സ്വര്‍ണം കുറഞ്ഞതോടെ കിരണ്‍ വിസ്മയയെ ഉപദ്രവിക്കാന്‍ തുടങ്ങി; അവിഹിതം ബന്ധമുണ്ടെന്ന് വരുത്തിതീര്‍ക്കാനും ശ്രമം

സ്വര്‍ണം ലോക്കറില്‍ വയ്ക്കാന്‍ പോയപ്പോള്‍ പറഞ്ഞതിനേക്കാള്‍ കുറവ് കണ്ടതോടെയാണ് വിസ്മയയെ ഭര്‍ത്താവ് കിരണ്‍ ഉപദ്രവിച്ചു തുടങ്ങിയതെന്ന് വിസ്മയയുടെ അമ്മ സജിത വി നായര്‍. ലോക്ഡൗണ്‍ കാരണമാണ് പറഞ്ഞുറപ്പിച്ച 100 പവന്‍ നല്‍കാന്‍ കഴിയാതിരുന്നത്. യാരിസ് കാര്‍ നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് കുറേനാള്‍ കുഴപ്പമില്ലാതെയായിരുന്നു ഇവരുടെ കുടുംബജീവിതമെന്നും വിസ്മയ മരിച്ച കേസില്‍ കൊല്ലം ഒന്നാം അഡീ. സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത് മുമ്പാകെ മൊഴി നല്‍കി. വിസ്മയ കേസില്‍ മൂന്നാം സാക്ഷിയാണ് സജിത വി നായര്‍.

തുണിയെടുക്കാന്‍ പോയി മടങ്ങുംവഴി കാറിനെച്ചൊല്ലി വഴക്കുണ്ടായി. വിസ്മയയെ കിരണ്‍ കാറില്‍വച്ച് ഉപദ്രവിച്ചു. ഇതേത്തുടര്‍ന്ന് ചിറ്റുമലയിലെ ഒരുവീട്ടില്‍ അഭയംതേടി. അന്ന് വൈകിട്ട് താനും ഭര്‍ത്താവും കിരണിന്റെ വീട്ടില്‍ ചെന്നപ്പോള്‍ കൊടുക്കാമെന്നു പറഞ്ഞത് കൊടുത്താല്‍ പ്രശ്നങ്ങളെല്ലാം തീരുമെന്ന് കിരണിന്റെ അച്ഛന്‍ പറഞ്ഞു.

കാര്‍ കൊള്ളില്ല വേറെവേണമെന്നു പറഞ്ഞ് 2021 ജനുവരി രണ്ട് അര്‍ധരാത്രി മകളെ ഉപദ്രവിച്ചു. കാറില്‍ കയറ്റി വീട്ടില്‍ കൊണ്ടുവന്നിറക്കി പ്രശ്നങ്ങളുണ്ടാക്കി. എന്നിട്ടും മകള്‍ പ്രതിയുടെ വീട്ടില്‍ കഴിഞ്ഞു. അതിനുകാരണം ഫെബ്രുവരി എട്ടിന് നിശ്ചയിച്ച സഹോദരന്‍ വിജിത്തിന്റെ വിവാഹസമയം വീട്ടില്‍ നിന്നാല്‍ നാട്ടുകാരുടെ മുന്നില്‍ കുറച്ചിലാകുമെന്ന വിസ്മയയുടെ തോന്നലായിരുന്നു.

മകള്‍ പീഡനവിവരം പറഞ്ഞതിനെ തുടര്‍ന്ന് സമുദായ സംഘടനകളെ വിവരമറിയിച്ചു. വിഷയം മാര്‍ച്ച് 25ന് ചര്‍ച്ചചെയ്യാനിരിക്കെ 17ന് കിരണിന്റെ ജന്മദിനത്തിന്റെ അന്ന് വിസ്മയ കിരണിനൊപ്പം പോയി. അതിനുശേഷം കിരണിന്റെ വീട്ടിലായിരുന്നു. തങ്ങളെ ഫോണ്‍ ചെയ്യാന്‍ പോലും മകളെ അനുവദിച്ചില്ല. ഇതിനിടെ ഒരുദിവസം വിസ്മയയുമായി സംസാരിച്ചിരിക്കെ ഫോണ്‍ തട്ടിപ്പറിച്ച് തന്നെ ചീത്ത പറഞ്ഞെന്നും സജിത മൊഴിനല്‍കി.

മകള്‍ തന്നെ ഫോണിലും വാട്സാപ്പിലുമാണ് വിളിച്ചിരുന്നത്. വിസ്മയയ്ക്കു ദോഷകാലമാണെന്ന് ജ്യോത്സ്യന്‍ പറഞ്ഞതിനാല്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ അവളോട് പറഞ്ഞിരുന്നു. കാറില്‍വച്ച് കിരണ്‍ വിസ്മയയെ ചീത്ത വിളിക്കുന്നതും വിസ്മയയുടെ അച്ഛനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും സ്ത്രീധന ആരോപണമുയര്‍ന്നാല്‍ വിസ്മയയ്ക്ക് മറ്റു ബന്ധങ്ങളുണ്ടായിരുന്നെന്ന് കഥ അടിച്ചിറക്കുമെന്ന് കിരണും സഹോദരി ഭര്‍ത്താവ് മുകേഷുമായുള്ള ഫോണ്‍ സംഭാഷണവും കിരണിന്റെ ശബ്ദവും സജിത കോടതിയില്‍ തിരിച്ചറിഞ്ഞു. പ്രതിഭാഗം കോടതിയില്‍ കേള്‍പ്പിച്ച വിസ്മയയുടെയും സാക്ഷിയുടെയും ശബ്ദവും സജിത തിരിച്ചറിഞ്ഞു. സാക്ഷിയുടെ എതിര്‍ വിസ്താരം തിങ്കളാഴ്ച തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News