ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയില്ല; എക്സിക്യുട്ടീവ് എന്‍ജിനീയറെ സ്ഥലംമാറ്റി മന്ത്രി മുഹമ്മദ് റിയാസ്

വെള്ളിയാഴ്ച മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ജില്ലാ ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളുടെ കെട്ടിടനിര്‍മാണത്തിന്റെ പുരോഗതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ കഴിയാതിരുന്ന എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് സ്ഥലംമാറ്റം.

പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഇന്ദുരാജിനെയാണ് പാലക്കാട് ബ്രിഡ്ജസ് വിഭാഗത്തിലേക്ക് മാറ്റിയത്. എം.എല്‍.എ.മാരും വിവിധ വകുപ്പ് മേധാവിമാരും പങ്കെടുത്ത യോഗം നാലുമണിക്കൂറോളം നീണ്ടു.

മന്ത്രി പൂര്‍ണസമയം പങ്കെടുത്തു. ഓരോ ജില്ലയിലും വര്‍ഷത്തില്‍ നാലുയോഗത്തില്‍ വീതം മന്ത്രി പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. വിവിധ മണ്ഡലങ്ങളിലെ പി.ഡബ്ലു.ഡി.യുടെ നിര്‍മാണജോലികളാണ് അവലോകനം ചെയ്തത്.

2016-ല്‍ കരാറുകാരനെ ഒഴിവാക്കിയ ഒരു പ്രവൃത്തി റീ-ടെന്‍ഡര്‍ ചെയ്യാത്തതെന്താണെന്ന് മന്ത്രി ചോദിച്ചു. പല പ്രവൃത്തികളുടെയും നിലവിലെ സ്ഥിതി സംബന്ധിച്ച് എന്‍ജിനീയര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാനായില്ല.

കോടതിയില്‍ കേസുള്ളതുകൊണ്ടാണെന്ന് എന്‍ജിനീയര്‍ പറഞ്ഞു. കോടതിയുടെ സ്റ്റേയുണ്ടോ, സ്റ്റേയുണ്ടെങ്കില്‍ മാറ്റാന്‍ നടപടിയെടുത്തോ എന്ന മന്ത്രിയുടെ ചോദ്യത്തിന് മറുപടിയുണ്ടായില്ല. ജില്ലയിലെ വിവിധ വകുപ്പുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നില്ലെന്ന് കളക്ടര്‍ അഫ്സാന പര്‍വീണ്‍ ചൂണ്ടിക്കാട്ടി.

എം.എല്‍.എ.മാരും ഇക്കാര്യം ഉന്നയിച്ചു. 2016-ലും 2018-ലും അനുമതി ലഭിച്ച പല പണികളും പൂര്‍ത്തിയായിട്ടില്ല. യോഗം കഴിഞ്ഞയുടന്‍ എന്‍ജിനീയറെ സ്ഥലം മാറ്റി മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here