃശ്യരൂപത്തിന്റെ 3D മോഡല്‍ സമര്‍പ്പിക്കുന്നു. നവോത്ഥാനനായകനായ ഗുരുവിന്റെ പ്രാധാന്യവും ജഡായുപ്പാറയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ അദ്ദേഹത്തിന്റെ ആശ്രമം സ്ഥിതി ചെയ്യുന്ന കാര്യവുമൊക്കെ വിശദീകരിക്കുന്നു. തുടര്‍ന്നുള്ള ചോദ്യം ആയിരുന്നു വിചിത്രം . ആദിശങ്കരനെയും ശ്രീനാരായണഗുരുവിനേയും ഒരുമിച്ച് ദൃശ്യത്തിന്റെ ഭാഗമാക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉയരുന്നു . സംസ്ഥാനത്തിന്റെ നിലപാട് കേരളത്തിന്റെ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു പറയുന്നു.

അവസാന യോഗം നടന്ന ഡിസംബര്‍ 18 ന് ആദിശങ്കരന്‍ വീണ്ടും ഉയര്‍ന്നു വരുന്നു. കേരളത്തിന്റെ നിലപാട് ആവര്‍ത്തിക്കപ്പെടുന്നു. മാത്രമല്ല, രണ്ടുപേരുംകൂടി വരുന്നത് ഈസ്തറ്റിക്കലി ശരിയാകില്ലെന്നും വ്യക്തമാക്കുന്നു. സംസ്ഥാനത്തിന് ഇക്കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സൂചിപ്പിക്കപ്പെടുന്നു. ടാബ്ലോയുടെ ഒപ്പമുള്ള മ്യൂസിക്കിന്റെ രണ്ടുമൂന്ന് വകഭേദം വര്‍ക്ക് ചെയ്യാന്‍ പറഞ്ഞ് മീറ്റിംഗ് അവസാനിപ്പിക്കുന്നു.

പ്രഥമയോഗത്തില്‍ത്തന്നെ വളരെ നല്ല ഡിസൈന്‍ എന്ന് ജൂറി അഭിപ്രായപ്പെട്ട കേരളത്തിന്റെ ഡിസൈന്‍ ഒഴിവാക്കപ്പെട്ടു എന്നറിഞ്ഞ് ഡിസംബര്‍ 31ന് കേരളത്തിന്റെ ചീഫ് സെക്രട്ടറി കേന്ദ്രത്തിന് എഴുതി. പിന്നീട് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളുടെ യോഗം വിളിച്ചപ്പോള്‍ കേരളം ഔട്ടായി എന്ന് സ്ഥിരീകരിക്കപ്പെടുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. നിശ്ചലദൃശ്യത്തിന്റെ നാള്‍വഴികളും ജൂറിയില്‍ നടന്ന ആശയവിനിമയവും പരിശോധിച്ചാല്‍ എന്താണ് യഥാര്‍ഥത്തില്‍ നടന്നത് എന്ന് വ്യക്തമാകും. രാഷ്ട്രീയത്തിന്റെ പേരില്‍ കേരളത്തെ ഇകഴ്ത്താം , അവഗണിക്കാം എന്നാല്‍ ഗുരുവിനോട് വേണോ ഈ രീതി?!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News