ഐ എസ് എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍

ഐ എസ് എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ . രാത്രി 7:30 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ബെംഗളുരു ഗോവയെ നേരിടും. രാത്രി 9:30 ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാന് ഒഡീഷ എഫ്.സിയാണ് എതിരാളി.

നടപ്പ് സീസണില്‍ 11 മത്സരങ്ങള്‍ കളിച്ച ബെംഗളുരുവിനും 12 മത്സരങ്ങള്‍ കളിച്ച എഫ്.സി ഗോവക്കും 13 പോയിന്റ് വീതമാണ് ഉള്ളത്. മുന്‍ ചാമ്പ്യന്മാരായ ബെംഗളുരു ഇതിനകം വഴങ്ങിയത് നാല് തോല്‍വികളാണ്. ഇനിയൊരു പരാജയം ടൂര്‍ണമെന്റ് സാധ്യതകളെ പാടെ തകിടം മറിക്കുമെന്നതിനാല്‍ സുനില്‍ ഛേത്രിയുടെ സംഘം കരുതലോടെയാണ്.

ഏറ്റവും ഒടുവില്‍ കളിച്ച മത്സരത്തില്‍ മുംബൈ സിറ്റിയുടെ വലയില്‍ കാല്‍ ഡസന്‍ ഗോളുകള്‍ നിറച്ചതിന്റെ ആവേശത്തിലാണ് ബെംഗളുരുവിന്റെ നീലക്കടുവകള്‍. ഇബാര -സില്‍വ-ഉദാന്ത ത്രയം മിന്നും പ്രകടനം തുടര്‍ന്നാല്‍ ബെംഗളുരുവിന് ആശങ്കയേതുമില്ല. മലയാളി താരം ആശിഖ് കുരുണിയനും ഫോമിലാണ്.

അതേസമയം ഈസ്റ്റ് ബംഗാളിനെതിരെ തോല്‍വി പിണഞ്ഞതിന്റെ സമ്മര്‍ദ്ദത്തിലാണ് ഗോവ. ഇതിനകം 5 കളികള്‍ തോറ്റ ഗൌറുകള്‍ക്ക് വിജയം കൂടിയേ തീരൂ. ഗ്ലെന്‍ മാര്‍ട്ടിന്‍സും എഡു ബെദിയയുമാണ് ടീമിലെ പ്ലേമേക്കര്‍മാര്‍. ആദ്യപാദത്തില്‍ ടീമുകള്‍ മുഖാമുഖം വന്നപ്പോള്‍ ഗോവക്കായിരുന്നു വിജയം.

ബമ്പോളിമില്‍ നിന്നും വിജയമില്ലാതെ ഡെറിക് പെരേരയുടെ ശിഷ്യര്‍ക്ക് മടക്കമില്ല. രാത്രി 9:30 ന് ഫറ്റോര്‍ദയില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ എ ടി കെ മോഹന്‍ ബഗാന് ഒഡീഷ എഫ്.സിയാണ് എതിരാളി. 9 മത്സരങ്ങളില്‍ നിന്നും 15 പോയിന്റാണ് എ.ടി.കെ യുടെ സമ്പാദ്യം.

അഞ്ചാം വിജയം തേടിയാണ് ലിസ്റ്റന്‍ കൊളാക്കോവും റോയ് കൃഷ്ണയും ഹ്യൂഗോ ബൌമാസും അടങ്ങുന്ന സംഘം ഇറങ്ങുന്നത്. 11 മത്സരങ്ങളില്‍ നിന്നും 16 പോയിന്റുള്ള ഒഡീഷ എഫ്.സിയുടെ വജ്രായുധം ജാവി ഹെര്‍ണാണ്ടസാണ്. വിദേശ താരം അരിഡായ് യുടെ ഗോളടി മികവും കലിംഗ വോറിയേഴ്‌സിന് ഗുണം ചെയ്യും. ആറാം വിജയം തേടി ഒഡീഷയും വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് എ.ടി.കെ വമ്പന്മാരും കൊമ്പുകോര്‍ക്കുമ്പോള്‍ ഫറ്റോര്‍ദയില്‍ ആവേശത്തിന് ഒട്ടും കുറവുണ്ടാകില്ല. വാശിയേറിയ സൂപ്പര്‍സണ്‍ഡേ പോരാട്ടങ്ങള്‍ക്കാണ് ഐ എസ് എല്‍ സാക്ഷ്യം വഹിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News