അടുത്ത മാസം ബെംഗളുരുവിൽ നടക്കുക 2018 ന് ശേഷമുള്ള ആദ്യ ഐപിഎല്‍ മെഗാതാരലേലം

2018 ന് ശേഷമുള്ള ആദ്യ IPL മെഗാതാരലേലമാണ് അടുത്ത മാസം ബെംഗളുരുവിൽ നടക്കുക. മലയാളി പേസർ എസ് ശ്രീശാന്തിന് 50 ലക്ഷം രൂപയാണ് താരലേലത്തിലെ അടിസ്ഥാന വില.

ഫെബ്രുവരി 12, 13, തീയ്യതികളിലായി ബെംഗളുരുവിൽ മെഗാ താരലേലം നടക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അഹമ്മദാബാദ്, ലഖ്നൗ ടീമുകൾ കൂടിയെത്തുന്നതിനാൽ പതിനഞ്ചാം എഡിഷൻ ഐപിഎൽ ടീമുകളുടെ എണ്ണം പത്തായി ഉയർന്നിട്ടുണ്ട്.

ടീമുകളുടെ വർധനവ് ലേലത്തിലെ ആവേശം പതിന്മടങ്ങ് വർധിപ്പിക്കും. 1,214 കളിക്കാർ Ipl 2022 ലെ താരലേലത്തിനായി രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ 20 നാണ് പ്ലെയർ രജിസ്ട്രേഷൻ അവസാനിച്ചത്. ബി സി സിഐ ഗവേണിംഗ് ബോഡിയാണ് താരങ്ങളുടെ അന്തിമ പട്ടിക പുറത്തിറക്കിയത്.

ആകെയുള്ള 1,214 താരങ്ങളിൽ 896 പേർ ഇന്ത്യൻ താരങ്ങളും 318 പേർ വിദേശ താരങ്ങളും ഉൾപ്പെടുന്നു. 270 താരങ്ങൾ ദേശീയ ടീമിനായി അരങ്ങേറിയവരാണ്. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടി രൂപ വിലയിട്ട 49 കളിക്കാരെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 17 ഇന്ത്യക്കാരും 32 വിദേശ താരങ്ങളുമാണ് പൊന്നും വിലയുള്ള താരങ്ങളുടെ പട്ടികയിലുള്ളത്.

അശ്വിൻ, ചഹൽ, ദീപക് ചഹർ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക് , ഇഷാൻകിഷൻ, ഭുവനേശ്വർ കുമാർ , ദേവ്ദത്ത് പാടിക്കൽ ,ക്രുനാൽ പാണ്ഡ്യ, ഹർഷൽ പട്ടേൽ സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, ഷമി, ശാർദുൽ , ഉത്തപ്പ , ഉമേഷ് യാദവ്, എന്നിവരാണ് 2 കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ.

മലയാളി പേസർ എസ് ശ്രീശാന്തും മെഗാ താരലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെഗാ താരലേലത്തിൽ ശ്രീശാന്തിന്റെ പ്രാരംഭ വില 50 ലക്ഷം രൂപയാണ്. 2013 ൽ രാജസ്ഥാൻ റോയൽസിനായി ശ്രീ ഐ പി എൽ കളിച്ചിരുന്നു. തന്റെ ഐപിഎൽ കരിയറിന്റെ ചുരുങ്ങിയ കാലയളവിൽ 44 മത്സരങ്ങളിൽ നിന്ന് 40 വിക്കറ്റും മലയാളി പേസർ വീഴ്ത്തിയിട്ടുണ്ട്.

കഴിഞ്ഞ സീസണിലും ശ്രീശാന്ത് താരലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ലേലത്തിന് പരിഗണിക്കുന്ന താരങ്ങളുടെ അന്തിമ പട്ടികയിൽ ഇടം നേടാൻ സാധിച്ചിരുന്നില്ല.ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിനെ 15 കോടി അടിസ്ഥാന വിലയ്ക്ക് പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗ ടീം സ്വന്തമാക്കിയിരുന്നു.

11 കോടി രൂപയ്ക്ക് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്, 4 കോടിക്ക് ലെഗ് സ്പിന്നർ രവി ബിഷ്ണോയി എന്നിവരെയും ടീമിലെത്തിച്ചിട്ടുണ്ട്. മെഗാ താരലേലത്തിൽ ലഖ്നൗ ടീമിന് 60 കോടി ബാക്കി ഉണ്ടാകും. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹാർദിക് പാണ്ഡ്യ മറ്റൊരു പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ ക്യാപ്ടനായേക്കുമെന്നാണ് സൂചന.

റാഷിദ് ഖാൻ , ശുഭ്മാൻ ഗിൽ എന്നീ താരങ്ങളെ അഹമ്മദാബാദ് ടീമിലെത്തിച്ചിട്ടുണ്ട്. അതേസമയം മിച്ചൽസ്റ്റാർക്ക്, ബെൻസ്റ്റോക്ക്സ്, ക്രിസ് ഗെയിൽ, ക്രിസ് വോക്സ്, ജോഫ്ര ആർച്ചർ സാം കറൻ എന്നിവർ താരലേലത്തിൽ നിന്നും വിട്ടുനിൽക്കും. ഏപ്രിൽ 2 നാണ് IPL പതിനഞ്ചാം എഡിഷന് തുടക്കമാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News