ഗൂഢാലോചന കേസ്: ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി; ചോദ്യം ചെയ്യല്‍ ആരംഭിച്ചു

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 8.55ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ് ഹാജരായത്. കേസിലെ മറ്റ് പ്രതികളും ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

കേസില്‍ മുന്‍കൂര്‍ ജ്യാമാപേക്ഷ സമര്‍പ്പിച്ച പ്രതികളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി ശനിയാഴ്ചയാണ് നിര്‍ദേശിച്ചത്. കേസിലെ 5 പ്രതികളും ഞായര്‍ മുതല്‍ ചൊവ്വ വരെ രാവിലെ 9 മുതല്‍ രാത്രി 8 വരെ ചോദ്യം ചെയ്യലിന് വിധേയമാവണമെന്നായിരുന്നു നിര്‍ദേശം.

പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കുറ്റകൃത്യം സംബന്ധിച്ച് ലഭിച്ച തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി എ ഷാജിയുടെ വാദം കണക്കിലെടുത്തായിരുന്നു കോടതി നടപടി.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലല്ലാതെ മറ്റാരു തെളിവും പ്രതികള്‍ക്കെതിരെയില്ലെന്ന് ബോധിപ്പിച്ച് സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് കോടതി ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചത്. ആരോപണങ്ങള്‍ അതീവ ഗുരുതരമാണന്നും വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി.

പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച രാവിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി നാരായണന്‍ വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുന്നത് തടയണമെന്ന പ്രതികളൂടെ ആവശ്യം കോടതി നിരസിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ പോലീസ് പീഡനം പാടില്ലന്ന് നിര്‍ദേശിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും അനുകൂല നിര്‍ദേശം നല്‍കാന്‍ കോടതി വിസമ്മതിച്ചു. എങ്ങനെയാവണം ചോദ്യം ചെയ്യല്‍ എന്ന് നിര്‍ദേശിക്കാനാവില്ലന്ന് കോടതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here