ഞായറാഴ്ച്ച നിയന്ത്രണം; മധ്യകേരളത്തിലും പരിശോധനകള്‍ കര്‍ശനം

ഞായറാഴ്ച്ച നിയന്ത്രണത്തിന്റെ ഭാഗമായി മധ്യകേരളത്തിലും പരിശോധനകള്‍ കര്‍ശനമായി നടക്കുകയാണ്. അനാവശ്യമായി പുറത്തിറങ്ങിയവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ ഇടുക്കിയിലെ സംസ്ഥാന അതിര്‍ത്തി കടന്ന് അവശ്യസര്‍വ്വീസുകള്‍ മാത്രമാണ് എത്തുന്നത്.

അത്യാവശ്യക്കാര്‍ ഒഴികെയുള്ളവര്‍ പുറത്തിറങ്ങാതെ ഞായറാഴ്ച നിയന്ത്രണങ്ങളോട് സഹകരിക്കുന്ന കാഴ്ചയാണ് മധ്യകേരളത്തില്‍ കണ്ടത്. എറണാകുളം ജില്ലയില്‍ പോലീസിന്റെയും സെക്ടറല്‍ മജിസ്‌ട്രേട്രേറ്റുമാരുടെയും നേതൃത്വത്തിലാണ് കര്‍ശന പരിശോധന തുടരുന്നത്.കൊച്ചി സിറ്റിയിലെ പ്രധാന ജംങ്ക് ഷനുകളില്‍ ഉള്‍പ്പടെ വാഹനയാത്രക്കാരെ പരിശോധനകള്‍ക്ക് ശേഷമാണ് പോലീസ് കടത്തിവിടുന്നത്.

റൂറല്‍ മേഖലയില്‍ ആയിരത്തി അഞ്ഞൂറ് പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്.പൊതുഗതാഗതം പൊതുവേ നിശ്ചലമായിരുന്നെങ്കിലും മെഡിക്കല്‍ കോളേജിലേയ്ക്ക് ഉള്‍പ്പടെ അത്യാവശ്യ യാത്രക്കാര്‍ക്കായി പരിമിതമായ തോതില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തി.അതേ സമയം യാത്രക്കാര്‍ കുറവായിരുന്നെങ്കിലും കൊച്ചി മെട്രൊയും സാധാരണ നിലയില്‍ സര്‍വ്വീസ് നടത്തി.

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ പരിശോധനകള്‍ ശക്തമായി തുടരുകയാണ്.തമിഴ്‌നാട്ടില്‍ ഇന്ന് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അതിര്‍ത്തി മേഖലകള്‍ പൂര്‍ണ്ണമായി അടഞ്ഞ് കിടക്കുകയാണ്. ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകള്‍ മാത്രമാണ് അതിര്‍ത്തി കടന്നെത്തിയത്.

വരും ദിവസ്സങ്ങളില്‍ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. ആലപ്പുഴയിലും ശക്തമായ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പരിമിതമായ തോതില്‍ മാത്രമാണ് ബോട്ടുകള്‍ ഉള്‍പ്പടെ സര്‍വ്വീസ് നടത്തിയത്. ടൂറിസം മേഖലയും നിശ്ചലമായിരുന്നു. കോട്ടയം ജില്ലയിലും ഞായറാഴ്ച നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ശക്തമായ പരിശോധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News