നഗരമാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതി ഊര്‍ജ്ജിതപ്പെടുത്തും; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്തെ നഗരങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളായ മാലിന്യ സംസ്‌കരണവും സാനിറ്റേഷന്‍ പ്രശ്നങ്ങളും ശാശ്വതമായി പരിഹരിക്കുന്നതിന് കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി നഗരസഭകള്‍ക്ക് ആവശ്യമായ മാനവ വിഭവശേഷിയും സാങ്കേതിക വിദ്യകളും ഉപദേശ നിര്‍ദേശങ്ങളും നല്‍കി ചുമതലകള്‍ നിര്‍വഹിക്കാന്‍ നഗരസഭകളെ പ്രാപ്തമാക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും. വികേന്ദ്രീകൃതവും കേന്ദ്രീകൃതവുമായ ഖരമാലിന്യ പരിപാലന പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയാണ് പദ്ധതി മുന്നോട്ടുപോവുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാവീണ്യമുള്ള സാങ്കേതിക വിദഗ്ധരുടെ സേവനം ഈ പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ തലങ്ങളിലും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ലോകബാങ്ക് സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏഷ്യന്‍ ഇന്‍ഫ്രസ്ട്രക്ചര്‍ ഇന്‍വെസ്റ്റ് ബാങ്കും സഹകരിക്കുന്നുണ്ട്. പദ്ധതിയുടെ അടങ്കല്‍തുകയായ 2100 കോടിയുടെ 50 ശതമാനവും നഗരസഭകള്‍ക്ക് നേരിട്ട് ലഭ്യമാവും. അതിന്റെ 40 ശതമാനം നഗരസഭകള്‍ക്ക് കൈമാറാനുള്ള പ്രാരംഭനടപടികളുമായി മുന്നോട്ടുപോവുകയാണ്.

പദ്ധതിയുടെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് 93 നഗരസഭകളും ശുചിത്വമിഷനുമായി ഉടമ്പടി കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി എല്ലാ നഗരങ്ങള്‍ക്കും അഞ്ചുവര്‍ഷത്തെ ഖരമാലിന്യ പരിപാലന പദ്ധതികള്‍ തയ്യാറാക്കാനുള്ള സഹായവും ബഹുവര്‍ഷ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ ആവശ്യമായ ഉപദേശങ്ങളും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

പാരിസ്ഥിതിക സാമൂഹിക ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരിസ്ഥിതിക്ക് യാതൊരുവിധ ആഘാതവുമുണ്ടാക്കാതെയാണ് പദ്ധതി നടപ്പിലാക്കുക. വികേന്ദ്രീകൃത -കേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി മേഖലാ തലത്തില്‍ സൃഷ്ടിക്കുന്ന കേന്ദ്രീകൃത മാലിന്യ പരിപാലന കേന്ദ്രങ്ങളുടെയും സാനിറ്ററി ലാന്‍ഡ്ഫില്‍ സൈറ്റുകളുടേയും നിര്‍മ്മാണ മേല്‍നോട്ട ചുമതലകള്‍ ശുചിത്വ മിഷനായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി എല്ലാ നഗരങ്ങളിലും മാലിന്യ ബാങ്കുകളും വേസ്റ്റ് ട്രേഡ് സെന്ററുകളും ആരംഭിക്കും.

ഇ -വേസ്റ്റ്, കെട്ടിടങ്ങള്‍ പൊളിക്കുമ്പോഴുള്ള മാലിന്യങ്ങള്‍, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാനും സംവിധാനമൊരുക്കും. നഗരങ്ങളിലെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി സംസ്‌കരിക്കാതിരിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ ബയോമൈനിംഗ് നടത്തി സംസ്‌കരിക്കും.

കൊച്ചി ബ്രഹ്മപുരത്ത് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ മോഡല്‍ തുംബൂര്‍മുഴി മാലിന്യ പരിപാലന സംവിധാനം പോലുള്ള മാതൃകകള്‍ വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. വരുന്ന മാര്‍ച്ച് മാസത്തോടെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതി പൂര്‍ണ്ണസജ്ജമായി പ്രവര്‍ത്തിക്കുമെന്നും മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം വൈകാതെ കൈവരിക്കുമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News