സിപിഐ (എം) കാസർകോഡ് ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. 36 അംഗ ജില്ലാ കമ്മറ്റിയെയും 10 അംഗ സെക്രട്ടേറിയറ്റിനെയും സമ്മേളനം തിരഞ്ഞെടുത്തു. കൊവിഡ് സാഹചര്യത്തിൽ മൂന്ന് ദിവസത്തെ സമ്മേളനം ഒരു ദിവസം കൊണ്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കി പിരിയുകയായിരുന്നു.
മടിക്കൈ അമ്പലത്തുകരയിൽ നടന്ന പ്രതിനിധി സമ്മേളനം ഐക്യകണ്ഠേനയാണ് ജില്ലാ കമ്മറ്റിയെയും ജില്ലാ സെക്രട്ടറിയെയും തിരഞ്ഞെടുത്തത്. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗമായ എം വി ബാലകൃഷ്ണൻ രണ്ടാം തവണയാണ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഖാദി ബോർഡ് വൈസ് ചെയർമാൻ, കാസർകോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, കയ്യൂർ – ചീമേനി പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. കൊവ്വൽ എയുപി സ്കൂളിലെ പ്രധാനാധ്യാപകനായിരിക്കെ ജോലി രാജിവച്ച് പൂർണസമയ പ്രവർത്തകനായി.
കെഎസ് വൈ എഫിലൂടെ രാഷ്ട്രീയരംഗത്തെത്തിയ എം വി ബാലകൃഷ്ണൻ 1984ൽ പാർടി ജില്ലാകമ്മിറ്റിയംഗവും 1996 മുതൽ ജില്ലാസെക്രട്ടേറിയറ്റംഗവുമായി. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കൊവിഡ് സാഹചര്യത്തിൽ സമ്മേളനം വെട്ടി ചുരുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു.
ജില്ലാ കമ്മറ്റിയിലും സെക്രട്ടേറിയറ്റിലും ഓരോ അംഗങ്ങൾ വർധിച്ചു. ജില്ലാ കമ്മറ്റിയിൽ 4 വനിത അംഗങ്ങളാണുള്ളത്. 7 പേർ പുതുമുഖങ്ങളാണ്. 19 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.